Monday November 20, 2017
Latest Updates

ബ്രിയാന്‍ കൊടുങ്കാറ്റു തന്നെ,കനത്ത മഴയും വെള്ളപ്പൊക്കവും കൂടെയെത്തും, അയര്‍ലണ്ട് വീണ്ടും ഭീതിയില്‍,ഓറഞ്ച് അലേര്‍ട്ട് 

ബ്രിയാന്‍ കൊടുങ്കാറ്റു തന്നെ,കനത്ത മഴയും വെള്ളപ്പൊക്കവും കൂടെയെത്തും, അയര്‍ലണ്ട് വീണ്ടും ഭീതിയില്‍,ഓറഞ്ച് അലേര്‍ട്ട് 

ഡബ്ലിന്‍:ഒഫേലിയ കൊടുങ്കാറ്റ് രാജ്യത്തെയൊട്ടാകെ ഉലച്ചതിനു മണ്ണിക്കൂറുകള്‍ക്കുള്ളില്‍ കനത്തമഴയുമായി എത്താനിരിക്കുന്ന ബ്രിയാന്‍, കൊടുങ്കാറ്റു തന്നെയാണെന്ന് മെറ്റ് ഏറാന്‍ സ്ഥിരീകരിച്ചു. ശനിയാഴ്ച രാത്രി വരെ ചിലയിടങ്ങളില്‍ സ്റ്റാറ്റസ് 2 ഓറഞ്ച് കാറ്റഗറി മുന്നറിയിപ്പും രാജ്യത്തൊട്ടാകെ യെലോ കാറ്റഗറി മുന്നറിയിപ്പും പ്രഖ്യാപിച്ചു.

വെള്ളിയാഴ്ച അര്‍ധരാത്രിക്കുശേഷം മണിക്കൂറില്‍ 130 കിലോമീറ്റര്‍വരെ വേഗത്തിലുള്ള കാറ്റും കനത്തമഴയും മിന്നല്‍ പ്രളയവും ഉണ്ടാകാനിടയുണ്ട്. വാഹനയാത്രക്കാര്‍ ജാഗ്രത പാലിക്കണം.

ഒഫേലിയ പോലെ തെക്കു പടിഞ്ഞാറന്‍ മേഖലയിലാണ് ബ്രിയാന്‍ കൊടുങ്കാറ്റും ആഞ്ഞടിക്കുക.
ബ്രിയാനു മുന്നോടിയായി പലയിടത്തും കനത്ത മഴയും മിന്നല്‍ പ്രളയവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

ഒഫേലിയ വന്‍നാശം വിതച്ച വെക്സ്ഫോര്‍ഡ്, ക്ലയര്‍, കോര്‍ക്, കെറി, വാട്ടര്‍ഫോര്‍ഡ് കൗണ്ടികളില്‍ സ്റ്റാറ്റസ് 2 ഓറഞ്ച് കാറ്റഗറി മുന്നറിയിപ്പാണ് നല്‍കിയിട്ടുള്ളത്. ഇവിടങ്ങളില്‍ ശനിയാഴ്ച പുലര്‍ച്ചെ അര്‍ധരാത്രിവരെ മണിക്കൂറില്‍ 110നും 130നു ഇടയില്‍ കിലോമീറ്റര്‍ വേഗത്തില്‍ കാറ്റിനു സാധ്യതയുണ്ട്. മേയോ,ഗോള്‍വേ തീരങ്ങളിലും ഇതേ മുന്നറിയിപ്പുണ്ട്. തീരപ്രദേശത്ത് വെള്ളപ്പൊക്ക സാധ്യതയുണ്ട്. അയര്‍ലണ്ടിന്റെ മധ്യമേഖലയിലും കിഴക്കന്‍ മേഖലയിലും വൈകിട്ടോടെയാകും ബ്രിയാന്‍ എത്തുകയെന്നാണ് മെറ്റ് ഏറാന്‍ അറിയിപ്പ്.

മണ്‍സ്റ്റര്‍, ഡബ്ലിന്‍, കാര്‍ലോ, കില്‍ഡേര്‍, കില്‍കെനി,ലൗത് ,വെക്സ്ഫോര്‍ഡ്, വിക്ലോ, മീത്ത് കൗണ്ടികളില്‍ 30 മില്ലിമീറ്റര്‍ മുതല്‍ 50 മില്ലിമീറ്റര്‍വരെ മഴയ്ക്കും സാധ്യതയുണ്ട്. കോര്‍ക് നഗരത്തിലും കൗണ്ടിയില്‍ പലയിടങ്ങളിലും ടിപ്പററിയിലും കനത്ത മഴയെത്തുടര്‍ന്ന് മിന്നല്‍ പ്രളയം ഇതിനകം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

അയര്‍ലണ്ടിലൊട്ടാകെ വെള്ളിയാഴ്ച രാത്രി പത്തുമുതല്‍ 24 മണിക്കൂര്‍ സ്റ്റാറ്റസ് 3 യെലോ കാറ്റഗറി കാലാവസ്ഥാ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. 65 മുതല്‍ 110 കിലോമീറ്റര്‍ വരെ വേഗത്തിലുള്ള കാറ്റിനു സാധ്യതയാണ് യെലോ കാറ്റഗറിയില്‍ വരിക.

ബ്രിയാന്‍ ഒഫേലിയയോളം പ്രത്യാഘാതം സൃഷ്ടിക്കുമെന്നു പ്രതീക്ഷിക്കുന്നില്ലെന്ന് നാഷണല്‍ എമര്‍ജന്‍സി കോര്‍ഡിനേഷന്‍ ഗ്രൂപ്പ് ചെയര്‍മാന്‍ സിയാന്‍ ഹോഗന്‍ പറഞ്ഞു.ഒഫേലിയയില്‍ വൈദ്യുതി വിച്ഛേദിക്കപ്പെട്ട അഞ്ചു ലക്ഷം കുടുംബങ്ങളില്‍ 50000 പേര്‍ക്ക് ഇനിയും വൈദ്യുതി ബന്ധം പുന:സ്ഥാപിച്ചിട്ടില്ല.

Scroll To Top