Friday April 28, 2017
Latest Updates

കുത്തകക്കാര്‍ വീടുകള്‍ വാങ്ങിക്കൂട്ടുന്നു, ഒരിടത്തും ആവശ്യക്കാരന് വീട് കിട്ടുന്നില്ല,അയര്‍ലണ്ടില്‍ എമ്പാടും വാടകയും മുന്നോട്ടു തന്നെ

കുത്തകക്കാര്‍ വീടുകള്‍ വാങ്ങിക്കൂട്ടുന്നു, ഒരിടത്തും ആവശ്യക്കാരന് വീട് കിട്ടുന്നില്ല,അയര്‍ലണ്ടില്‍ എമ്പാടും വാടകയും മുന്നോട്ടു തന്നെ

ഡബ്ലിന്‍ :വീടുകളുടെ വിലയും വാടകയും മുന്നോട്ടുതന്നെ കുതിക്കുന്നതിനിടെ കാശുള്ളവര്‍ വീടുകള്‍ വാങ്ങിക്കൂട്ടുന്ന സ്ഥിതിവിശേഷം അയര്‍ലണ്ടില്‍ സംജാതമായിരിക്കുന്നു.ആദ്യമായി വീടു വാങ്ങുന്നവരെ സഹായിക്കാനായി പദ്ധതികള്‍ നടപ്പിലാക്കിയിട്ടുണ്ടെങ്കിലും ഇവരെ പിന്തള്ളി നിക്ഷേപകര്‍ വീടുകള്‍ വാങ്ങിക്കൂട്ടുകയാണ്. സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓഫിസിന്റെ (CSO) ഏറ്റവും പുതിയ കണക്കു പ്രകാരം 128 വിപണികളില്‍ 62 വിപണികളിലും വീടുകള്‍ വാങ്ങുന്ന കാര്യത്തില്‍ മുന്നിട്ടു നില്‍ക്കുന്നത് നിക്ഷേപകരാണ്. ബാക്കിയുള്ളവ മാത്രമേ ആദ്യമായി വീടു വാങ്ങുന്നവര്‍ക്ക് ലഭിച്ചിട്ടുള്ളൂ.

ആകെയുള്ള 26 കൗണ്ടികളില്‍ 19 എണ്ണത്തിലും നിക്ഷേപകരാണ് വീടുകള്‍ വാങ്ങുന്നതില്‍ മുന്‍പന്തിയില്‍. ആദ്യമായി വീടു വാങ്ങുന്നവര്‍ പിന്നോട്ടടിക്കപ്പെടുകയാണ്. കാവന്‍, ഡോണഗല്‍, ലെയ്ട്രിം, സ്ലൈഗോ, വാട്ടര്‍ഫോര്‍ഡ് എന്നിവിടങ്ങളില്‍ ആദ്യമായി വീടു വാങ്ങിയവരേക്കാള്‍ ഇരട്ടിയോളം വീടുകളാണ് നിക്ഷേകര്‍ വാങ്ങിച്ചൂകൂട്ടിയത്. അതേസമയം നിക്ഷേകര്‍ ഏറെയും പുതിയ വീടുകള്‍ക്കു പകരം സെക്കന്‍ഡ് ഹാന്‍ഡ് വീടുകളാണ് വാങ്ങുന്നത് എന്നും കണക്കുകള്‍ പറയുന്നു. ഈ വര്‍ഷം വിറ്റ പുതിയ വീടുകളില്‍ 23.2% നിക്ഷേപകരും, 25.2% ഫസ്റ്റ് ടൈം ബയേഴ്സും, 51.5 നേരത്തെ വീട് വാങ്ങിയിട്ടുള്ളവരുമാണ് വാങ്ങിയിട്ടുള്ളത്. ഡബ്ലിനിലേയ്ക്ക് യാത്രാ സൗകര്യമുള്ള ഇടങ്ങളിലെ വീടുകളാണ് ഫസ്റ്റ് ടൈം ബയര്‍മാര്‍ കൂടുതലായും വാങ്ങുന്നത്. ഡബ്ലിന്‍ 2വില്‍ വിറ്റ പ്രോപ്പര്‍ട്ടികളില്‍ 50%ലേറെയും, ഡബ്ലിന്‍ 1ലെ 44% വീടുകളും സ്വന്തമാക്കിയിരിക്കുന്നത് നിക്ഷേപകരാണ്.

വാടക കുത്തനെയുയരുന്ന പ്രദേശങ്ങളില്‍ വീടുകള്‍ വാങ്ങുകയാണ് നിക്ഷേപകര്‍ ചെയ്യുന്നത്.ശേഷം ഇവ വാടകയ്ക്ക് നല്‍കുന്നതു വഴി വമ്പന്‍ ലാഭമുണ്ടാക്കുകയും ചെയ്യുന്നു. ഗോള്‍വേ സിറ്റി, ലിമറിക്ക് സിറ്റി, ഡബ്ലിന്‍ 1,2,3,4,6,8, വാട്ടര്‍ഫോര്‍ഡ് സിറ്റി, കോര്‍ക്ക് സിറ്റി, കോര്‍ക്ക് കൗണ്ടിയിലെ മാലോ, കിന്‍സെയ്ല്‍, ബാന്‍ഡന്‍ എന്നിവിടങ്ങളിലെല്ലാം ഇതാണ് സ്ഥിതി. പലയിടങ്ങലിലും സ്വന്തമായി വീടു വാങ്ങിയവരെക്കാളും എണ്ണത്തില്‍ വളരെക്കൂടുതലാണ് കൂട്ടമായി വീടു വാങ്ങിയ നിക്ഷേപകര്‍. ഡബ്ലിന്‍ 2, കാവന്‍ കൗണ്ടിയിലെ കൂട്ടെഹില്‍, ഗോള്‍വേ കൗണ്ടിയിലെ ക്ലിഫ്ഡെന്‍, കോര്‍ക്ക് കൗണ്ടിയിലെ ഷാര്‍ലെവില്ലേ, ക്ലെയര്‍ കൗണ്ടിയിലെ കില്‍റഷ് എന്നിവ അതില്‍ ചില പ്രദേശങ്ങളാണ്.

സ്ഥിതി ഇത്തരത്തില്‍ തുടരുകയാണെങ്കില്‍ വാടകക്കാരെയും ആദ്യമായി വീടു വാങ്ങുന്നവരെയും സഹായിക്കാനായി കൊണ്ടുവന്ന നിയമങ്ങളും, വീടില്ലാത്തവര്‍ക്കായി നിര്‍മ്മിച്ചുകൊണ്ടിരിക്കുന്ന വീടുകളുമെല്ലാം വൃഥാവിലാകുമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. ഹൗസിങ് ഡിപ്പാര്‍ട്ട്മെന്റിന്റെ പുതിയ കണക്കു പ്രകാരം 2016ല്‍ രാജ്യത്ത് നിര്‍മ്മിക്കപ്പെട്ടത് 11,797 വീടുകളും അപ്പാര്‍ട്ട്മെന്റുകളുമാണ്. 15,000നും 17,000നും ഇടയില്‍ വീടുകളുടെ പണി ഈ വര്‍ഷത്തോടെ പൂര്‍ത്തിയാക്കണമെന്നായിരുന്നു സര്‍ക്കാര്‍ പദ്ധതിയിട്ടത്. രാജ്യത്തെ ഭവനപ്രതിസന്ധി പരിഹരിക്കാന്‍ 25,000 വീടുകളെങ്കിലും നിര്‍മ്മിക്കണമെന്നാണ് കണക്ക്.

വാടക മേഖലയും പ്രതിസന്ധിയിലാണ്. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 8.6% വര്‍ദ്ധിച്ചിരിക്കുകയാണ് വാടക.
ഐറിഷ് മലയാളി ന്യൂസ്

Scroll To Top