Thursday December 08, 2016
Latest Updates

ഐറിഷുകാര്‍ സെന്റ് പാട്രിക്‌സ് ദിനം ആഘോഷിക്കുന്നത് എങ്ങനെ ?

ഐറിഷുകാര്‍ സെന്റ് പാട്രിക്‌സ് ദിനം ആഘോഷിക്കുന്നത് എങ്ങനെ ?

ഡബ്ലിന്‍: സെന്റ് പാട്രിക്‌സ് ദിനാഘോഷത്തിന്റെ പ്രതീകമാണ് ഷമ്രൊക് ചെടിയുടെ മൂന്നിലകള്‍. ഈ മൂന്നില ചെടി പാട്രിക് ദിനാഘോഷത്തിന്റെ ഭാഗമായി മാറിയതിന് പിന്നില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ചരിത്രമുണ്ട്. പതിനേഴാം നൂറ്റാണ്ട് മുതലോ പതിനെട്ടാം നൂറ്റാണ്ട് മുതലോ ആണ് ഷമ്രൊക് ചെടിയുടെ ഇലകള്‍ പാട്രിക് ദിനാഘോഷത്തില്‍ ഉപയോഗിച്ച് തുടങ്ങിയതെന്നാണ് ചരിത്രം.

പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ് എന്ന ത്രിത്വ സങ്കല്‍പ്പം ഐറിഷ് ജനതയെ പറഞ്ഞു മനസിലാക്കുന്നതിനായി പാട്രിക് പുണ്യാളന്‍ മൂന്നില ചെടി ഉപയോഗിച്ചുവെന്നാണ് വിശ്വാസം. പതിനേഴാം നൂറ്റാണ്ടിലും പതിനെട്ടാം നൂറ്റാണ്ടിലും അയര്‍ലണ്ട് അടക്കി ഭരിച്ച ബ്രിട്ടീഷുകാരോടുള്ള കത്തോലിക്ക ജനവിഭാഗത്തിന്റെ പ്രതിഷേധം രേഖപ്പെടുത്താനും അവര്‍ ഈ മൂന്നില ചെടി ഉപയോഗിച്ചിരുന്നു.

വിശ്വാസത്തിന്റെ ഭാഗമായി ഉരുത്തിരിഞ്ഞ മൂന്നില ധരിക്കുന്ന ഈ ശൈലി ഇപ്പോള്‍ വിദേശ രാജ്യങ്ങളില്‍ അയര്‍ലണ്ടിന്റെ പ്രതീകമായി മാറി. വിദേശ രാജ്യങ്ങളില്‍ അയര്‍ലണ്ടിനെ പ്രതിനിധീകരിക്കുന്ന എന്ത് കാര്യത്തിനും മൂന്നില ഒരു പ്രതീകമായി മാറി. ഇപ്പോള്‍ സെന്റ് പാട്രിക്‌സ് ദിനാഘോഷം അയര്‍ലണ്ട് പൌരന്മാരെപ്പോലെ തന്നെ വിദേശികള്‍ക്കും പ്രാധാന്യമുള്ള ആഘോഷമാണ്. അമേരിക്ക ഉള്‍പ്പെടെ വിവിധ വിദേശ രാജ്യങ്ങളില്‍ സെന്റ് പാട്രിക്‌സ് ദിനം ആഘോഷിക്കപ്പെടുന്നു.

1845 മുതല്‍ വിവിധ വിദേശ രാജ്യങ്ങളിലേക്ക് കുടിയേറിയ ഐറിഷ് പൌരന്മാരാണ് വിദേശ രാജ്യങ്ങളിലും സെന്റ് പാട്രിക്‌സ് ദിനാഘോഷത്തിന് പ്രചാരം നേടിക്കൊടുത്തത്. അമേരിക്കയില്‍ മാത്രം അയലണ്ടില്‍ നിന്ന് കുടിയേറിയ പൌരന്മാരുടെ എണ്ണം 34 മില്യന്‍ ആണെന്നാണ് സെന്‍സസ് കണക്കുകള്‍ പറയുന്നത്. വിദേശ രാജ്യങ്ങളില്‍ നടക്കുന്ന സെന്റ് പാട്രിക്‌സ് ദിന പരേഡില്‍ ഏറ്റവും വലിയ ആഘോഷം നടക്കുന്നത് ന്യുയോര്‍ക്കില്‍ ആണെന്നാണ് റിപ്പോര്‍ട്ട്. 150,000 പേര്‍ പങ്കെടുക്കുന്നതാണ് ഇവിടുത്തെ സെന്റ് പാട്രിക്‌സ് ദിന പരേഡ്.

1931 ല്‍ അയര്‍ലണ്ടില്‍ ഔദ്യോഗികമായി രേഖപ്പെടുത്തിയ ആദ്യ സെന്റ് പാട്രിക്‌സ് ദിന പരേഡ് നടന്നു. പിന്നീട് 1990 കള്‍ മുതല്‍ ഗവണ്‍മെന്റ് നേതൃത്വത്തിലാണ് സെന്റ് പാട്രിക് ദിനാഘോഷം നടക്കുന്നത്. സെന്റ് പാട്രിക് ദിനാഘോഷം ഗവണ്‍മെന്റ് ഏറ്റെടുത്തതോടെ ഒരു ദിവസത്തെ ആഘോഷത്തിനു പകരം അഞ്ചു ദിവസം നീണ്ടു നില്ക്കുന്ന വ്യത്യസ്തമായ ആഘോഷപരിപാടികള്‍ ആരംഭിച്ചു. ഇതോടെ അയര്‍ലണ്ടിലേക്ക് വിനോദ സഞ്ചാരികളുടെ ഒഴുക്കും വര്‍ദ്ധിച്ചു. സെന്റ് ദിനാഘോഷത്തോട് അനുബന്ധിച്ച് മാത്രം ലക്ഷക്കണക്കിന് വിനോദ സഞ്ചാരികളാണ് അയര്‍ലണ്ടിലേക്ക് വിമാനം കയറുന്നത്.

പച്ച നിറം സെന്റ് പാട്രിക്‌സ് ദിനാഘോഷത്തിന്റെ മറ്റൊരു പ്രതീകമാണ്. സെന്റ് പാട്രിക് ദിനാഘോഷത്തിന് ചിക്കാഗോ നദി പച്ച നിറമാക്കിയാതോടെയാണ് പച്ച നിറത്തിനു സെന്റ് പാട്രിക് ദിനാഘോഷത്തില്‍ പ്രാധാന്യം കൈവന്നത്. തുടര്‍ന്ന് ഐറിഷ് പാര്‍ലമെന്റ, സിഡ്‌നി ഓപ്പെറ ഹൌസ്, നയാഗ്ര വെള്ളച്ചാട്ടം തുടങ്ങിയ പ്രമുഖ ലാന്‍ഡ്മാര്‍ക്കുകള്‍ സെന്റ് പാട്രിക്‌സ് ദിനാഘോഷത്തിനായി പച്ച നിറം നല്‍കിയിട്ടുണ്ട്.

Scroll To Top