Wednesday September 26, 2018
Latest Updates

ആദ്യകുര്‍ബാന പാര്‍ട്ടികള്‍ ദുരന്തങ്ങളായപ്പോള്‍ :അമ്പതോളം പേര്‍ക്ക് ഭക്ഷ്യവിഷബാധ സ്ഥിരീകരിച്ചു

ആദ്യകുര്‍ബാന പാര്‍ട്ടികള്‍ ദുരന്തങ്ങളായപ്പോള്‍ :അമ്പതോളം പേര്‍ക്ക് ഭക്ഷ്യവിഷബാധ സ്ഥിരീകരിച്ചു

ഡബ്ലിന്‍:ഡബ്ലിനില്‍ ആദ്യകുര്‍ബാന സ്വീകരണത്തോട് അനുബന്ധിച്ച് വിവിധ സ്ഥലങ്ങളില്‍ നടത്തപ്പെട്ട പാര്‍ട്ടികളില്‍ വിളമ്പിയ ഭക്ഷണം കഴിച്ച 50ഓളംപേര്‍ക്ക് ഭക്ഷ്യ വിഷബാധയേറ്റു.ഇക്കാര്യം സ്ഥീരീകരിച്ച എച്.എസ്.ഇ,അയര്‍ലണ്ട് ഭക്ഷ്യസുരക്ഷാ അതോറിറ്റിയുമായി ബന്ധപ്പെട്ട് ഇതുസംബന്ധിച്ച അന്വേഷണത്തിന് പ്രത്യേക അന്വേഷണസംഘത്തേയും നിയോഗിച്ചു.

നോര്‍ത്ത് ഡബ്ലിനിലെ ഒരു സ്ഥാപനത്തില്‍ നിന്നുള്ള ഭക്ഷണം കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റതെന്നു തിരിച്ചറിഞ്ഞതായി എച്.എസ്.ഇ പ്രസ്താവനയില്‍ അറിയിച്ചു.ഈ സ്ഥാപനത്തെ കേന്ദ്രീകരിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്.19ന് തന്നെ സ്ഥാപനം പൂട്ടാനുള്ള ഉത്തരവ് നല്‍കിയിട്ടുണ്ട്.ഈ സ്ഥാപനത്തിന്റെ ഭക്ഷ്യ വസ്തുക്കളുടെ വില്‍പ്പന സംബന്ധിച്ചും ആശുപത്രിയില്‍ പ്രവേശിപ്പിച്ച ആളുകളുടെ രോഗവിവരം സംബന്ധിച്ചും അന്വേഷണം മുന്നേറുകയാണ്.

വ്യത്യസ്ത ഗ്രൂപ്പുകളില്‍പ്പെട്ട കുടുംബങ്ങളിലെ അംഗങ്ങള്‍ക്കാണ് ഭക്ഷ്യവിഷമേറ്റത്.നോര്‍ത്ത് ഡബ്ലിനിലെ സ്ഥാപനത്തില്‍ നിന്നുള്ള ഭക്ഷണമാണ് അവിടെയെത്തിയവര്‍ക്ക് നല്‍കിയതും.ഈ മാസം 13,14 തീയതികളിലായിരുന്നു സംഭവം.50പേരെയാണ് ആശുപത്രിയിലെത്തിച്ചത്. അവരില്‍ 16 പേര്‍ക്ക് ഭക്ഷ്യവിഷബാധ സ്ഥിരീകരിച്ചു.നോര്‍ത്ത് ഡബ്ലിനിലെ ബൂമോണ്ട്,സ്വോര്‍ഡ്‌സ് എന്നിവിടങ്ങളിലായി 17 കേന്ദ്രങ്ങളിലാണ് ഭക്ഷ്യവിഷബാധ ഉണ്ടായതായി നിലവില്‍ അറിവായിരിക്കുന്നത്,

കഴിഞ്ഞയാഴ്ച നോര്‍ത്ത് ഡബ്ലിനില്‍ ഭക്ഷ്യ വിഷബാധയേറ്റ് 50കാരിയായ സ്ത്രീ മരിച്ചിരുന്നു. ഇവിടെയും ആദ്യ കുര്‍ബാനയ്ക്കിടെയായിരുന്നു ഭക്ഷ്യവിഷബാധ.എന്നിരുന്നാലും മെയ് 18നാണ് ആദ്യ ഭക്ഷ്യവിഷ ബാധ എച്.എസ്.ഇ സ്ഥിരീകരിച്ചത്.

ആളുകള്‍ക്ക് ആരോഗ്യം സംബന്ധിച്ച് എന്തെങ്കിലും പ്രശ്നമുണ്ടായാല്‍ ഉടന്‍ തന്നെ ജിപിയുമായി ബന്ധപ്പെടണമെന്ന് എച്.എസ്.ഇ അറിയിച്ചു.ഭക്ഷ്യവിഷത്തെ തുടര്‍ന്നാണ് ആരോഗ്യ പ്രശ്നമെന്നു മനസ്സിലായാലുടന്‍ എന്‍വയോണ്‍മെന്റ് ഹെല്‍ത്ത് സര്‍വീസുമായോ ഡബ്ലിനിലെ ആരോഗ്യ വകുപ്പുമായോ ബന്ധപ്പെടേണ്ടതാണ്.എച്എസ്ഇയുടെ എന്‍വയോണ്‍മെന്റ് ഹെല്‍ത്ത് സര്‍വീസുമായി ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പര്‍ : 01-8976140.

ഭക്ഷ്യവിഷബാധയെ കരുതിയിരിക്കാം…
ഡബ്ലിന്‍ :നോര്‍ത്ത് ഡബ്ലിനില്‍ അടുത്തിടെയുണ്ടായ ഭക്ഷ്യവിഷബാധ കഴിഞ്ഞ 10 വര്‍ഷത്തിനുള്ളിലെ ഏറ്റവും വലുതാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നതായി ഡോ. ഡേവിഡ് കെവിന്‍ കെല്ലര്‍ പറഞ്ഞു.കോഴിയിറച്ചിയില്‍ നിന്നാണ് അതുണ്ടായതെന്നാണ് തെളിഞ്ഞിട്ടുള്ളത്.ബാക്ടീരിയയാണ് ഭക്ഷ്യ വിഷബാധയുണ്ടാക്കുന്നത്.

ഇറച്ചി.മുട്ട,പാസ്ചെറൈസ് ചെയ്യാത്ത പാല്‍ തുടങ്ങിയവയിലൂടെയൊക്കെ ബാക്ടീരിയ നമുക്കുള്ളിലെത്താം.ആമാശയത്തിലും കുടലുകളിലും ദഹനരസം ഉല്‍പ്പാദിപ്പിക്കുന്ന സെല്ലുകളെയാണ് അവ ആക്രമിക്കുന്നത്.

അണുബാധയേറ്റ ഭക്ഷണത്തില്‍ നിന്നാണ് നമ്മളിലേക്കും ബാക്ടീരിയയെത്തുന്നത്.അടുക്കളയിലെ വൃത്തിഹീനമായ അന്തരീക്ഷത്തില്‍ നിന്നും ബാക്ടീരിയ നമ്മളിലെത്താം.

അതിസാരം,വയറുവേദന,ഛര്‍ദി,പനി എന്നിവയാണ് ഭക്ഷ്യവിഷബാധയുടെ പ്രധാന ലക്ഷണങ്ങള്‍.ചിലപ്പോള്‍ രോഗാവസ്ഥ ഗുരുതരമായേക്കാമെന്നതിനാല്‍ അടിയന്തരമായി ഡോക്ടറുടെ സേവനം തേടേണ്ടതാണ്.ഭക്ഷ്യവിഷത്തിന് പ്രായഭേദമില്ല.അതിനാല്‍ ലക്ഷണങ്ങള്‍ ഉടന്‍ ഡോക്ടറെ കാണണം.

വൃത്തിയാക്കാത്ത എല്ലാ ഇറച്ചികളിലും ഉപദ്രവകാരികളായ ബാക്ടീരിയ ബാധ ഉറപ്പായും സംശയിക്കാം.

കോഴിയിറച്ചി,പന്നിയിറച്ചി,കിഡ്നി,കരള്‍,എന്നിവ നന്നായി വേവിക്കണം.പുറമേ ഉള്ളതുമാത്രമല്ല ഉള്ളിലുള്ള അണുക്കളും നശിച്ചുവെന്നുറപ്പാക്കണം.കൃത്യമായ താപനിലയൊന്നും ഇറച്ചിയെ സംബന്ധിച്ച ബാധകമല്ല.കാരണം നമുക്ക് രോഗാണു വിമുക്തമായെന്നു തോന്നുന്നതുവരെ നന്നായി വേകുന്നതുവരെ അത് ചെയ്യാവുന്നതാണ്.

ആവശ്യമുള്ളവര്‍ക്ക് തെര്‍മോമീറ്ററിന്റെ സഹായവും തേടാം.ഏറ്റവും കട്ടികൂടിയ ഇറച്ചിക്കഷണങ്ങളും എല്ലിനിടയിലുള്ള ഭാഗവുമൊക്കെ വെന്തുവെന്നു ബോധ്യപ്പെട്ടാല്‍ അത് രോഗാണു വിമുക്തമായെന്നുറപ്പിക്കാം.മാത്രമല്ല ഇറച്ചിയുടെ നിറത്തിലും മാറ്റം വരും.

വലിയ മല്‍സ്യമാണെങ്കിലും മുറിച്ചു കഷണങ്ങളാക്കുന്നതാണ് നല്ലത്.ഇനി ഇക്കാര്യത്തില്‍ സംശയം നീക്കാന്‍ തെര്‍മോ മീറ്ററിന്റെ സഹായവും തേടിയാല്‍ കൂടുതല്‍ സുരക്ഷ ഉറപ്പാക്കാം.ഇറച്ചിക്കുള്ളിലെ ചൂടാണ് തെര്‍മോമീറ്റര്‍ അളക്കുക.സുരക്ഷിതമായ താപനില കാണിച്ചാല്‍ നിങ്ങളുടെ ഭക്ഷണം അണുവിമുക്തമാണെന്ന് അനുമാനിക്കാം.കോഴി,പന്നിയിറച്ചികള്‍ക്കും മല്‍സ്യത്തിനും 70-75 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂടാണ് മിനിമം വേണ്ടത്.

Scroll To Top