Thursday December 08, 2016
Latest Updates

സ്തനാര്‍ബുദം സ്വയം പരിശോധനയിലൂടെ തിരിച്ചറിയാം

സ്തനാര്‍ബുദം സ്വയം പരിശോധനയിലൂടെ തിരിച്ചറിയാം

സ്ത്രീകളില്‍ ഏറ്റവുമധികം കണ്ടുവരുന്ന കാന്‍സര്‍ വകഭേതമാണ് ബ്രെസ്റ്റ് കാന്‍സര്‍ അഥവാ സ്തനാര്‍ബുദം. മറ്റു രോഗങ്ങളെ പോലെ തന്നെ മിക്കപ്പോഴും ലക്ഷണങ്ങള്‍ മൂര്‍ധന്യാവസ്ഥയിലെത്തുമ്പോഴാവും രോഗം തിരിച്ചറിയുക. ഏതു തരം കാന്‍സറായാലും അതിന്റെ ലക്ഷണങ്ങളെ മുമ്പേ അറിയുകയാണു വേണ്ടത്. കഴിയുന്നത്ര സ്വയം പരിശോധനയിലൂടെ ലക്ഷണങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കണം. സംശയാസ്പദമായി തോന്നിയാല്‍ വിദഗ്ധപരിശോധനയും ചികിത്സയും തേടണം. പ്രധാന കാന്‍സറുകള്‍ക്കെല്ലാം ശ്രദ്ധേയമായ മുന്‍ലക്ഷണങ്ങളുണ്ട് എന്നത് അറിഞ്ഞിരിക്കേണ്ടതാണ്.

സ്തനാര്‍ബുദവുമായി ബന്ധപ്പെട്ട് നിരവധി ലക്ഷണങ്ങളുണ്ട്. ഈ ലക്ഷണങ്ങള്‍ എല്ലാം സ്തനാര്‍ബുദമാണെന്ന് ഉറപ്പിക്കാനാവില്ലെങ്കിലും, ഇവ കണ്ടാല്‍ തീര്‍ച്ചയായും വിദഗ്ധപരിശോധനയ്ക്കു വിധേയമാകണം. സ്തനത്തിലുണ്ടാകുന്ന മുഴകള്‍, സ്തനാകൃതിയില്‍ വരുന്ന മാറ്റങ്ങള്‍, തൊലിപ്പുറത്തുണ്ടാകുന്ന വ്യതിയാനങ്ങള്‍, മുലഞെട്ട് ഉള്ളിലേക്കു വലിഞ്ഞിരിക്കല്‍, മുലഞെട്ടില്‍ നിന്നു സ്രവങ്ങള്‍ വരിക, മുലഞെട്ടിന് ചുറ്റുമുണ്ടാകുന്ന നിറംമാറ്റം, മുലഞെട്ടിലുണ്ടാകുന്ന വ്രണങ്ങള്‍, കക്ഷത്തിലുണ്ടാകുന്ന വീക്കം, കൈകള്‍ അകാരണമായി വീര്‍ക്കുക തുടങ്ങിയയെല്ലാം സ്തനാര്‍ബുദലക്ഷണമായി കണ്ടേക്കാം.

സ്വയം സ്തനപരിശോധനയാണ് രോഗം കണ്ടെത്താന്‍ എറ്റവും നല്ല വഴി. 20 വയസ്സ് കഴിഞ്ഞ എല്ലാ സ്ത്രീകളും മാസത്തിലൊരിക്കലെങ്കിലും സ്തനപരിശോധന നടത്തണമെന്ന് വിദഗ്ധര്‍ പറയുന്നു. ആദ്യം കണ്ണാടിയുടെ സഹായത്തോടെ ഇരു സ്തനങ്ങളും പരിശോധിക്കുക. സ്തനങ്ങളുടെ വലിപ്പം, ആകൃതി, നിറം എന്നിവയിലെ വ്യത്യാസങ്ങള്‍ ഇതിലൂടെ നിരീക്ഷിക്കാനാവും. കൂടാതെ തള്ളവിരലും ചൂണ്ടുവിരലും ഉപയോഗിച്ചു മുലക്കണ്ണുകള്‍ അമര്‍ത്തി സ്രവങ്ങള്‍ വരുന്നുണ്ടോ എന്നു നോക്കാം.

ശേഷം നിരപ്പായ പ്രതലത്തില്‍ കിടന്നു ഇരു സ്തനങ്ങളും മുകളില്‍ നിന്നും താഴേക്കു വയറിന്റെ മുകള്‍ഭാഗം വരെയും വശങ്ങളില്‍ നിന്നും നെഞ്ചിന്റെ മധ്യഭാഗം വരെയും വിരലുകള്‍ ചേര്‍ത്തു പിടിച്ചു വൃത്താകൃതിയില്‍ ചലിപ്പിക്കുക. കൈയിലെ പെരുവിരല്‍ ഒഴികെയുള്ള വിരലുകള്‍ കൊണ്ടാണ് ഈ പരിശോധന നടത്തേണ്ടത്. ഇടതുകൈവിരലുകള്‍ കൊണ്ടു വലതുസ്തനവും വലതു കൈകൊണ്ട് ഇടതുസ്തനവും പരിശോധിക്കാവുന്നതാണ്. കക്ഷത്തിലും മൂലയിലും തടിപ്പുകള്‍ ഉണ്ടോ എന്ന് ഇതിലൂടെ കണ്ടെത്താനാവും. ആര്‍ത്തവത്തിനു ശേഷം ഒരാഴ്ച കഴിഞ്ഞു പരിശോധന നടത്തുന്നതാണ് ഉചിതം.

 

Scroll To Top