Tuesday December 06, 2016
Latest Updates

അയര്‍ലണ്ടില്‍ വാടകയ്ക്ക് താമസിക്കുന്നവരുടെ എണ്ണം കുതിച്ചുയരുന്നു,വാടക 25 ശതമാനം വരെ കൂടിയേക്കുമെന്ന് സര്‍വേ ഫലങ്ങള്‍

അയര്‍ലണ്ടില്‍ വാടകയ്ക്ക് താമസിക്കുന്നവരുടെ എണ്ണം കുതിച്ചുയരുന്നു,വാടക 25 ശതമാനം വരെ കൂടിയേക്കുമെന്ന് സര്‍വേ ഫലങ്ങള്‍

കോര്‍ക്ക് :അയര്‍ലണ്ടില്‍ വാടകയ്ക്ക് താമസിക്കുന്നരുടെ എണ്ണം കുതിച്ചുയരുന്നു. നിലവില്‍ 856,000ഓളം പേരാണ് രാജ്യത്ത് വാടകക്കാരായി കഴിയുന്നത്. സെപ്റ്റംബര്‍ മാസത്തില്‍ വാടകക്കാരുടെ എണ്ണം 1.9% വര്‍ദ്ധിച്ചതായി സിഎസ്ഒ കണക്കുകള്‍ വ്യക്തമാക്കുന്നു. 2007നു ശേഷം ആദ്യമായാണ് ഒരു മാസം ഇത്രയും വലിയ വര്‍ദ്ധനവ് ഉണ്ടാകുന്നത്.വിദ്യാര്‍ഥികള്‍ക്ക് അയര്‍ലണ്ടില്‍ പഠിക്കാന്‍ അനുമതി നല്കിയതുവഴി പുതിയതായി എത്തിയവരുടെ എണ്ണം തന്നെ ആയിരക്കണക്കിന് വരും.

ഡബ്ലിനിലാണ് വാടകക്കാര്‍ ഏറ്റവും കൂടുതല്‍. 2011നെ അപേക്ഷിച്ച് 61% വാടകക്കാരുടെ വര്‍ദ്ധനവാണ് ഡബ്ലിനില്‍ സ്വകാര്യ മേഖലയില്‍ ഉണ്ടായിട്ടുള്ളത്.

ഹൗസിങ് ഏജന്‍സിയായ സാവില്‍സിന്റെ റിപ്പോര്‍ട്ട് പ്രകാരം ഡബ്ലിനിലെ നാലില്‍ ഒന്ന് വീടുകളും (24.5%) വാടകയ്ക്ക് നല്‍കപ്പെടുകയാണ്. 2018 ആകുമ്പോഴേക്കും നിലവിലുള്ളതിനെക്കാള്‍ 26% വര്‍ദ്ധനവ് ഇക്കാര്യത്തില്‍ ഉണ്ടാകുമെന്നും റിപ്പോര്‍ട്ട് പറയുന്നു.

വാടകവീടുകള്‍ക്ക് ആവശ്യക്കാര്‍ ഏറുന്നുണ്ടെങ്കിലും വീടുകള്‍ ലഭിക്കാനില്ലാത്ത സ്ഥിതിയാണ്. ഇത് വീട്ടു വാടക വര്‍ദ്ധിക്കാന്‍ കാരണമാകുകയും ചെയ്യുന്നു.അയര്‍ലണ്ടില്‍ വീട്ടുവാടക 25% വര്‍ദ്ധിക്കാന്‍ സാധ്യത

അതേസമയം അയര്‍ലണ്ടില്‍ അടുത്ത രണ്ടു വര്‍ഷത്തിനിടെ വീട്ടുവാടക 25% വര്‍ദ്ധിക്കാന്‍ സാധ്യതയെന്ന് വെളിവാക്കുന്ന സര്‍വേ ഫലവും കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു.വീടുകളുടെ ലഭ്യത കുറഞ്ഞതാണ് വാടക വര്‍ദ്ധിക്കാന്‍ കാരണം. സെന്‍ട്രല്‍ ബാങ്കിന്റെ പുതിയവായ്പാ നയവും, വില കൂടാന്‍ കാരണമാണ്.ഹൗസിങ് എസ്റ്റേറ്റ് ഗ്രൂപ്പായ സാവില്‍സ് അയര്‍ലണ്ടാണ് സര്‍വേ നടത്തി ഫലം പുറത്തുവിട്ടത് എന്നതിനാല്‍ ഊതിപ്പെരുപ്പിച്ച കണക്കുകള്‍ ഉണ്ടെന്ന്  പ്രതീക്ഷിക്കാമെങ്കിലും അയര്‍ലണ്ടില്‍ വീടുകള്‍ കുറവാണ് എന്നത് യാഥാര്‍ഥ്യമാണ്.

ജൂലൈ വരെയുള്ള 12 മാസത്തിനിടെ രാജ്യത്തെ വീടുകള്‍ക്ക് 10% വാടക വര്‍ദ്ധിച്ചതായാണ് സര്‍വേയുടെ കണ്ടെത്തല്‍. ഡബ്ലിനിലാണ് വാടക ഏറ്റവും കൂടുതല്‍. 12 മാസത്തിനിടെ ഡബ്ലിനില്‍ 113 യൂറോയോളമാണ് വാടക കൂടിയത്.

രാജ്യത്ത് ഏകദേശം 328,700 പേര്‍ സ്വകാര്യ വ്യക്തികള്‍ നടത്തുന്ന വാടക വീടുകളില്‍ കഴിയുന്നുവെന്നാണ് കണക്ക്. ഇനി വെറും 1.45% വീടുകള്‍ മാത്രമാണ് സ്വകാര്യ മേഖലയില്‍ രാജ്യത്ത് വാടകയ്ക്ക് നല്‍കാനായി ബാക്കിയുള്ളത്. രാജ്യത്ത് എല്ലാവര്‍ക്കും താമസം ലഭ്യമാകണമെങ്കില്‍ ഇതിനെക്കാള്‍ 300% വീടുകള്‍ അധികം വേണമെന്നും സാവില്‍സ് വ്യക്തമാക്കി.

ഐറിഷ് മലയാളി ന്യൂസ് ബ്യുറോ

Scroll To Top