Saturday August 19, 2017
Latest Updates

ഭവന പ്രതിസന്ധി രൂക്ഷമാകുന്നു,ശമ്പളത്തിന്റെ 50 % വരെ വാടക ഇനത്തില്‍ ചിലവഴിക്കേണ്ടി വരുന്നുവെന്ന് കുടിയേറ്റക്കാര്‍,വാടകവീട് വിട്ടു മാതാപിതാക്കളുടെ കൂടെ താമസിക്കാന്‍ ഐറിഷ് യുവജനങ്ങള്‍ 

ഭവന പ്രതിസന്ധി രൂക്ഷമാകുന്നു,ശമ്പളത്തിന്റെ 50 % വരെ വാടക ഇനത്തില്‍ ചിലവഴിക്കേണ്ടി വരുന്നുവെന്ന് കുടിയേറ്റക്കാര്‍,വാടകവീട് വിട്ടു മാതാപിതാക്കളുടെ കൂടെ താമസിക്കാന്‍ ഐറിഷ് യുവജനങ്ങള്‍ 

ഡബ്ലിന്‍ :അയര്‍ലണ്ട് ഭവന പ്രതിസന്ധിയിലേയ്ക്ക് നീങ്ങുന്നതായി സൂചനകള്‍ ശക്തമാകുന്നു.ഡബ്ലിന്‍ അടക്കമുള്ള നഗരങ്ങളിലെ വാടക നിരക്ക് മുന്‍പെങ്ങും ഇല്ലാത്തത്ര ഉയരങ്ങളിലേയ്ക്ക് കയറുമ്പോള്‍ ഗ്രാമീണ മേഖലയില്‍ കാര്യമായ ചലനങ്ങള്‍ ദൃശ്യമല്ല.അതേ സമയം പുതിയ വീടുകള്‍ വാങ്ങാനൊരുങ്ങുന്നവരാവട്ടെ വിപണിയിലെ വീടുകളുടെ ദൗര്‍ലഭ്യം,ലഭ്യമായ വീടുകളുടെ വര്‍ദ്ധിച്ച വില,സെന്‍ട്രല്‍ ബാങ്കിന്റെ പുതിയ നയങ്ങളിലെ കാഠിന്യം എന്നിവ നിമിത്തം മടിച്ചു നില്‍ക്കുകയാണ്.

ഡബ്ലിന്‍ നഗരത്തില്‍ സാധാരണക്കാര്‍ക്ക് താമസ സൗകര്യം കിട്ടാക്കനിയാവുകയാണ്.വാടക വര്‍ദ്ധിപ്പിക്കാന്‍ ഒരുങ്ങുന്ന വീട്ടുടമസ്ഥര്‍ കടം നല്കിയ ബാങ്കുകള്‍ തങ്ങളെ ഭീഷണിപ്പെടുത്തുന്നതായി വാടകക്കാരെ ധരിപ്പിച്ച് അവരെ ഒഴിപ്പിച്ച് വാടക വര്‍ദ്ധിപ്പിച്ച് വീണ്ടും മറ്റുള്ളവര്‍ക്ക് നല്‍കുന്നത് സാധാരണ സംഭവം ആയിരിക്കുകയാണ്.

നിശ്ചിതസമയം പോലും നല്‍കാതെ തങ്ങളെ വാടക വീടുകളില്‍ നിന്നും മാറ്റുന്നതില്‍ പ്രതിഷേധിച്ച് പി ആര്‍ ടി ബി പോലെയുള്ള ഹൗസിങ്ങ് ഏജന്‍സികളില്‍ പരാതി അറിയിക്കുന്നവരോട് 90 ദിവസത്തെ നോട്ടിസ് രേഖാമൂലം നല്‍കാതെ വീടു മാറാന്‍ പറയാന്‍ വീട്ടുടമകള്‍ക്ക് അധികാരം ഇല്ലെന്ന് അവര്‍ വ്യക്തമാക്കുന്നുണ്ട് എങ്കിലും കൂടുതല്‍ പരാതിയ്ക്ക് പോവാതെ വാടകക്കാര്‍ വീടൊഴിഞ്ഞു കൊടുക്കുന്ന കാഴ്ച്ചയാണ് ഡബ്ലിനില്‍ കണ്ടു വരുന്നത്.

ഡബ്ലിന്‍ നഗരത്തില്‍ പുതിയതായി ജോലിയ്‌ക്കെത്തുന്ന ഐ.ടി ,കമ്മ്യൂണിക്കേഷന്‍ മേഖലകളിലെ ജോലിക്കാര്‍ക്ക് മിക്ക കമ്പനികളും കൂടിയ റെന്റ് അലവന്‌സ് നല്‍കുന്നതും സാധാരണക്കാരെ പ്രതികൂലമായി ബാധിക്കുന്നു.പറയുന്ന വിലയ്ക്ക് വീടെടുക്കാന്‍ ഉയര്‍ന്ന ജോലിയുള്ള ഇത്തരക്കാര്‍ തയാറാണ്.ഡബ്ലിനില്‍ 2300 യൂറോ വരെ അലവന്‍സ് വാങ്ങുന്ന തൊഴിലാളികള്‍ ഇക്കൂട്ടത്തില്‍ ഉണ്ട്.ഇതേ സൌകര്യങ്ങള്‍ ഉള്ള വീടിന് ഗ്രാമമേഖലയില്‍ വെറും 450 യൂറോ മാത്രമാണ് വാടക.

ഇന്നലെ പുറത്തു വന്ന ഏറ്റവും പുതിയ റെന്റ് റിപ്പോര്‍ട്ട് പ്രകാരം 2 ബെഡ് റൂം അപ്പാര്‍റ്റ്‌മെന്റിന് ഡബ്ലിന്‍ നഗരത്തിലെ വാടക നിരക്ക് 11% കൂടി 1147 യൂറോ ആയെന്നാണ് വ്യക്തമാക്കുന്നത്.എന്നാല്‍ ഡബ്ലിന്‍ 4 പോലെയുള്ള മേഖലകളില്‍ 1500 യൂറോയ്ക്ക് പോലും 2 ബെഡ് റൂം അപ്പാര്‍ട്ട്‌മെന്റ് ലഭ്യമല്ല എന്നതാണ് യാഥാര്‍ഥ്യം.ഗാള്‍വേ,കോര്‍ക്ക് എന്നി നഗരങ്ങളിലും വാടക നിരക്ക് കുത്തനെ ഉയരുന്നതയാണ് റിപ്പോര്‍ട്ട്.

അതെ സമയം ഈ നഗരങ്ങള്‍ ഒഴികെയുള്ള അയര്‍ലണ്ടിലെ വാടകക്കാര്‍ക്ക് പ്രതിമാസം 500 മുതല്‍ 1000 യൂറോ വരെ വാടക ഇനത്തില്‍ മാത്രം ലാഭിക്കാന്‍ കഴിയുന്നുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു.

പുതിയ വീടുകള്‍ സ്വന്തമാക്കാമെന്ന കാര്യത്തില്‍ അയര്‍ലണ്ടിലെ യുവജനങ്ങളും ഹതാശരാണെന്ന് സര്‍വ്വേ ഫലം. അവിവ ഹോം ഇന്‍ഷുറന്‍സിന്റെ നേതൃത്വത്തില്‍ 1000 ആളുകളിലായി നടത്തിയ സര്‍വ്വേയിലാണ് കൂടുതല്‍ ആളുകളും അയര്‍ലണ്ടില്‍ സ്വന്തമായി വീട് എന്നത് സ്വപ്നമായി തന്നെ അവശേഷിക്കാനാണ് സാധ്യതയെന്ന് പ്രതികരിച്ചത്.

18-25 വയസ്സിനിടയില്‍ പ്രായമുള്ളവരില്‍ ഭൂരിഭാഗവും പ്രതികരിച്ചത് അയര്‍ലണ്ട് സമീപഭാവിയില്‍ തന്നെ വാടകക്കാരുടെ രാജ്യമായി മാറും എന്നതരത്തിലാണ്.70 ശതമാനം ആളുകളും ഭാവിയിലും സ്വന്തം വീട് എന്ന സ്വപ്നം സഫലമാവില്ലെന്ന് പ്രതികരിച്ചു.

കൂടിയ വാടകയില്‍ നിന്നും രക്ഷപ്പെടാനും ഭവനവായ്പ്പക്കായുള്ള ഡിപ്പോസിറ്റ് ലാഭിക്കുന്നതിനുമായി തങ്ങള്‍ രക്ഷിതാക്കളുടെ അടുത്തേക്കു തന്നെ മടങ്ങിയതായി 25 മുതല്‍ 34 വരെ പ്രായമുള്ളവരില്‍ 25 ശതമാനത്തിലധികം പേരും പ്രതികരിച്ചു. 220,000 യൂറോയ്ക്കു മുകളില്‍ ഭവന വായ്പ്പയെടുക്കുന്നവര്‍ ഭവനവിലയുടെ 20% ഡെപ്പോസിറ്റ് കാണിക്കണമെന്നാണ് സെന്‍ട്രല്‍ ബാങ്കിന്റെ പുതിയ നിബന്ധന.

ജീവിത സുരക്ഷിതത്വം എന്നതാണ് സ്വന്തമായി ഭവനം എന്ന സ്വപ്നത്തിനായി തങ്ങളെ പ്രേരിപ്പിക്കുന്നതെന്ന് സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ ഭൂരിഭാഗവുംപ്രതികരിച്ചു. എന്നാല്‍ നാല്‍പ്പതു ശതമാനം ആളുകള്‍ തങ്ങളുടെ കുഞ്ഞുങ്ങള്‍ക്കായി മികച്ച ഒരു വീട് എന്ന സ്വപ്നമുള്ളവരാണെന്നും സര്‍വ്വേ ഫലം വ്യക്തമാക്കുന്നു. 

മലയാളികള്‍ അടക്കമുള്ള നഗരത്തിലെ കുടിയേറ്റക്കാരായ വാടകക്കാരാണ് ഇപ്പോള്‍ പ്രതിസന്ധിയെ നേരിടുന്നവരില്‍ അധികവും.ഭവനം കണ്ടെത്തുന്നതിന് അതികഠിനമായ തിരച്ചില്‍ നടത്തിയാലും വീടുകള്‍ ലഭിക്കാനില്ല എന്നതാണ് സത്യം.കൂടുതല്‍ ഭവനങ്ങള്‍ കണ്ടെത്തുന്നതിനും,കുറഞ്ഞ വിലയ്ക്കുള്ള ഭവന നിര്‍മ്മാണ മാര്‍ഗങ്ങള്‍ രൂപീകരിക്കുന്നതിനും സാമൂഹികമായ ഇടപെടലുകള്‍ ഉണ്ടായേ തീരു എന്ന അവസ്ഥയിലേയ്ക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്.

പോര്‍ട്ട് ലീഷ് ,മീത്ത് ,ലൌത്ത് വിക്ലോ അടക്കമുള്ള കൌണ്ടികളില്‍ താമസിച്ചു കൊണ്ട് നഗരത്തില്‍ എത്തി ജോലി ചെയ്യാനുള്ള തയാറെടുപ്പുകള്‍ നടത്തുന്നവര്‍ ഏറെയാണ്.ഒപ്പം നഗരത്തില്‍ തന്നെ പല പ്രദേശങ്ങളിലും കുടിയേറ്റക്കാര്‍ സ്വന്തം നിലയില്‍ ഭവനനിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനുള്ള തയാറെടുപ്പുകളും നടത്തുന്നുണ്ട്.ഡബ്ലിന്‍ പോലെയുള്ള നഗരങ്ങളില്‍ ജോലി ചെയ്തു സമ്പാദിക്കുന്ന ശമ്പളത്തില്‍ അമ്പതു ശതമാനം വരെ വാടക ഇനത്തില്‍ ചിലവഴിക്കേണ്ട അവസ്ഥ ഒഴിവാക്കാനുള്ള തീവ്രശ്രമത്തിലാണവര്‍. 

Scroll To Top