Monday December 05, 2016
Latest Updates

അയര്‍ലണ്ട് ഇന്ത്യന്‍ കമ്പനികളില്‍ നിന്ന് കൂടുതല്‍ നിക്ഷേപം തേടുന്നു; ഐഡിഎയ്ക്ക് ഇന്ത്യയില്‍ സ്ഥിരം ക്യാമ്പ് ഓഫിസ് തുറന്നു 

അയര്‍ലണ്ട് ഇന്ത്യന്‍ കമ്പനികളില്‍ നിന്ന് കൂടുതല്‍ നിക്ഷേപം തേടുന്നു; ഐഡിഎയ്ക്ക് ഇന്ത്യയില്‍ സ്ഥിരം ക്യാമ്പ് ഓഫിസ് തുറന്നു 

ന്യൂഡല്‍ഹി: അയര്‍ലണ്ട് ഇന്ത്യന്‍ കമ്പനികളില്‍ നിന്ന് കൂടുതല്‍ നിക്ഷേപം തേടുന്നു.ഇന്ത്യന്‍ കമ്പനികള്‍ക്ക് യൂറോപ്യന്‍ മാര്‍ക്കറ്റിലേക്കുള്ള പ്രവേശന കവാടമായാണ് അയര്‍ലണ്ടിനെ ഉയര്‍ത്തിക്കാട്ടുന്നത്. ഇന്ത്യന്‍ കമ്പനികളുടെ കടന്നു വരവ് കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്നും ഐറിഷ് അധികൃതര്‍ കരുതുന്നു. ഐടി, ലൈഫ് സയന്‍സ്, എഞ്ചിനീയറിംഗ് ഉള്‍പ്പെടെ വ്യത്യസ്തമായ മേഖലകളില്‍ പ്രവര്‍ത്തനം തുടങ്ങാന്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് അവസരമുണ്ടെന്ന് ഐറിഷ് ഇന്‍വെസ്റ്റ്‌മെന്റ്ആന്‍ഡ് ഡവലപ്പ്‌മെന്റ് ഏജന്‍സി (ഐഡിഎ) അധികൃതര്‍ വ്യക്തമാക്കി. നിലവില്‍  അയര്‍ലണ്ടില്‍ 27 ഓളം ഇന്ത്യന്‍ കമ്പനികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

2008 മുതല്‍ പ്രവര്‍ത്തിക്കുന്ന ഈ കമ്പനികള്‍ എല്ലാം കൂടെ അയര്‍ലണ്ടില്‍ 3,000 തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിച്ചതായി ഐഡിഎ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡെര്‍മോട്ട് ക്ലോഹെസി. അടുത്ത അഞ്ചു വര്‍ഷത്തിനകം 50 ഇന്ത്യന്‍ കമ്പനികളെ അയര്‍ലണ്ടില്‍ എത്തിക്കുകയാണ് ലക്ഷ്യമെന്നും ഐഡിഎ അധികൃതര്‍ വ്യക്തമാക്കി. ഇതിലൂടെ 6,000 തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടും. ഇന്ത്യന്‍ കമ്പനികളില്‍ നിന്ന് നിക്ഷേപം ആകര്‍ഷിക്കുന്നതിന് നിലവില്‍ ഐഡിഎ അധികൃതര്‍ ഇന്ത്യയിലുണ്ട്.ഇന്ത്യാക്കാരെ അയര്‍ലണ്ടിലേയ്ക്ക് ആകര്‍ഷിക്കാന്‍ പ്രധാന നഗരങ്ങളിലെല്ലാം ഐ ഡി എ ഓഫിസ് തുറന്നു കഴിഞ്ഞു. അതേസമയം അയര്‍ലണ്ടില്‍ നിക്ഷേപമിറക്കാന്‍ സമ്മതം മൂളിയ കമ്പനികളുടെ വിശദാംശങ്ങള്‍ പുറത്ത്
വിട്ടിട്ടില്ല.

അയര്‍ലണ്ടിലെ വിദേശ കമ്പനികളുടെ പ്രവര്‍ത്തന വിജയം, അയര്‍ലണ്ട് യൂറോപ്യന്‍ യൂണിയന്‍ അംഗമാണെന്ന മെച്ചം, പുതിയ കോര്‍പ്പറേറ്റ് നികുതി ഘടന തുടങ്ങിയവ ഇന്ത്യന്‍ കമ്പനികളെ അയര്‍ലണ്ടിലേക്ക് ആകര്‍ഷിക്കുന്ന ഘടകങ്ങളാകുമെന്ന് ക്ലോഹെസി പറഞ്ഞു. നിലവില്‍ ഇന്ത്യയും അയര്‍ലണ്ടും തമ്മില്‍ ദശലക്ഷക്കണക്കിന് ഡോളറിന്റെ വ്യാപാര കരാര്‍ നിലവിലുണ്ടെന്നും ക്ലോഹെസി കൂട്ടിച്ചേര്‍ത്തു.

Scroll To Top