Saturday November 18, 2017
Latest Updates

വീടുള്ളവര്‍ വീടില്ലാത്തവരുടെ സ്വപ്നങ്ങള്‍  തടയുന്നവെന്ന് ഡബ്ലിന്‍ സിറ്റി കൗണ്‍സില്‍ ചീഫ് എക്‌സിക്യൂട്ടിവ് ഓവന്‍ കീഗന്‍,വിവാദം പുകയുന്നു 

വീടുള്ളവര്‍ വീടില്ലാത്തവരുടെ സ്വപ്നങ്ങള്‍  തടയുന്നവെന്ന് ഡബ്ലിന്‍ സിറ്റി കൗണ്‍സില്‍ ചീഫ് എക്‌സിക്യൂട്ടിവ് ഓവന്‍ കീഗന്‍,വിവാദം പുകയുന്നു 

ഡബ്ലിന്‍:ഡബ്ലിന്‍ നഗരത്തിലെ ആയിരകണക്കിന് ഏക്കര്‍ വരുന്ന വന്‍കിട പാര്‍ക്കുകളില്‍ കുറേയെങ്കിലും കെട്ടിട നിര്‍മ്മാണ ആവശ്യങ്ങള്‍ക്കായി വിട്ടു കൊടുക്കാന്‍ തയ്യാറാവണമെന്ന് ഡബ്ലിന്‍ സിറ്റി കൗണ്‍സില്‍ ചീഫ് എക്‌സിക്യൂട്ടിവ്.സുപ്രധാന പരിഗണന പൗരന്‍മാരുടെ ക്ഷേമത്തിനായാണ് നല്കുന്നതങ്കില്‍ ജനങ്ങളും രാഷ്ട്രീയക്കാരും മാറി ചിന്തിയ്ക്കണമെന്നു സി ഇ ഓ ഓവന്‍ കീഗന്‍ ആവശ്യപ്പെട്ടു.

സ്വന്തമായി വീടുള്ളവര്‍ വീടില്ലാത്തവരുടെ സ്വപ്നങ്ങള്‍ക്കു തടയിടുകയാണെന്ന് ഡബ്ലിന്‍ സിറ്റി കൗണ്‍സില്‍ ചീഫ് എക്‌സിക്യൂട്ടിവ് വെളിപ്പെടുത്തി.കൂടുതല്‍ ആളുകളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന പാര്‍പ്പിട സമുച്ചയങ്ങളുടെയും ബഹുനില കെട്ടിടങ്ങളുടെയും നിര്‍മാണത്തിന് ഇവര്‍ എതിരു നില്‍ക്കുകയാണ്. ഡബ്ലിനില്‍ അര്‍ബന്‍ ലാന്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തങ്ങളുടെ മേഖലയില്‍ വലിയ കെട്ടിടങ്ങള്‍ക്ക് അനുമതി നിഷേധിക്കുന്നതിലൂടെ അവര്‍ വീടില്ലാത്തവരോട് ഐക്യദാര്‍ഡ്യം പ്രകടിപ്പിക്കാന്‍ മടിക്കുന്നു. തുറസായ സ്ഥലങ്ങളായി നീക്കിവച്ചിട്ടുള്ളിടത്ത് വീടുകള്‍ നിര്‍മിക്കുന്നതിലൂടെ മാത്രമേ രാജ്യത്തെ പാര്‍പ്പിടക്ഷാമം പരിഹരിക്കാനാകൂ. ഹൗസിങ് മേഖലയുടെ മോശം പ്രകടനത്തിന് ഡബ്ലിന്‍ സിറ്റി കൗണ്‍സില്‍ ഉത്തരവാദിയല്ല. പക്ഷേ, ഭൂമി ഉപയോഗത്തിന് നിയന്ത്രണങ്ങളുള്ള മേഖല സ്വകാര്യ മേഖലയ്ക്ക് കൈമാറി പ്രശ്‌ന പരിഹാരത്തിന് ശ്രമിക്കുന്നതില്‍ കൗണ്‍സിലിന് നിര്‍ണായക പങ്കു വഹിക്കാനുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

പൂള്‍ ബെഗ് പെനിസുല പോലുള്ള മേഖലയില്‍ വലിയ കെട്ടിടങ്ങള്‍ നിര്‍മിക്കാനാണ് കൗണ്‍സിലര്‍മാര്‍ ആഗ്രഹിക്കുന്നത്. പക്ഷേ, ഇത്തരം സംരക്ഷിത മേഖലകളില്‍ കെട്ടിടങ്ങളുടെ പരമാവധി ഉയരം അഞ്ചുനിലയ്ക്കപ്പുറം പാടില്ലെന്നാണു നിയമം. ഇവിടെ ഉയരംകൂടിയ കെട്ടിടം നിര്‍മിക്കാന്‍ അനുമതി നല്‍കുക എന്നത് കൗണ്‍സിലര്‍മാരെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടുള്ള കാര്യമാണ്. പലപ്പോഴും പൊതുജനവികാരം ഇത്തരം വമ്പന്‍ കെട്ടിടങ്ങള്‍ക്ക് എതിരാകുന്നതാണ് കാരണം- കീഗന്‍ പറഞ്ഞു.

എന്നാല്‍ ഇന്നലെ നടന്ന വിവിധ അഭിപ്രായസര്‍വേകളില്‍ ഡബ്ലിന്‍ സിറ്റി കൗണ്‍സില്‍ ചീഫ് എക്‌സിക്യൂട്ടിവിന്റെ നിര്‍ദേശങ്ങള്‍ക്കെതിരെ ജനരോഷമിരമ്പി.പറയാന്‍ പാടില്ലാത്ത വിഷയമാണ് സി ഇ ഓ അവതരിപ്പിക്കുന്നതെന്ന് സോഷ്യല്‍ മീഡിയയില്‍ അഭിപ്രായമുയര്‍ന്നു.അഭിപ്രായ വോട്ടെടുപ്പുകളില്‍ എണ്‍പത് ശതമാനം പേരും കീഗന്റെ നിര്‍ദേശത്തെ പിന്തുണച്ചുമില്ല.

Scroll To Top