Monday June 25, 2018
Latest Updates

അയര്‍ലണ്ടിലെ എച്ച് എസ് യില്‍ നിന്നും രാജിവെയ്ക്കുന്ന നഴ്സുമാരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുന്നു,കഴിഞ്ഞ വര്‍ഷം മാത്രം രാജിവെച്ചത് 1400 നഴ്സുമാര്‍ 

അയര്‍ലണ്ടിലെ എച്ച് എസ് യില്‍ നിന്നും രാജിവെയ്ക്കുന്ന നഴ്സുമാരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുന്നു,കഴിഞ്ഞ വര്‍ഷം മാത്രം രാജിവെച്ചത് 1400 നഴ്സുമാര്‍ 

ഡബ്ലിന്‍:ഹെല്‍ത്ത് സര്‍വീസ് മേഖലയില്‍ കൃത്യമായ ശമ്പള പരിഷ്‌ക്കരണം നടക്കാത്തതിനാല്‍ അയര്‍ലണ്ടില്‍ രാജി വെയ്ക്കുന്ന നഴ്‌സുമാരുടെ എണ്ണത്തില്‍ വര്‍ദ്ധനവ്. ഗവണ്മെന്റ് മേഖലയിലെ കുറഞ്ഞ ശമ്പള വ്യവസ്ഥയാണ്, ഗവണ്മെന്റ് സര്‍വീസുകളില്‍ നിന്ന് ഉയര്‍ന്ന ശമ്പളത്തില്‍ പ്രൈവറ്റ് മേഖലകളിലേക്കും മറ്റു രാജ്യങ്ങളിലേക്കും തിരിയുന്നതിനു നഴ്‌സുമാരെ പ്രേരിപ്പിക്കുന്നത്.

2017 ലെ കണക്കുകള്‍ അനുസരിച്ചു 1,400 ഓളം നഴ്സുമാരാണ് എച്ച് എസ് യിലെ ജോലി ഉപേക്ഷിച്ച് , അയര്‍ലണ്ടില്‍ അകത്തും പുറത്തുമുള്ള മറ്റു തൊഴില്‍ മേഖലകളിലേക്ക് തിരിയുന്നത്. കുറഞ്ഞ ശമ്പളമാണ് ജോലി ഉപേക്ഷിക്കാന്‍ കാരണം എന്ന് ഐറിഷ് നഴ്‌സസ് ആന്‍ഡ് മിഡ്വൈഫ്സ് ഓര്‍ഗനൈസഷന്റെ (INMO) അടുത്തു നഴ്‌സുമാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ശമ്പളം ഉയര്‍ത്തുന്നതു സംബന്ധിച്ച് നിര്‍ദ്ദേശം എച് എസ് ഇ യ്ക്കു കൈമാറാന്‍ നടപടി കൈക്കൊള്ളുമെന്ന് ഐഎന്‍എം ഓ വക്താവ് പറഞ്ഞു.

ഈ സാഹചര്യത്തില്‍ ഹെല്‍ത്ത് സര്‍വീസ് മേഖലയില്‍ നഴ്‌സുമാരുടെ എണ്ണം കൃത്യമായി നിലനിര്‍ത്തുക എന്നത് വലിയൊരു വെല്ലുവിളി ആയിരിക്കുകയാണ്.പ്രൈവറ്റ് മേഖലയിലെ ഉയര്‍ന്ന ശമ്പളം ഉദ്യോഗാര്‍ത്ഥികളെ കൂടുതലായി ആകര്ഷിക്കുന്നതിനാല്‍ ഗവണ്മെന്റ് മേഖലയിലേക്കുള്ള നഴ്‌സുമാരുടെ നിയമനത്തിലും പ്രതിസന്ധി നേരിടുകയാണ്.കൃത്യമായ ശമ്പള പരിഷ്‌ക്കരണം നടത്താത്തിടത്തോളം ഈ പ്രതിസന്ധി തുടരുമെന്നാണ് ഇപ്പോഴത്തെ സാഹചര്യം വ്യക്തമാക്കുന്നത്.

പബ്ലിക് സര്‍വീസ് പേ കമ്മീഷന് ഐഎന്‍എം ഓ സമര്‍പ്പിച്ച റിപ്പോര്‍ട്ട് അനുസരിച്ചു 2015 നും 2017 ഇടയില്‍ മാത്രം നഴ്‌സുമാരുടെ എണ്ണത്തില്‍ 9.3 ശതമാനം കുറവുണ്ടായതായി വ്യക്തമാകുന്നു.വ്യാപകമായി നഴ്‌സുമാരെ എല്ലാ ഗവണ്മെന്റ് മേഖലകളിലും നിയമിക്കുന്നുണ്ടെങ്കിലും തൃപ്തികരമായ ശമ്പള വ്യവസ്ഥയും അവരെ നിര്‍ത്താന്‍ കഴിയാത്തതു സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് വന്ന വീഴ്ചയാണെന്ന് മിക്ക് ബാരി ടി ഡി  കുറ്റപ്പെടുത്തി.

നിലവില്‍ ഓസ്‌ട്രേലിയ , അമേരിക്ക , കാനഡ തുടങ്ങിയ രാജ്യങ്ങളിലെ നഴ്‌സുമാരുടെ ശമ്പളം അയര്‍ലണ്ടിലേതിനേക്കാള്‍ വളരെ ഉയര്‍ന്നതാണ്, 38,000,40000,54,000 യൂറോ എന്ന നിരക്കില്‍ ഈ രാജ്യങ്ങളില്‍ സാലറി ശമ്പള നിരക്ക് തുടങ്ങുമ്പോള്‍ അയര്‍ലണ്ടിലെ തുടക്ക ശമ്പളം 27 ,000 യൂറോയാണ്. രാജ്യത്തെ തന്നെ പ്രൈവറ്റ് മേഖലയില്‍ ഇതിനേക്കാള്‍ ഉയര്‍ന്ന ശമ്പളനിരക്കാണുള്ളത്.

ഇയൂ കമ്മീഷന്റെ റിപ്പോര്‍ട്ട് അനുസരിച്ചു ആരോഗ്യമേഖലയിലെ ജീവനക്കാരുടെ എണ്ണത്തില്‍ ക്രമാതീതമായ കുറവ് വരും വര്‍ഷങ്ങളില്‍ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുമ്പോളും, ഇപ്പോള്‍ നിലനില്‍ക്കുന്ന പ്രതിസന്ധി പരിഹരിക്കപ്പെടേണ്ടതാണ്. അതിനു ശബള വ്യവസ്ഥയില്‍ കാര്യമായ മാറ്റം വരുത്തുക തന്നെ വേണമെന്നാണ് ഐഎന്‍എം ഓയുടെ നിലപാട്.

ഐറിഷ് മലയാളി ന്യൂസ്

Scroll To Top