Thursday December 08, 2016
Latest Updates

ഐ സി സി ട്വന്റി 20 യോഗ്യതാ മത്സരങ്ങള്‍ ഡബ്ലിനില്‍,അയര്‍ലണ്ട് ലോക ക്രിക്കറ്റിന്റെ തലസ്ഥാനമാവുന്ന ദിനങ്ങള്‍ ജൂലൈ 17 മുതല്‍ 

ഐ സി സി ട്വന്റി 20 യോഗ്യതാ മത്സരങ്ങള്‍ ഡബ്ലിനില്‍,അയര്‍ലണ്ട് ലോക ക്രിക്കറ്റിന്റെ തലസ്ഥാനമാവുന്ന ദിനങ്ങള്‍ ജൂലൈ 17 മുതല്‍ 

ഡബ്ലിന്‍:ഡബ്ലിന്‍ നഗരം ലോക ക്രിക്കറ്റിന്റെ തലസ്ഥാനമാകുന്ന നാളുകള്‍ക്കായി അയര്‍ലണ്ട് ഒരുങ്ങുന്നു. 2016ല്‍ ഇന്ത്യയില്‍ വച്ച് നടക്കാനിരിക്കുന്ന ഐ സി സി ട്വന്റി20 ലോകകപ്പിനായുള്ള യോഗ്യതാറൌണ്ട് മത്സരക്രമങ്ങള്‍ അയര്‍ലണ്ടിലെയും സ്‌കോട്ട്‌ലന്റിലേയും എട്ടു വേദികളിലായി നടത്തപ്പെടുമെന്ന് പ്രഖ്യാപിക്കപ്പെട്ടു.14 രാജ്യങ്ങള്‍ 51 മത്സരങ്ങളിലായി യോഗ്യതാമത്സരങ്ങളില്‍ പങ്കെടുക്കും.ജൂലൈ 9 മുതല്‍ 26 വരെയാണ് മത്സരങ്ങള്‍.ജൂലൈ 17 മുതലുള്ള തുടര്‍ച്ചയായ ദിവസങ്ങളില്‍ ഡബ്ലിനില്‍ മത്സരങ്ങള്‍ ഉണ്ടാകും.ജൂലൈ 10 മുതല്‍ 15 വരെയുള്ള ദിവസങ്ങളില്‍ നോര്‍ത്തേണ്‍ അയര്‍ലണ്ട്,സ്‌കോട്ട്‌ലാന്‍ഡ് എന്നിവിടങ്ങളിലായി മറ്റു മത്സരങ്ങള്‍ നടക്കും. 

മാലഹൈഡ് ക്രിക്കറ്റ് ക്ലബ്,ക്ലോണ്‍ട്രാഫ് ക്രിക്കറ്റ് ക്ലബ് എന്നിവിടങ്ങളിലാണ് അയര്‍ലണ്ടിലെ മത്സരങ്ങള്‍ നടത്തപ്പെടുക.ജൂലൈ 25 ന് സെമി ഫൈനല്‍ മത്സരങ്ങളും 26 ന് ഫൈനലും മാലഹൈഡില്‍ നടത്തപ്പെടും.ഡബ്ലിനിലെ മാലഹൈഡില്‍ നടക്കുന്ന എല്ലാ മത്സരങ്ങളും രാജ്യാന്തര തലത്തില്‍ ബ്രോഡ്കാസ്റ്റ് ചെയ്യുമെന്നാണ് ഐ സി സി അധികൃതര്‍ നല്കുന്ന പ്രാഥമിക സൂചന.ഏതൊക്കെ മത്സരങ്ങള്‍ക്കാണ് പ്രവേശന ടിക്കറ്റുകള്‍ വേണ്ടതെന്ന അറിയിപ്പും അടുത്ത മാസമേ അറിയാനാവു.
2016 മാര്‍ച്ച് 11 മുതല്‍ ഏപ്രില്‍ 3 വരെയാണ് ലോകകപ്പ് നടക്കുക.
ജൂലൈയിലെ ടൂര്‍ണമെന്റില്‍ ഹാട്രിക് വിജയം പ്രതീക്ഷിച്ചാണ് അയര്‍ലണ്ട് സ്വന്തം തട്ടകത്തില്‍ കളിക്കാന്‍ ഇറങ്ങുന്നത്. 2012 ലും 2013ലും അഫ്ഗാനിസ്ഥാനെ തോല്‍പിച്ച് അയര്‍ലണ്ട് വിജയികളായിരുന്നു. 2007ല്‍ ആദ്യമായി ടൂര്‍ണമെന്റ് നടത്തിയപ്പോള്‍ പത്ത് സ്ഥിരാംഗങ്ങള്‍ക്കു പുറമെ കെനിയ,സ്‌കോട്ട്‌ലണ്ട് എന്നീ ടീമുകളായിരുന്നു യോഗ്യത നേടിയത്. 2009ല്‍ നെതര്‍ലാന്‍ഡ് , സ്‌കോട്ട്‌ലാന്ഡ് ടീമുകളും, 2010ലും 2012ലും അയര്‍ലണ്ട്, അഫ്ഗാനിസ്ഥാന്‍ എന്നീ ടീമുകളും യോഗ്യത നേടി. 

2014ല്‍ നടന്ന ടൂര്‍ണമെന്റില്‍ യോഗ്യത നേടാവുന്ന രാജ്യങ്ങളുടെ എണ്ണം ഐ സി സി ആറായി ഉയര്‍ത്തിയതിനെ തുടര്‍ന്ന് അഫ്ഗാനിസ്ഥാന്‍, ഹോങ്ങ് കോങ്ങ്, അയര്‍ലണ്ട്, നേപാള്‍, നെതര്‍ലാന്‍ഡ് , യു എ ഇ എന്നീ ടീമുകള്‍ യോഗ്യത നേടിയിരുന്നു.

രണ്ടു ഗ്രൂപ്പുകളിലായാണ് മത്സരങ്ങള്‍ നടക്കുക. നേപാള്‍, ഹോങ്കോങ്ങ്, പാപുവ ന്യൂ ഗിനിയ, നമീബിയ, യു എസ് എ ടീമുകള്‍ പൂള്‍ എ യിലും, കാനഡ, നെതര്‍ലാന്‍ഡ്,സ്‌കോട്ട്‌ലാന്‍ഡ് , കെനിയ, ഒമാന്‍, യു എ ഇ ടീമുകള്‍ പൂള്‍ ബിയിലും മത്സരിക്കും.

ഇരു ഗ്രൂപ്പുകളിലും ഒന്നാമതെത്തുന്ന ടീമുകള്‍ക്ക് നേരിട്ട് ലോകകപ്പ് യോഗ്യത നേടാം. രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തുന്നവര്‍ക്ക് വിജയികളുമായും നാലാം സ്ഥാനകാരുമായും പ്ലേ ഓഫ് മത്സരങ്ങള്‍ കളിച്ചും യോഗ്യത നേടാം. 

അയര്‍ലണ്ടിലെ മലയാളികള്‍ അടക്കമുള്ള ക്രിക്കറ്റ് പ്രേമികള്‍ ആഹ്ലാദത്തിലാണ്.ജൂലൈ 17 മുതല്‍ 26 വരെയുള്ള തുടര്‍ച്ചയായ ദിവസങ്ങളില്‍ രാജ്യാന്തര ക്രിക്കറ്റ് മത്സരങ്ങള്‍ ഇവിടെ വെച്ചു നടക്കുമ്പോള്‍ മുഴുവന്‍ ദിവസങ്ങളിലും അവ ആസ്വദിക്കാനും ലോകക്രിക്കറ്റിന്റെ പാഠങ്ങള്‍ പഠിക്കാനുമുള്ള ആഹ്ലാദത്തില്‍.

റെജി സി ജേക്കബ്

Scroll To Top