Monday December 05, 2016
Latest Updates

വൃക്ക രോഗം തിരിച്ചറിഞ്ഞാല്‍ ചികിത്സ എളുപ്പമാക്കാം

വൃക്ക രോഗം തിരിച്ചറിഞ്ഞാല്‍ ചികിത്സ എളുപ്പമാക്കാം
ഇന്നു സര്‍വ സാധാരണമായി കണ്ടു വരുന്ന ഒന്നാണ് വൃക്കരോഗം. മറ്റു പല രോഗങ്ങളിലുമെന്നപോലെ തിരിച്ചറിയാനെടുക്കുന്ന കാല താമസമാണ് വൃക്ക രോഗങ്ങളെയും അപകടകരമാക്കുന്നത്. ഒട്ടേറെ തരത്തിലുള്ള രോഗങ്ങള്‍ വൃക്കകളെ ബാധിക്കാറുണ്ടെങ്കിലും ഇവക്കെല്ലാം പൊതുവായി കാണപ്പെടുന്ന ചില ലക്ഷണങ്ങളുണ്ട്. ഇവ നിരീക്ഷിച്ചാല്‍ രോഗം കണ്ടത്തുന്നതും ചികിത്സയും എളുപ്പമാക്കാം.

പലപ്പോഴും വൃക്കരോഗത്തിന്റെ ലക്ഷണങ്ങള്‍ മറ്റവയവങ്ങളിലാണ് പ്രകടമാവുന്നത്. അതിനാല്‍ തന്നെ ഇവയെ കുറിച്ച് അറിഞ്ഞിരുന്നാല്‍ മാത്രമേ നേരത്തെ കണ്ടുപിടിച്ച് ചികിത്സിക്കാന്‍ സാധിക്കുകയുള്ളു. പ്രധാനമായും കണ്ടുവരുന ലക്ഷണങ്ങള്‍ ഇവയാണ്.

മുഖത്തും കാലുകളിലും, വയറിലും കാണുന്ന നീര് രോഗത്തിന്റെ മുഖ്യലക്ഷണങ്ങളിലൊന്നാണ്. കൂടാതെ വിശപ്പില്ലായ്മ, രക്തസമ്മര്‍ദം, രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് കുറയുക, ശരീരം മരുന്നുകളോട് പ്രതികരിക്കാതിരിക്കുക, നട്ടെല്ലിന്റെ അടിഭാഗത്ത് വേദന, ചൊറിച്ചില്‍, ശരീരവേദന, കാലിലും കൈയിലും കടച്ചില്‍, മൂത്രത്തിന്റെ അളവ് കുറയുക, തുടരെതുടരെ മൂത്രം പോകുക, മൂത്രത്തില്‍ രക്തമോ പഴുപ്പോ ഉണ്ടാവുക എന്നിവയെല്ലാം രോഗത്തിന്റെ ലക്ഷണമായി കാണപ്പെടാം.

പ്രമേഹരോഗികള്‍, രക്തസമ്മര്‍ദം നിയന്ത്രണവിധേയമാകാത്ത വ്യക്തികള്‍, പാരമ്പര്യമായി പ്രമേഹം, വൃക്കരോഗം, രക്തസമ്മര്‍ദം എന്നിവയുള്ളവര്‍, പുകവലി, മദ്യപാനം തുടങ്ങിയ ശീലങ്ങളുള്ളവര്‍, അമിതവണ്ണമുള്ളവര്‍, 60 വയസ്സിനു മുകളിലുള്ളവര്‍, വേദനസംഹാരികള്‍ ദീര്‍ഘകാലമായി ഉപയോഗിക്കുന്നവര്‍, മൂത്രനാളിയില്‍ ജന്മനാ വൈകല്യമുള്ളവര്‍ എന്നിവരിലാണ് രോഗ സാധ്യത കൂടുതല്‍.

യൂറിന്‍ ടെസ്റ്റ്, ആല്‍ബുമിനൂറിയ ടെസ്റ്റ്, ഐവിയു ടെസ്റ്റ്, ശരീരത്തിലെ സോഡിയം, പൊട്ടാസിയം, പ്രോട്ടീന്‍, കൊളസ്‌ട്രോള്‍, കാത്സ്യം, പഞ്ചസാര എന്നിവയുടെ പരിശോധന തുടങ്ങിയ മാര്‍ഗ്ഗങ്ങളിലൂടെ വൃക്ക രോഗം തിരിച്ചറിയാനാകും.

Scroll To Top