കാവനിലെ ബിനി സന്തോഷിന് അയര്‍ലണ്ടിലെ നഴ്സ് ഓഫ് ദി ഇയര്‍ ബഹുമതി,മലയാളികള്‍ക്ക് അഭിമാനിക്കാം,ഇത് അര്‍പ്പണബോധത്തിനുള്ള അംഗീകാരം

കാവന്:അയര്‍ലണ്ടിലെ നൂറുകണക്കിന് നഴ്സിംഗ് ഹോമുകളുടെ നിയന്ത്രണസമിതിയായ നഴ്സിംഗ് ഹോം അയര്‍ലണ്ടിന്റെ ഈ വര്‍ഷത്തെ ബെസ്റ്റ് നഴ്സ് അവാര്‍ഡ് കരസ്ഥമാക്കി കാവനിലെ ബിനി സന്തോഷ് അയര്‍ലണ്ടിലെ മലയാളി സമൂഹത്തിന് അഭിമാനമായി.കാവന് എസ്ക്കര്‍ നഴ്സിംഗ് ഹോമില്‍ സിഎന്‍ എമ്മായി ജോലി ചെയ്യുന്ന ബിനി ഫൈനല്‍ റൗണ്ടിലെത്തിയ പ്രശസ്തരായ മറ്റു രണ്ടു പേരെ പിന്നിലാക്കിയാണ് ഈ നേട്ടം കൊയ്തെടുത്തത്.ആകെ എണ്‍പത് നഴ്സുമാരാണ് പ്രാഥമിക ഘട്ടത്തില്‍ അവാര്‍ഡിന് പരിഗണിക്കപ്പെട്ടത്.
2005ല്‍ അയര്‍ലണ്ടിലെത്തിയ ബിനി സന്തോഷ് ജെര്ണറ്റോളജി ആന്‍ഡ് മാനേജ്മെന്റില്‍ ബിരുദം നേടിയ ശേഷം സ്തുത്യര്‍ഹമായ രീതിയിലാണ് രാജ്യത്തിനു വേണ്ടി തൊഴില്‍ മേഖലയില്‍ പ്രവര്‍ത്തനം നടത്തിയതെന്ന് വിലയിരുത്തിയ അവാര്‍ഡ് സമിതി ബിനിയുടെ കഠിനാദ്ധ്വാനത്തെയും നിശ്ചയദൃഢതയെയും അവാര്‍ഡിലൂടെ അംഗീകരിക്കുകയായിരുന്നു.യൂണിവേഴ്സിറ്റി ഓഫ് സുറിയില്‍ നിന്നും പേഴ്സണ്‍ സെന്ട്രേഡ് ഡിമെന്‍ഷ്യ കെയറില്‍ ഹയര്‍ ഡിപ്ലോമ നേടാനും ഇതിനിടയില്‍ സമയം കണ്ടെത്തി.ഇത് വഴി പോളിഫാര്‍മസി സംവിധാനം ജോലി സ്ഥലത്ത് നടപ്പാക്കാന്‍ ബിനിയ്ക്ക് കഴിഞ്ഞതും പരക്കെ അംഗീകരിക്കപ്പെട്ടു.
നഴ്സിംഗില്‍ ബിരുദാനന്തര ബിരുദം നേടി ഇന്ത്യയില്‍ പ്രൊഫസറായി ജോലി ചെയ്ത ശേഷമാണ് അയര്‍ലണ്ടിലേക്ക് ബിനി എത്തിയത്.ബിനിയുടെ പഠനത്തിലും ജോലിയിലുമെല്ലാം ഭര്‍ത്താവ് കൊല്ലം കൊട്ടറ സ്വദേശിയായ സന്തോഷ് ചാക്കോയുടെ പൂര്ണ്ണപിന്തുണയും തുണയായി.വിദ്യാര്‍ഥികളായ നിതീഷ് ,ബീപീഷ് എന്നിവരാണ് മക്കള്‍.
ആദ്യകാലം മുതല്‍ കാവനിലെ മലയാളി സമൂഹവുമായി സജീവബന്ധം പുലര്‍ത്തുന്ന ബിനിയുടെ നേട്ടത്തില്‍ കാവന് മലയാളി സമൂഹം ഒന്നടങ്കം സന്തോഷത്തിലാണ്.
പുതിയ അവാര്‍ഡ് ജോലി മേഖലയില്‍ കൂടുതല്‍ അര്‍പ്പണബോധവും ഉത്തരവാദിത്വവും പുലര്‍ത്താനായുള്ള അവസരമായാണ് കരുതുന്നതെന്ന് ബിനി ഐറിഷ് മലയാളിയോട് പറഞ്ഞു.
പരീക്ഷണങ്ങള്‍ വിജയമായി,ഈ മലയാളിയുടെ നേട്ടങ്ങള്‍ അയര്‍ലണ്ടിന് മാതൃകയാവുന്നു
തമിഴ് നാട്ടിലെ ക്രിസ്ത്യന്‍ നഴ്സിംഗ്കോളജില് നിന്നും നഴ്സിംഗ് പഠനം പൂര്‍ത്തിയാക്കിയപ്പോള്‍ മുതല്‍ പുലര്‍ത്തിയ അര്‍പ്പണമനോഭാവം ബിനിയുടെ കരിയറിന് നേട്ടമായെന്ന് പറയുന്നതാവും ശരി.ബിരുദാനന്തബിരുദത്തിനു ശേഷം പരുമലയിലെ സെന്റ് ഗ്രീഗോറിയോസ് കോളജിന്റെ വൈസ് പ്രന്‍സിപ്പാള്‍ സ്ഥാനം ഏറ്റെടുക്കുമ്പോള്‍ പുതിയ തലമുറയ്ക്ക് വഴികാട്ടാനുള്ള അദമ്യമായ ആഗ്രഹമാണ് പ്രചോദനമായത്.
തുടര്‍ന്ന് അയര്‍ലണ്ടിലേക്ക് വരുമ്പോഴും ആരോഗ്യ മേഖലയില്‍ ഒരു സാധാരണ പ്രവര്‍ത്തകയായി തുടരുന്നതിലധികം സമൂഹത്തിന് എന്തെങ്കിലും കൂടുതല്‍ സംഭാവനകള്‍ നല്‍കാനായിരുന്നു ഉദ്ദേശ്യം.ജോലിയോടൊപ്പം ഡബ്ലിനില്‍ പോയി പഠനത്തിനും സമയം കണ്ടെത്തി.വെളുപ്പിന് മൂന്നരയ്ക്ക് ബസ് കയറി ഡബ്ലിനിലുള്ള പഠനസ്ഥലത്തേയ്ക്ക് പോരുമ്പോള്‍ ഭര്‍ത്താവും കൗമാരക്കാരായ മക്കളും നല്കിയ കരുതലും പ്രത്യേക പരിഗണനയും ബിനിയ്ക്ക് പ്രോത്സാഹനമായി.

കുടുംബത്തോടൊപ്പം
കാവനിലെ ഒരു സാധാരണ നഴ്സിംഗ് ഹോമില്‍ നിന്നും അയര്‍ലണ്ടില്‍ എമ്പാടും മാതൃകയാവുന്ന നഴ്സിംഗ് കെയറിന്റെ വഴി കാട്ടുന്ന ഒരു ഇന്ത്യന്‍ നഴ്സിനെ എല്ലാവരും ശ്രദ്ധിച്ചു തുടങ്ങിയതും അങ്ങനെയാണ്. ജെര്ണറ്റോളജി ആന്‍ഡ് മാനേജ്മെന്റില്‍ ലഭിച്ച പരിചയം അത്ഭുതകരമായ പരീക്ഷണങ്ങളില്‍ ഏര്‍പ്പെടുവാന്‍ ബിനിയെ സഹായിച്ചു.
സാധാരണയായി ഒരിക്കല്‍ പ്രിസ്ക്രൈബ് ചെയ്ത മരുന്നുകള്‍ കാര്യമായ പുനഃപരിശോധനകളില്ലാതെ തുടരുകയായിരുന്നു അയര്‍ലണ്ടിലെ പതിവ്.പെയിന്‍ കില്ലാറാണ് വാര്‍ദ്ധക്യത്തില്‍ എത്തിയ മിക്ക പേഷ്യന്റ്സും എപ്പോഴും ആശ്രയിച്ചിരുന്നത്.70 വയസു കഴിഞ്ഞാല്‍ അവര്‍ക്ക് കുറിയ്ക്കുന്ന മരുന്നുകള്‍ ജീവിതാന്ത്യത്തോളം തുടരുക തന്നെ.ഇതിനിടയില്‍ മറ്റു രോഗങ്ങള്‍ പിടിപെട്ടാല്‍ അതിനുള്ള ചികിത്സകളും ഉടന്‍ ആരംഭിക്കുകയായി.വേദനാ സംഹാരികള്‍ അള്‍സറിനും,അള്‍സര്‍ മറ്റു രോഗങ്ങളിലേയ്ക്കും അവ ക്രമേണ മരണത്തിലേക്കും എത്തിക്കുന്ന പതിവ് കാഴ്ചകള്‍ പുതിയ പരീക്ഷണങ്ങള്‍ക്ക് തുടക്കമിടാന്‍ ബിനിയെ പ്രേരിപ്പിച്ചു.
വേദനാ സംഹാരികള്‍ കുറച്ച് കൊണ്ട് എസ്കറില് തുടങ്ങി വെച്ച പരീക്ഷണങ്ങള്‍ക്കൊപ്പം തുടര്‍ച്ചയായ രോഗനിര്‍ണ്ണയ പുനഃ:പരിശോധനകള്‍ക്കും വഴിമാറി.പത്തും ഇരുപതും മരുന്നുകള്‍ വരെ ഓരോ ദിവസവും കഴിച്ചു കൊണ്ടിരുന്ന രോഗികള്‍ക്ക് അതിന്റെ അളവ് മൂന്നിലൊന്നു വരെയായി കുറയ്ക്കാന്‍ സാധിച്ചു.സ്ലീപ്പിംഗ് പില്‍സ് കഴിക്കാതെ ഉറങ്ങാനാവാതിരുന്ന രോഗികളെ മെഡിക്കേറ്റഡ് ഫ്രൂട്സ് അടക്കമുള്ള ഓര്‍ഗാനിക്ക് ഐസ്ക്രീമുകളുമൊക്കെ കൊടുത്ത് മ്യൂസിക്ക് തെറാപ്പിയും ചെയ്ത് ഉറക്കശീലത്തിലേയ്ക്ക് മാറ്റിയത് തന്നെ ഏവരാലും ശ്രദ്ധിക്കപ്പെട്ട പ്രത്യേകതയായിരുന്നു.
സേവനത്തിന് യാതൊരു കുറവും ഇല്ലാതെ കൂടുതല്‍ ആരോഗ്യവും,സന്തോഷവും ലഭിച്ചിരുന്ന എസ്കറിലെ റസിഡന്റ്സിനെ കണ്ട് അയര്‍ലണ്ടിലെ ആരോഗ്യകാര്യ പരിശോധനാ വിഭാഗമായ ഹിക്വാ പോലും ഇവരെ അഭിനന്ദിക്കാനെത്തി.മരുന്നുകള്‍ക്കായി നഴ്സിംഗ് ഹോമില്‍ ചിലവഴിച്ചിരുന്ന തുകയിലും ആയിരക്കണക്കിന് യൂറോയുടെ ലാഭമാണ് പുതിയ രീതി കരഗതമാക്കി നല്‍കിയത്.
ഇന്നലെ ഡബ്ലിന്‍ സിറ്റി വെസ്റ്റ് ഹോട്ടലില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ പങ്കെടുക്കുമ്പോള്‍ ബിനിയുടെ അഭിമാനം കേരളത്തില്‍ നിന്നെത്തിയ അയര്‍ലണ്ടിലെ നഴ്സുമാരെ കുറിച്ചായിരുന്നു.സ്വന്തമായ കഴിവുകളും,അര്‍പ്പണബോധവും ഏറെയുള്ള മലയാളി നഴ്സുമാര്‍ അയര്‍ലണ്ടില്‍ ജോലി ചെയ്യുമ്പോള്‍ അവര്‍ക്കെല്ലാം കൂടിയായുള്ള വിജയമാണ് തന്റെ അംഗീകാരം എന്നാണ് കരുതുന്നതെന്ന് ബിനി പറയുന്നു.ഒപ്പം ദൈവാനുഗ്രഹവും.
റെജി സി ജേക്കബ്