Sunday December 04, 2016
Latest Updates

ഐസിസി ലോകടീമില്‍ ഇന്ത്യക്കാര്‍ ആരുമില്ല; മക്കല്ലം നായകന്‍

ഐസിസി ലോകടീമില്‍ ഇന്ത്യക്കാര്‍ ആരുമില്ല; മക്കല്ലം നായകന്‍

ദുബായ്: ഐസിസിയുടെ ലോകടീമില്‍ ഇന്ത്യക്കാര്‍ ആരുമില്ല. പതിനൊന്നാമത് ലോകകപ്പ് ക്രിക്കറ്റിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ഐസിസി ലോക ഇലവനെ തെരഞ്ഞെടുത്തത്. ന്യൂസിലന്‍ഡ് നായകന്‍ ബ്രണ്ടന്‍ മക്കല്ലമാണ് ലോക ഇലവന്റെ നായകന്‍. ഐസിസി ടീമില്‍ ഉള്‍പ്പെടുത്തിയ അഞ്ചുപേര്‍ ന്യൂസീലന്‍ഡ് ടീമില്‍നിന്നുള്ളവരാണ്.

അതെസമയം ഏഷ്യയില്‍ നിന്നും ലോകടീമില്‍ ഇടംപിടിച്ചത് ശ്രീലങ്കയുടെ കുമാര്‍ സങ്കക്കാര മാത്രമാണ്. ലോകകപ്പില്‍ ഉടനീളം സംഗക്കാര മികച്ച പ്രകടനമായിരുന്നു കാഴ്ച്ച വെച്ചത്. തുടര്‍ച്ചയായി നാല് സെഞ്ച്വറി നേടി സംഗക്കാര ശ്രീലങ്കന്‍ ടീമിന് പ്രതീക്ഷ നല്‍കിയിരുന്നു.

ന്യൂസീലന്‍ഡിന്റെ ബ്രണ്ടന്‍ മക്കല്ലവും മാര്‍ട്ടിന്‍ ഗുപ്ട്ടിലുമാണ് ഓപ്പണര്‍മാര്‍. മൂന്നാംനമ്പറില്‍ വിക്കറ്റ് കീപ്പറായ ശ്രീലങ്കയുടെ കുമാര്‍ സംഗക്കാര. ഓസ്‌ട്രേലിയയുടെ സ്റ്റീവന്‍ സ്മിത്ത്, ദക്ഷിണാഫ്രിക്കയുടെ ഡിവില്ലിയേഴ്‌സ്, ഓസ്‌ട്രേലിയയുടെ ഗ്ലെന്‍ മാക്‌സ്‌വെല്‍ എന്നിവരാണ് നാല്, അഞ്ച്, ആറ് സ്ഥാനങ്ങളില്‍ കളിക്കുന്നത്. ഏഴാമനായി ന്യൂസീലന്‍ഡിന്റെ കോറി ആന്‍ഡേഴ്‌സന്‍ തന്റെ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട് .മികച്ച ഫോമിലുള്ള ബാറ്റ്‌സ്മാന്‍മാരെ കൂടാതെ, മൂന്ന് സ്‌പെഷലിസ്റ്റ് പേസര്‍മാരും ഒരു സ്പിന്നറും ബോളിങ് നിരയിലുണ്ട്.

ഓസ്‌ട്രേലിയയുടെ മിച്ചല്‍ സ്റ്റാര്‍ക്ക്, ന്യൂസീലന്‍ഡിന്റെ ട്രെന്റ് ബോള്‍ട്ട്, ദക്ഷിണാഫ്രിക്കയുടെ മോര്‍ണി മോര്‍ക്കള്‍ തുടങ്ങിയവര്‍ പേസ് ബൌളിങ്ങിന് ശക്തി നല്‍കുമ്പോള്‍, ന്യൂസീലന്‍ഡിന്റെ ഡാനിയേല്‍ വെട്ടോറി ടീമിലെ സ്‌പെഷ്യലിസ്റ്റ് സ്പിന്നറാണ്. സിംബാബ്‌വേയുടെ ബ്രണ്ടന്‍ ടെയ്‌ലര്‍ ആണ് ടീമിലെ പന്ത്രണ്ടാമന്‍. സിംബാബ്‌വെയ്ക്ക് വേണ്ടി മികച്ച ബൗളിംഗ് പ്രകടനമായിരുന്നു ടെയ്‌ലര്‍ കാഴ്ച്ച വെച്ചത്.

Scroll To Top