Wednesday September 20, 2017
Latest Updates

വിശുദ്ധ പശുക്കളും ഇരുകാലി മൃഗങ്ങളും -(സെബി സെബാസ്റ്റ്യന്‍)

വിശുദ്ധ പശുക്കളും ഇരുകാലി മൃഗങ്ങളും -(സെബി സെബാസ്റ്റ്യന്‍)

ന്ത്യയില്‍ അധികാരത്തിലിരിക്കുന്ന ബി ജെ പി സര്‍ക്കാര്‍ പശുക്കള്‍ക്ക് പൗരന്മാരെക്കാള്‍ പ്രാധാന്യം കൊടുക്കുന്നുണ്ടോ എന്ന് ഒരു സംശയം. എം പി മാരുടെയും, നേതാക്കളുടെയും ദിനം പ്രതി പുറത്തു വരുന്ന കൌതുകകരവും രസകരവുമായ പ്രസ്താവനകള്‍ കേള്‍ക്കുമ്പോള്‍ ഇനിയും എന്തൊക്കെ കാണേണ്ടിയും കേള്‍ക്കെണ്ടിയും വരുമെന്ന് ഒരു ആകുലതയുണ്ട് . ഈ നിലക്ക് പോയാല്‍ ഇനി എന്തൊക്കെ ഭാരതത്തില്‍ സംഭവിക്കാം ?

ചാണകത്തില്‍നിന്നു ജാമും ഗോ മൂത്രത്തില്‍ നിന്ന് ജൂസും നിര്‍മിക്കുന്ന കമ്പനികള്‍ രാജ്യത്ത് പലയിടത്തും സ്ഥാപിക്കപ്പെട്ടേക്കാം. ഡെറ്റോള്‍ രാജ്യ വ്യാപകമായി നിരോധിച്ചു കൊണ്ട് ശുചീകരണ പ്രവര്‍ത്തികള്‍ക്ക് ഗോമൂത്രം മാത്രമേ ഉപയോഗിക്കാവു എന്ന നിയമം പാര്‍ല മെന്റില്‍ പാസ്സാക്കിയേക്കാം . രാജ്യത്തെ മുഴുവന്‍ പശുകറവക്കാരെയുംലൈഗിക അതിക്രമകുറ്റം ചുമത്തി ജയിലില്‍ അടക്കും ( അപ്പോള്‍ പിന്നെ പാവം കാളകളുടെ കാര്യം പറയാനില്ലല്ലോ !!? ) പശുക്കള്‍ക്ക് ധരിക്കാന്‍ വേണ്ടി പ്രത്യേകതരം ബ്രാ നിര്‍മിക്കും. അല്ലെങ്കില്‍ ഏതെങ്കിലും ഡല്‍ഹിക്കാരന് കാമഭ്രാന്തു കയറിയാലോ…? എന്നിട്ട് കുറ്റം മുഴുവന്‍ തുണിയില്ലാതെ നടക്കുന്ന പശുക്കള്‍ക്കായിരിക്കും!!

പഞ്ചായത്തുകള്‍ തോറും പശുക്കള്‍ക്ക് ശൌചാലയങ്ങള്‍ നിര്‍മിക്കും. അതില്‍ കയറി എങ്ങനെ മല മൂത്ര വിസര്‍ജനം നടത്തണമെന്ന് പശുക്കളെ പഠിപ്പിക്കാന്‍ ശാഖകകള്‍ തോറും വോളന്റീയേഴ്‌സിനെ നിയോഗിക്കും.പിന്നെ പശുക്കള്‍ക്ക് വേണ്ടിയുള്ള ആതുരാല യങ്ങള്‍,പാര്‍ക്കുകള്‍,പുല്‍മേടുകള്‍ അങ്ങനെ അങ്ങനെ എന്തെല്ലാം ആയിരിക്കും ഇപ്പോള്‍ കേന്ദ്ര മന്ത്രിസഭ ആലോചിച്ചുകൊണ്ടിരിക്കുന്നത് ..? പശുക്കള്‍ക്ക് വോട്ടവകാശം ഒഴിച്ച് എല്ലാം നല്‍കും!! (കാലന്തരത്തില്‍ അതും വന്നേക്കാം!! )

അലഞ്ഞു തിരിഞ്ഞു നടക്കുന്ന ഒരു പശു പോലും രാജ്യത്ത് ഉണ്ടാകില്ല. ഗോ സംരക്ഷണ ശാലകള്‍ ഗ്രാമങ്ങള്‍ തോറും സ്ഥാപിക്കും. അസുഖം ബാധിച്ചും,പ്രായധിക്യം മൂലവും നിര്യാതയായ പശുക്കളെ ഔദ്യോഗി ബഹുമതികളോടെയും, ആചാര വെടികളോടെയും കൂടി സംസ്‌കരിക്കും. ശിശുദിനവും വനിതാ ദിനവും പോലെ വര്‍ഷത്തില്‍ ഒരു ദിവസം’ ഗോദിന’ മായി ആചരിക്കും. അന്ന് രാജ്യത്ത് പൊതു അവധി ആയിരിക്കും . ‘പശു ക്ഷേമ പദ്ധതികള്‍’ ശിശു ക്ഷേമ പദ്ധതികളെ ക്കാള്‍ വേഗത്തിലും, കാര്യക്ഷമമായും പഞ്ചായത്തുകള്‍ തോറും നടപ്പാക്കും.എറ്റവും കൂടുതല്‍ പശുക്കളെ വളര്‍ത്തുന്നവരെയും ,സംരക്ഷിക്കുന്നവരെയും രാജ്യം ‘പത്മശ്രീ’ നല്‍കി ആദരിക്കും. ഇന്ത്യയില്‍ ജനിക്കുന്നെങ്കില്‍ പൌരനായല്ല ,പശുവായി ജനിക്കണമെന്ന് ഓരോ ഇന്ത്യന്‍ പൗരനും ആഗ്രഹിച്ചു പോകും. 

അങ്ങനെ ഇന്ത്യ ‘പശുക്കളുടെ സ്വന്തം നാട്’ എന്ന് ലോകത്തു അറിയപ്പെടും. പശുവിനെ ഇന്ത്യയിലെ ദേശീയ മൃഗമാക്കും. ( കടുവയെ ഒക്കെ ആര്‍ക്ക് വേണം..?? ) പശുക്കളെ ചികല്‍സിക്കുന്ന മൃഗഡോക്ടര്‍മാരെ കണ്ടാല്‍ മന്ത്രിമാര്‍ വരെ എഴുന്നേറ്റു തൊഴുതു നില്‍ക്കും.റയില്‍വെ ബഡജറ്റില്‍ പശുക്കള്‍ക്ക് വേണ്ടി പ്രത്യേക കമ്പാര്‍ട്ടുമെന്റുകല്‍ അനുവദിക്കും.cattle class എന്ന പ്രയോഗം പോലും കുറ്റകരമാകും.

കോ(ഴി) മാതാവിനെയും, ആ(ട്) മാതാവിനെയും, പ(ന്നി) മാതാവിനെയും കൊല്ലാം, തിന്നാം . പക്ഷെ, ഗോമാതാവിനെ തൊട്ടാല്‍ കഴുത്തില്‍ തൂക്കു  കയര്‍ വീഴും!! എന്നുകരുതി എരുമ മാതാവിനെയും പോത്ത് പിതാവിനെയും കഴുത്തു അറത്തു ബലി നല്‍കുന്നതില്‍ ഒരു നിയമതടസ്സവും ഉണ്ടാകില്ല. അങ്ങനെ ഇന്ത്യ മുഴുവ ന്‍ പശുമയമാവും…….. ആ പശുക്കളുടെ ഇടയിലൂടെ ഇരുകാലി മൃഗങ്ങള്‍ തല ഉയര്‍ത്തി നടക്കും….. രാജ്യം ഭരിക്കും…….. പശുവേ നമ………!

സെബി സെബാസ്റ്റ്യന്‍

 

Scroll To Top