Saturday July 21, 2018
Latest Updates

ഡബ്ലിന്‍ നഗരത്തിലെ വീടുവിലയില്‍ നാമമാത്ര കുറവ്, ബ്‌ളാഞ്ചസ് ടൗണ്‍ മേഖലയില്‍ വിലക്കയറ്റം, വിലക്കുറവ് തുടരുമെന്ന് ഭവനമേഖലയിലെ വിദഗ്ദര്‍ 

ഡബ്ലിന്‍ നഗരത്തിലെ വീടുവിലയില്‍ നാമമാത്ര കുറവ്, ബ്‌ളാഞ്ചസ് ടൗണ്‍ മേഖലയില്‍  വിലക്കയറ്റം, വിലക്കുറവ് തുടരുമെന്ന് ഭവനമേഖലയിലെ വിദഗ്ദര്‍ 

ഡബ്ലിന്‍:ഡബ്ലിനിലെ പല പ്രധാന മേഖലകളിലും വീടുവിലയില്‍ ഗണ്യമായ കുറവ് അനുഭവപ്പെടുന്നതായി പുതിയ റിപ്പോര്‍ട്ടുകള്‍.കഴിഞ്ഞ വര്‍ഷം അവസാനത്തോടുകൂടി രേഖപ്പെടുത്തിയ ഉയര്‍ന്ന നിരക്കില്‍ നിന്നും പെട്ടന്നാണ് വലിയതോതിലുള്ള കുറവ് അനുഭവപ്പെട്ടിട്ടുള്ളത്.അതേസമയം ബ്‌ളാഞ്ചസ് ടൌണ്‍ അടക്കം ഡബ്ലിന്റെ ചില പ്രധാന പ്രദേശങ്ങളിലും അയര്‍ലണ്ടിലെ 12 കൗണ്ടികളിലും വില വര്‍ദ്ധനവും കാണിക്കുന്നു.

വിലയില്‍ രാജ്യത്തെ തന്നെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലുള്ള ഡബ്ലിനില്‍-4 ലും,കബന്റ്റീലി മുതല്‍ സാഗറ്റ് വരെയുള്ള പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളിലും വളരെയധികം പുതിയ വീടുകള്‍ നിര്‍മിക്കുന്നതു രാജ്യത്തെ പ്രോപ്പര്‍ട്ടി മാര്‍ക്കറ്റില്‍ വലിയ വിലക്കുറവിന് കാരണമാകുമെന്ന് ഭവനമേഖലയിലെ വിദഗ്ദര്‍ വിലയിരുത്തുന്നു.

പെട്ടന്നുണ്ടായ വിലവര്‍ദ്ധനവിലെ വ്യത്യാസത്തില്‍ പ്രമുഖ സാമ്പത്തിക വിദഗ്ദ്ധര്‍ ആശങ്ക രേഖപ്പെടുത്തുന്നു. ‘വിലവര്‍ദ്ധനവ് തീര്‍ച്ചയായും മന്ദഗതിയിലാവുകയും ഗണ്യമായി കുറയുകയും ചെയ്യും,’ എഐബി ചീഫ് ഇക്കണോമിസ്റ്റ് ഒലിവര്‍ മന്‍ഗന്‍ പറഞ്ഞു.ആളുകളുടെ വരുമാനവും വീടുവിലയില്‍ ഉണ്ടായിരുന്ന വര്‍ദ്ധനവും തമ്മില്‍ ഉണ്ടായ അന്തരമാണ് ഇത്തരത്തില്‍ വിലകുറവിനു കാരണമായതെന്നും കരുതപ്പെടുന്നു.

‘ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്രൊഫഷണല്‍ ഓഷണേഴ്സ് ആന്‍ഡ് വാലുവേഴ്‌സ്’ നടത്തിയ ഗവേഷണ പ്രകാരം തലസ്ഥാന നഗരത്തിന്റെ ചില ഭാഗങ്ങളില്‍ 2017 ന്റെ രണ്ടാം പകുതിയില്‍ അനാവശ്യമായ വിലവര്‍ദ്ധനവാണ് ഉണ്ടായതെന്ന് കാണിക്കുന്നു. രണ്ട് ബെഡ് , മൂന്ന് ബെഡ്, നാല് ബെഡ് അപ്പാര്‍ട്ട്‌മെന്റുകള്‍ തുടങ്ങിയ വിവിധതരം വീടുകളെ ഉള്‍പ്പെടുത്തിയ പഠനം ഒരേ തരത്തിലുള്ള വീടുകള്‍ക്ക് തന്നെ അയര്‍ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ വ്യത്യസ്തമായ നിരക്ക് കാണിക്കുന്നതായി വ്യക്തമാക്കി .

ജനുവരിയില്‍ നടന്ന ഡാഫ്റ്റ് റിപ്പോര്‍ട്ടിലെ കണക്കുകള്‍ പ്രകാരം പോലും 2017 ല്‍ ആദ്യ ആറ് മാസത്തിനിടയ്ക്ക് രാജ്യത്ത് 8.8 ശതമാനം വര്‍ദ്ധനവ് ഉണ്ടായപ്പോള്‍ രണ്ടാമത്തെ പകുതിയില്‍ 2 ശതമാനം വര്‍ധനവ് മാത്രമാണ് കാണിക്കുന്നത്.പിന്നീട് വില ക്രമേണ കുറയുകയാണ്.

കഴിഞ്ഞ വര്‍ഷം ശരാശരി 11 % വരെ ഉണ്ടായ ഉയര്‍ച്ചാനിരക്ക് ഈ വര്‍ഷം 6% വരെയേ ഉണ്ടാകു എന്നാണ് സൂചന.

ശക്തമായ തൊഴിലവസര വളര്‍ച്ചയും വരുമാനത്തില്‍ ഉണ്ടായ വര്‍ധനവും ഡബ്ലിനിലെ ഭവന നിര്‍മ്മാണത്തിന് കൂടുതല്‍ ആവശ്യക്കാര്‍ ഉണ്ടാകുന്നതിനു കാരണമാകുമെന്നും മന്‍ഗന്‍ അഭിപ്രായപ്പെട്ടു.മാത്രമല്ല പണം വിദേശത്തു നിന്നും കൊണ്ടുവന്ന് വീടുവാങ്ങുന്നവരുടെ എണ്ണവും വര്‍ദ്ധിച്ചു വരികയാണ്.ഡബ്ലിനിലെ ഭവന വില്‍പ്പനയില്‍ ബ്രെക്‌സീറ്റും സ്വാധീനം ചെലുത്തുമെന്ന് അദ്ദേഹം പറയുന്നു.

പുതിയ വീടുകള്‍ക്ക് മാര്‍ക്കറ്റ് വിലയില്‍ കുറഞ്ഞ തോതിലുള്ള വിലകുറവ് മാത്രം അനുഭവപ്പെടുമ്പോഴും പഴയ വീടുകള്‍ക്ക് ഗണ്യമായ തോതില്‍ വില കുറയുന്നുണ്ട്.വര്‍ഷങ്ങളായി വില്‍പ്പനയ്ക്ക് ഇടാനാവാതിരുന്ന ആയിരക്കണക്കിന് പഴയവീടുകള്‍ ബാങ്കുകള്‍ ഉള്‍പ്പെടെയുള്ളവര്‍ മാര്‍ക്കറ്റിലിറക്കാന്‍ കിണഞ്ഞു പരിശ്രമിക്കുന്നതിനാല്‍ പഴയ വീടുകള്‍ ആകര്‍ഷകമായ വിലയ്ക്ക് ലഭിക്കാനുള്ള സാധ്യത ക്രമേണ പുതിയ വീടുകളുടെയും വിലയെ സ്വാധീനിക്കുമെന്ന് ഭവന വിദഗ്ദര്‍ പ്രതീക്ഷിക്കുന്നു.

Scroll To Top