Tuesday December 06, 2016
Latest Updates

അയര്‍ലണ്ടില്‍ വീട് വാങ്ങേണ്ടെന്ന് തീരുമാനിക്കുന്നവര്‍ കൂടുന്നു,ഇനിയും വില കൂടുമെന്ന് റിപ്പോര്‍ട്ടുകള്‍

അയര്‍ലണ്ടില്‍ വീട് വാങ്ങേണ്ടെന്ന് തീരുമാനിക്കുന്നവര്‍ കൂടുന്നു,ഇനിയും വില കൂടുമെന്ന് റിപ്പോര്‍ട്ടുകള്‍

ഡബ്ലിന്‍:അയര്‍ലണ്ടില്‍ ഭവന വില 6.7% വര്‍ദ്ധിച്ചതായി സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓഫിസ് (സി.എസ്.ഒ). ജൂലൈ വരെയുള്ള ഒരു വര്‍ഷത്തിനിടെയാണ് ഈ വര്‍ദ്ധനവ്.ഭവനവില വര്‍ദ്ധിക്കാനുള്ള സാധ്യതകള്‍ തന്നെയാണ് ഇപ്പോഴും നിലനില്‍ക്കുന്നതെന്ന വിദഗ്ദാഭിപ്രായവും വീട് വാങ്ങാന്‍ ആഗ്രഹിക്കുന്നവരെ ആശങ്കയിലാഴ്ത്തുന്നുണ്ട്.

എന്നാല്‍ 2007 ഏപ്രിലിലെ വിലയെക്കാള്‍ 34.7% കുറവാണ് ഇപ്പോഴും വിലനിലവാരം എന്നത് നേരിയ ആശ്വാസം പകരുന്നുണ്ട്.

ആവശ്യക്കാര്‍ക്ക് അനുസൃതമായി വീടുകള്‍ ലഭ്യമല്ലാത്തതും,പുതിയ കുടിയേറ്റങ്ങളുമാണ് ഭവനവില താഴാതെ നില്‍ക്കാന്‍ കാരണമാവുന്നത്.

വില വര്‍ദ്ധനവ് കാരണം 2014 -15 കാലഘട്ടത്തിനുള്ളില്‍ പുതിയ വീടുകള്‍ വാങ്ങേണ്ട എന്നു തീരുമാനിച്ചവരുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായതായും സി.എസ്.ഒ റിപ്പോര്‍ട്ട് പറയുന്നു.2010ല്‍ ആകെ വില്‍പ്പനയുടെ 53.1% പേരും ആദ്യമായി വീടു വാങ്ങിയവരായിരുന്നു. എന്നാല്‍ 2015ലേയ്ക്കെത്തുമ്പോള്‍ വെറും 24.4% പേര്‍ മാത്രമാണ് ആദ്യമായി വീടു വാങ്ങുന്നത്.

ഡബ്ലിന്‍ 6ലാണ് വീടുകള്‍ക്ക് ഏറ്റവുമധികം വില നല്‍കേണ്ടിവരുന്നത്. ശരാശരി 733,006 യൂറോയാണ് ഇവിടെ വില. ഡബ്ലിന്‍ 4ല്‍ 724,535 യൂറോയും ഒരു വീടിന് ശരാശരി വില നല്‍കണം.

ഡബ്ലിനു പുറമെ വിക്ക്ലോയിലെ ഗ്രേസ്റ്റോണ്‍സിലാണ് ഭവനവില ഏറ്റവുമധികം; 404,717 യൂറോ. രാജ്യത്ത് ഏറ്റവും കുറഞ്ഞ വിലയ്ക്ക് വീടു ലഭിക്കുന്നതാകട്ടെ റോസ്‌കോമണിലെ കാസ്റ്റ്ലെറിയയിലും; 72,350 യൂറോ.

Scroll To Top