Friday December 02, 2016
Latest Updates

എച്ച് എസ് ഇ അയര്‍ലണ്ടില്‍ നഴ്‌സുമാരെയും കെയറര്‍മാരെയുമടക്കം 5000 പുതിയ ജീവനക്കാരെ നിയമിക്കാന്‍ പദ്ധതിയിടുന്നു

എച്ച് എസ് ഇ അയര്‍ലണ്ടില്‍ നഴ്‌സുമാരെയും കെയറര്‍മാരെയുമടക്കം 5000 പുതിയ ജീവനക്കാരെ നിയമിക്കാന്‍ പദ്ധതിയിടുന്നു

ഡബ്ലിന്‍:അയര്‍ലണ്ടിലെ ആരോഗ്യ മേഖലയിലെ അതിരൂക്ഷമായ പ്രതിസന്ധി പരിഹരിക്കാന്‍ അടുത്ത വര്‍ഷത്തോടെ 5000 പുതിയ ജീവനക്കാരെ നിയമിക്കാന്‍ എച്ച് എസ് ഇ പദ്ധതി തയാറാക്കി.ഇതിനായി 1.9 ബില്യന്‍ യൂറോയുടെ അടിയന്തര സഹായം ആവശ്യപ്പെട്ട് സര്‍ക്കാരിന് സമര്‍പ്പിച്ച അപേക്ഷയിന്‍ മേല്‍ തീരുമാനം ഉണ്ടായാല്‍ ഉടന്‍ ഇത് സംബന്ധിച്ച നടപടി ക്രമങ്ങള്‍ ആരംഭിക്കുമെന്ന് എച്ച് എസ് ഇ വൃത്തങ്ങള്‍ വെളിപ്പെടുത്തി.

പുതിയതായി നിയമിക്കുന്നതില്‍ ബഹുഭൂരിപക്ഷവും നഴ്‌സുമാരും കെയറര്‍മാരും അടക്കമുള്ള ആരോഗ്യ പ്രവര്‍ത്തകരായിരിക്കും. 2007 ല്‍ 111,505 ജീവനക്കാരാണ് എച്ച് എസ് ഇ യ്ക്ക് ഉണ്ടായിരുന്നത്.ഇപ്പോഴത് 106,400 മാത്രമാണ്.നഴ്‌സുമാരെയും കെയറര്‍മാരെയും കൂടാതെ ഡോക്റ്റര്‍മാര്‍,തെറാപ്പിസ്റ്റ്,ആംബുലന്‍സ് സ്റ്റാഫ്,വാര്‍ഡ് ക്ലാര്‍ക്കുമാര്‍,സോഷ്യല്‍ വര്‍ക്കേഴ്‌സ്,കാറ്ററിംഗ് സ്റ്റാഫ് തുടങ്ങി വിവിധ സര്‍വീസുകളില്‍ ജീവനക്കാരെ നിയമിച്ചേ മതിയാവുകയുള്ളൂ എന്ന് എച്ച് എസ് ഇ ഡയറക്ടര്‍ ജനറല്‍ ടോണി ഓ ബ്രിയാന്‍ സര്‍ക്കാരിനു സമര്‍പ്പിച്ച അപേക്ഷയില്‍ പറയുന്നു. 

സാമ്പത്തിക പ്രതിസന്ധിയുടെ കാലത്ത് വെട്ടി കുറച്ച ആനുകൂല്യങ്ങള്‍ ആരോഗ്യവകുപ്പിന് കീഴിലുള്ള ജീവനക്കാര്‍ക്ക് തിരികെ നല്കാനുള്ള ആവശ്യവും കൂടി പരിഗണിച്ചാണ് കൂടിയ ഫണ്ടിംഗ് ആവശ്യപ്പെട്ടിരിക്കുന്നത്.നഴ്‌സിംഗ് ഹോമുകളിലെ നിലവാരം ഉയര്‍ത്താനുള്ള പദ്ധതിയും ഇതില്‍ ഉള്‍പ്പെടുന്നു.

സര്‍ക്കാര്‍ ആരോഗ്യ വകുപ്പിന് അനുവദിച്ചിരിക്കുന്ന നിലവിലുള്ള ഫണ്ടിംഗിനു പുറമേ അടിയന്തരമായും ഫണ്ട് ആവശ്യപ്പെട്ടുള്ള അപേക്ഷയാണ് എച്ച് എസ് ഇ കൂട്ട്കക്ഷി സര്‍ക്കാരിന്റെ പരിഗണനയ്ക്ക് സമര്‍പ്പിച്ചിരിക്കുന്നത്.അടുത്ത ബജറ്റില്‍ അനുകൂലമായ തീരുമാനം ഉണ്ടാവുമെന്ന പ്രതീക്ഷയിലാണ് ആരോഗ്യവകുപ്പ്

Scroll To Top