Saturday December 10, 2016
Latest Updates

അയര്‍ലണ്ടിലെ നഴ്‌സുമാരടക്കം എച്ച് എസ് ഇ ജീവനക്കാര്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങളും ബോണസും നല്‍കാനുള്ള നയ രൂപരേഖ പുറത്തിറക്കുന്നത് തടഞ്ഞു 

അയര്‍ലണ്ടിലെ നഴ്‌സുമാരടക്കം എച്ച് എസ് ഇ ജീവനക്കാര്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങളും ബോണസും നല്‍കാനുള്ള നയ രൂപരേഖ പുറത്തിറക്കുന്നത് തടഞ്ഞു 

ഡബ്ലിന്‍:അയര്‍ലണ്ടിലെ എച്ച് എസി ഇ യുടെ അധീനതയില്‍ ഉള്ള നഴ്‌സുമാര്‍ ഉള്‍പ്പടെയുള്ള 100,000 ആരോഗ്യ വകുപ്പ് ജീവനക്കാരുടെ ശമ്പളവും ബോണസും വര്‍ദ്ധിപ്പിക്കേണ്ടി വരുന്ന തരത്തില്‍, പുതിയ ഹ്യൂമന്‍ റിസോഴ്‌സ് സ്ട്രാറ്റജി തയ്യാറാവുന്നു. ട്രെയിനിംഗ്, ലീഡര്‍ഷിപ്പ്, വര്‍ക്ക് ഫോഴ്‌സ് പ്ലാനിംഗ് എന്നീ മേഖലകളില്‍ അടുത്ത മൂന്ന് വര്‍ഷത്തേക്കുള്ള പ്രവര്‍ത്തനങ്ങള്‍ വിഭാവനം ചെയ്യുന്ന ഒരു കരട് നയരൂപ രേഖ എച്ച് എസ് ഇ യുടെ ഹ്യൂമന്‍ റിസോഴ്‌സസ് ഡിപ്പാര്‍ട്ട്‌മെന്റാണ് ഈ വര്‍ഷം ആദ്യം തയ്യാറാക്കിയിരിക്കുന്നത്.. 

തങ്ങളുടെ ജീവനക്കാര്‍ക്ക് വേതനം ലഭ്യമാക്കുന്നത് ഏത് തരത്തിലാണ് എന്നതാണ് ഇതില്‍ പ്രധാനമായും പരിശോധിച്ചത്. ശമ്പളമായും അല്ലാതെയും സ്റ്റാഫിന് ലഭിക്കേണ്ട എല്ലാ ആനുകൂല്യങ്ങളും ഉയര്‍ത്തുന്നതിന്, പൊതു ശമ്പള നയത്തിന്റെ പരിധിയില്‍ നിന്ന് ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യുമെന്ന് ഈ നയരൂപ രേഖ വ്യക്തമാക്കുന്നു. 

എന്നാല്‍ ഇത് വഴിതെറ്റിക്കുന്നതാണ് എന്നായിരുന്നു ആരോഗ്യവകുപ്പിന്റെ നിരീക്ഷണം.ഇതേ തുടര്‍ന്ന് അച്ചടിച്ച് വെച്ചിരുന്ന നയരൂപ രേഖ ജൂണ്‍ മാസത്തില്‍ പുറത്തിറക്കാന്‍ കഴിയാതെ വരികയായിരുന്നു. 

എങ്ങനെ നടപ്പാക്കണം എന്നത് സംബന്ധിച്ച് മതിയായ കൂടിയാലോചനകള്‍ നടത്തിയിട്ടില്ല എന്നതായിരുന്നു പ്രധാന വിമര്‍ശനം. ജീവനക്കാര്‍ക്ക് യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയാത്ത പ്രതീക്ഷകള്‍ നല്‍കുന്നതാണ് നയരൂപരേഖ എന്ന ആശങ്ക പബ്ലിക് എക്‌സ്‌പെന്‍ഡിച്ചര്‍ വകുപ്പും ഇതിനകം പ്രകടിപ്പിച്ചിട്ടുണ്ട്. 

ഇതിനിടയില്‍ ശമ്പള വര്‍ദ്ധനവിന് തുരങ്കം വെക്കാനായി ഈ നയരൂപ രേഖയുടെ പൂര്‍ത്തിയാക്കല്‍ ആരോഗ്യ വകുപ്പ് മനപ്പൂര്‍വ്വം വൈകിക്കുകയാണെന്ന് തൊഴിലാളി സംഘടനകള്‍ പറയുന്നു.എങ്കിലും അടുത്ത വര്‍ഷത്തോടെ ശമ്പള വര്‍ദ്ധനവ് യാഥാര്‍ഥ്യമെന്നാണ് സംഘടനാ പ്രതിനിധികള്‍ പ്രതീക്ഷിക്കുന്നത്.

Scroll To Top