Thursday December 08, 2016
Latest Updates

അയര്‍ലണ്ടില്‍ വൃദ്ധജന പീഡനം വര്‍ദ്ധിക്കുന്നതായി എച്ച്എസ്ഇ, പരാതികളില്‍ 30% വര്‍ദ്ധന

അയര്‍ലണ്ടില്‍ വൃദ്ധജന പീഡനം വര്‍ദ്ധിക്കുന്നതായി എച്ച്എസ്ഇ, പരാതികളില്‍ 30% വര്‍ദ്ധന

ഡബ്ലിന്‍: വൃദ്ധജന പീഡനം വര്‍ദ്ധിക്കുന്നതായി എച്ച്എസ്ഇ. വൃദ്ധര്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ കഴിഞ്ഞ വര്‍ഷം മാത്രം 2400 ല്‍ അധികം പരാതികള്‍ ലഭിച്ചതായി എച്ച്എസ്ഇ മേധാവികള്‍ റിപ്പോര്‍ട്ട് ചെയ്തു. ആറ് വര്‍ഷത്തിനിടെ പരാതികളില്‍ 30 ശതമാനത്തിന്റെ വര്‍ദ്ധനയാണ് രേഖപ്പെടുത്തിയത്. അതേസമയം എച്ച്എസ്ഇ ഹോട്ട്‌ലൈനില്‍ വരുന്ന പരാതികളുടെ എണ്ണത്തില്‍ 1 ശതമാനത്തിന്റെ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. പരാതികളില്‍ ഭൂരിപക്ഷവും മാനസിക പീഡനം ഏല്‍ക്കേണ്ടി വരുന്ന വൃദ്ധരില്‍ നിന്നാണ്. പരാതികളില്‍ 33 ശതമാനവും പരിഹാസവും വാക്കുകള്‍ കൊണ്ടുള്ള ആക്ഷേപവുമാണ്. ഇത് മുതിര്‍ന്ന പൌരന്മാര്‍ക്ക് മാനസികമായ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു.

പരാതികളില്‍ ഭൂരിപക്ഷവും കുടുംബാംഗങ്ങളില്‍ നിന്ന് പീഡനം ഏല്‍ക്കേണ്ടി വരുന്ന വൃദ്ധരുടേതാണ്… മാനസികമായും ശാരീരികമായും പീഡിപ്പിക്കപ്പെടുന്ന വൃദ്ധരില്‍ നിന്നുള്ള പരാതികളില്‍ 45 ശതമാനവും മകനോ മകളോ പ്രതിസ്ഥാനത്ത് നില്‍ക്കുന്നവയാണ്. അഞ്ചില്‍ ഒന്ന് പരാതികളില്‍ ജീവിത പങ്കാളികളാണ് പീഡിപ്പിക്കുന്നത്. അതായത് ഭാര്യയോ ഭര്‍ത്താവോ ആരോപണ വിധേയരാകുന്ന പരാതികള്‍. 15 ശതമാനം പരാതികളില്‍ മറ്റ് ബന്ധുക്കളാണ് പ്രതിസ്ഥാനത്ത് നില്‍ക്കുന്നത്. നാലിലൊന്ന് പരാതികള്‍ സ്വത്തിനു വേണ്ടിയുള്ള പീഡനവും. 21 ശതമാനം പരാതികള്‍ കുടുംബാംഗങ്ങളില്‍ നിന്നുള്ള അവഗണനയ്ക്കും ഒറ്റപ്പെടലിനുമെതിരെയും 14 ശതമാനം പരാതികള്‍ ശാരീരിക പീഡനത്തിനെതിരെയുമാണ്.

മാനസികമോ ശാരീരികമോ ആയ പീഡനം എല്‍ക്കുന്ന വൃദ്ധജനങ്ങളെക്കുറിച്ച് അറിയാവുന്നവര്‍ ജിപിയെയോ പബ്ലിക് ഹെല്‍ത്ത് നഴ്‌സിനെയോ മറ്റേതെങ്കിലും ഹെല്‍ത്ത് കെയര്‍ ജീവനക്കാരെയോ വിവരം അറിയിക്കുകയും വൈദ്യ സഹായം തേടുകയും ചെയ്യണമെന്ന് എച്ച്എസ്ഇ അധികൃതര്‍ അറിയിച്ചു. മാനസികവും ശാരീരികവുമായ പീഡനത്തിന് ഇരയാകുന്ന വൃദ്ധരില്‍ ഭൂരിപക്ഷം പേരും 80 വയസിനു മുകളില പ്രായമുള്ളവരാണ്. ഇവരില്‍ തന്നെ മൂന്നില്‍ രണ്ടു പേരും സ്ത്രീകളാണ്. 

Scroll To Top