Friday December 02, 2016
Latest Updates

ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ രാജകീയമായ ഇന്ത്യന്‍ ജയം

ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ രാജകീയമായ ഇന്ത്യന്‍ ജയം

സ്‌കോര്‍ – ഇന്ത്യ: ഏഴിന് 307. ദ.ആഫ്രിക്ക: 40.2 ഓവറില്‍ 177ന് പുറത്ത്.

മെല്‍ബണ്‍ : എഴുതിത്തള്ളിയവര്‍ക്കു മുന്നില്‍ അത്ഭുതങ്ങള്‍ സൃഷ്ടിച്ചുകൊണ്ടു ടീം ഇന്ത്യ ലോക കപ്പ് ക്രിക്കറ്റില്‍ രാജകീയമായ രണ്ടാം ജയം കുറിച്ചു. സമകാലിക ക്രിക്കറ്റിലെ ഏറ്റവും കരുത്തരായ ദക്ഷിണാഫ്രിക്കയെ 130 റണ്‍സിനാണ് ധോണിയും കൂട്ടരും കെട്ടുകെട്ടിച്ചത്.

50 ഓവറില്‍ ഏഴു വിക്കറ്റിന് 307 റണ്‍സു നേടി ആദ്യ ഇന്നിംഗ്‌സ് അവസാനിപ്പിച്ച ഇന്ത്യയ്ക്കു മറുപടി പറയാനിറങ്ങിയ ദക്ഷിണാഫ്രിക്ക 40.2 ഓവറില്‍ 177ന് എല്ലാവരും പുറത്താവുകയായിരുന്നു.

ബാറ്റിംഗിലെയും ബൗളിംഗിലെയും ഓള്‍ റൗണ്ട് പ്രകടനമാണ് ഇന്ത്യയെ കൂറ്റന്‍ ജയത്തിലേക്കു നയിച്ചത്. ലോകകപ്പ് ക്രിക്കറ്റില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഇന്ത്യ നേടുന്ന ആദ്യ ജയവുമാണിത്.

ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ നിസ്സഹായരാവുന്ന കാഴ്ചയായിരുന്നു മെല്‍ബണില്‍. സ്‌റ്റെയിന്‍ ഉള്‍പ്പെടുന്ന വന്‍ പേസ് നിരയുടെ നട്ടെല്ല് ഇന്ത്യന്‍ ബാറ്റിങ് നിരയുടെ തേരോട്ടത്തില്‍ നുറുങ്ങി. വെയ്ന്‍ പാര്‍ണലിനെതിരെ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ ഒന്‍പത് ഓവറില്‍ നേടിയത് 85 റണ്‍സ്!

ടോസ് നേടി ഇന്ത്യ ഒന്‍പതാം റണ്‍സില്‍ ആദ്യ വിക്കറ്റ് നഷ്ടപ്പെടുത്തി. റണ്ണൊന്നുമെടുക്കാതെ രോഹിത് ശര്‍മ പുറത്തായപ്പോള്‍ ഇന്ത്യ ഭയന്നു. എന്നാല്‍ വിരാട് കോലിയും ധവാനും ചേര്‍ന്നതോടെ റണ്ണൊഴുകി. 127 റണ്‍സാണ് ഈ കൂട്ടികെട്ട് കൂട്ടിച്ചേര്‍ത്തത്. ഇന്ത്യന്‍ സ്‌കോര്‍ 136ലെത്തി നില്‍ക്കെ, 46 റണ്‍സുമായി കോലി മടങ്ങി. പിന്നീടെത്തിയ അജിന്‍ക്യ രഹാനെ അടിച്ചുതകര്‍ത്തുകൊണ്ടാണ് തുടങ്ങിയത്.

ധവാനും രാഹനെയും ചേര്‍ന്ന് അനായാസം മുന്നോട്ടു പോകുന്നതിനിടെ സ്‌കോര്‍ 261 ല്‍ വച്ച് സെഞ്ചുറി നേടിയ ധവാന്‍ മടങ്ങി. 146 പന്തില്‍ നിന്ന് 16 ഫോറുകളും രണ്ടു സിക്‌സറും ഉള്‍പ്പെടെ 137 റണ്‍സായിരുന്നു ധവാന്റെ സമ്പാദ്യം.

തുടര്‍ന്ന് കൂട്ടത്തകര്‍ച്ചയാണ് കണ്ടത്. സുരേഷ് റെയ്‌ന ആറു റണ്‍സുമായി മടങ്ങി. രഹാനെയും (60 പന്തില്‍ 70) മടങ്ങിയതോടെ ഇന്ത്യ വീണ്ടുമൊരു കൂട്ടത്തകര്‍ച്ചയെ നേരിട്ടു. ക്യാപ്ടന്‍ ധോണി അവസാന നിമിഷം നടത്തിയ കടന്നാക്രമണം ഇന്ത്യന്‍ സ്‌കോര്‍ 300 കടത്തി.

മറുപടി ബാറ്റിങ് തുടങ്ങിയ ദക്ഷിണാഫ്രിക്കയുടെ തുടക്കം തന്നെ പതര്‍ച്ചയോടെയായിരുന്നു. 55 റണ്‍സെടുത്ത ഡ്യുപ്ലെസിസനു മാത്രമാണ് അല്‍പമെങ്കിലും പിടിച്ചു നില്‍കാനായത്.

വന്‍ പ്രതീക്ഷയായിരുന്ന ക്യാപ്റ്റന്‍ ഡിവില്ലിയേഴ്‌സ് 30 റണ്‍സുമായി മടങ്ങി. മോഹിത് ശര്‍മയ്‌ക്കെതിരെ തുടര്‍ച്ചയായി രണ്ടു ബൗണ്ടറികള്‍ പായിച്ച് ആത്മവിശ്വാസം നേടിയ ഡിവില്ലിയേഴ്‌സ് പതിയെ കളി തിരിച്ചു പിടിക്കുമെന്ന് തോന്നിച്ച ഘട്ടത്തിലാണ് റണ്ണൗട്ടായത്.

ഡേവിഡ് മില്ലറും(22) റണ്ണൗട്ടാവുകയായിരുന്നു. ചീട്ടുകൊട്ടാരം തകരുമ്പോള്‍ നിര്‍ണായക മത്സരങ്ങളില്‍ പതറുന്ന ദക്ഷിണാഫ്രിക്കയെ ഒരിക്കല്‍ കൂടി കാണാനായി. ഇന്ത്യയ്ക്കു ലോക കപ്പ് മത്സരങ്ങളില്‍ ഞങ്ങളെ ജയിക്കാനാവില്ലെന്ന അഹങ്കാരവും അതോടെ അസ്തമിച്ചു.

Scroll To Top