Monday December 05, 2016
Latest Updates

കണ്ണീരോടെയും പ്രാര്‍ത്ഥനയുടെയും ബന്ധുക്കള്‍,കാണാതായ ഇന്ത്യന്‍ വിമാനം കണ്ടെത്താനായില്ല

കണ്ണീരോടെയും പ്രാര്‍ത്ഥനയുടെയും ബന്ധുക്കള്‍,കാണാതായ ഇന്ത്യന്‍ വിമാനം കണ്ടെത്താനായില്ല

ചെന്നൈ:കാണാതായ ഇന്ത്യന്‍ വ്യോമസേനാ വിമാനത്തിനായുള്ള തിരച്ചില്‍ തുടരുന്നു.മോശം കാലാവസ്ഥ തിരച്ചില്‍ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായുള്ള സൈനികരുടെ ബന്ധുക്കള്‍ ഉറ്റവരെ കുറിച്ചുള്ള വിവരങ്ങള്‍ പ്രതീക്ഷിച്ച് പ്രാര്‍ത്ഥനയുടെയും കണ്ണീരോടെയും കാത്തിരിക്കുകയാണ്.വിമാനത്തില്‍ കോഴിക്കോട് സ്വദേശികളായ രണ്ടുപേര്‍ ഉണ്ടായിരുന്നുവെന്ന് വ്യക്തമായി. കക്കോടി, മക്കട കോട്ടുപാടം ചെറിയാമ്പറത്ത് വാസുനായരുടെ മകന്‍ വിമല്‍, കാക്കൂര്‍ പാഞ്ചോറ രാജന്റെ മകന്‍ സജീവ് കുമാര്‍ എന്നിവരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്.ആകെ 29 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.

ഇതിനിടെ എഎന്‍ 32 വ്യോമസേനാ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി ചില ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്തയ്ക്ക് സ്ഥിരീകരണം ലഭിച്ചിട്ടില്ല. ചെന്നൈ തീരത്തുനിന്നു 150 നോട്ടിക്കല്‍ മൈല്‍ അകലെയാണിത്. ഇതു കാണാതായ വിമാനത്തിന്റെതു തന്നെയാണോ എന്നു സ്ഥിരീകരിക്കാന്‍ തെരച്ചില്‍ സംഘങ്ങള്‍ തിരിച്ചിട്ടുണ്ട്.

ചില കപ്പലുകളാണ് സമുദ്രത്തില്‍ വിമാനത്തിന്റേതെന്നു തോന്നിക്കുന്ന ഭാഗങ്ങള്‍ കണ്ടെത്തിയതായി അറിയിച്ചത്. തുടര്‍ന്നു ചെന്നൈയില്‍നിന്നു നേവിയുടെയും വ്യോമസേനയുടെയും സംഘങ്ങള്‍ അവിടേക്കു തിരിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ തെരച്ചില്‍ പുരോഗമിക്കുകയാണ്.

ഇന്നലെ രാവിലെയാണ് ചെന്നൈയിലെ താംബരം വ്യോമസേനാ താവളത്തില്‍നിന്നു ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലെ പോര്‍ട്ബ്‌ളെയറിലേക്കു പോയ എഎന്‍ 32 വിമാനം കാണാതായത്. പറന്നുയര്‍ന്നു പതിനാലു മിനിട്ടിനുള്ളില്‍ എയര്‍ട്രാഫിക് കണ്‍ട്രോളുമായുള്ള ബന്ധം വിഛേദിക്കപ്പെടുകയായിരുന്നു. തുടര്‍ന്നു വിമാനം റഡാറില്‍നിന്ന് അപ്രത്യക്ഷമായി. ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍വച്ചാണു വിമാനം കാണാതായത്. ആരക്കോണത്തെ നാവികസേനാതാവളത്തിലെത്തിയ മനോഹര്‍ പരീക്കര്‍ തെരച്ചില്‍ നടപടികള്‍ വിലയിരുത്തി

Scroll To Top