Monday October 22, 2018
Latest Updates

അയര്‍ലണ്ടില്‍ വീടുവാങ്ങുന്നവര്‍ക്കുള്ള ഹൗസിങ് ഗ്രാന്റ് നിര്‍ത്തലാക്കാന്‍ ആലോചന ഒന്നിലും വിശ്വാസമില്ലാത്ത മട്ടില്‍ സോഷ്യല്‍ മീഡിയ ചര്‍ച്ചകള്‍

അയര്‍ലണ്ടില്‍ വീടുവാങ്ങുന്നവര്‍ക്കുള്ള ഹൗസിങ് ഗ്രാന്റ് നിര്‍ത്തലാക്കാന്‍ ആലോചന ഒന്നിലും വിശ്വാസമില്ലാത്ത മട്ടില്‍ സോഷ്യല്‍ മീഡിയ ചര്‍ച്ചകള്‍

ഡബ്ലിന്‍:കഴിഞ്ഞ ബജറ്റില്‍ കൊണ്ടുവന്ന ‘ഹൗസിങ് ഗ്രാന്റ് പദ്ധതി നിര്‍ത്തലാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. വീട് വാങ്ങാനെത്തുന്നവരെ സഹായിക്കുന്നതിനും ഭവനരംഗത്തെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുമുള്ള മാര്‍ഗമെന്ന നിലയിലാണ് മുന്‍ മന്ത്രി സൈമണ്‍ കോവ്നെ ഈ പദ്ധതി നടപ്പാക്കിയത്.
ഭവന വിലയുടെ 5 ശതമാനം അഥവാ പരമാവധി 20000 യൂറോവരെ ആദ്യമായി വീട് വാങ്ങുന്നവർക്ക് ടാക്സ് ഇളവിലൂടെ നല്‍കാനായിരുന്നു പദ്ധതി.

എന്നിരുന്നാലും പുതിയ മന്ത്രി ഇയോന്‍ മര്‍ഫി ഈ ഗ്രാന്റ് നിര്‍ത്തുന്നതിനെക്കുറിച്ച് സജീവമായ ആലോചനയിലാണ്.പുതിയ ആളുകളെക്കൊണ്ട് വാങ്ങിപ്പിക്കുന്നത് പ്രോല്‍ഹിപ്പിക്കുന്നതിനേക്കാള്‍ കൂടുതല്‍ വീടുകള്‍ നിര്‍മിക്കുന്നതിനാണ് മന്ത്രി മര്‍ഫി പരിഗണന നല്‍കുന്നത്.അങ്ങനെ വീടുകളുടെ ദൗര്‍ലഭ്യം പരിഹരിക്കുകയാണ് ലക്ഷ്യം.

വാങ്ങുന്നതിനെ സഹായിക്കുന്നതിനേക്കാളുപരി ഭവനങ്ങളുടെ കുറവ് പരിഹരിക്കുന്നതിനുള്ള നേരിട്ടുള്ള നടപടികളാണ് ആവശ്യം-ഉന്നത ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി.ഇലക്ഷന്‍ പ്രചാരണത്തിനിടെ ലിയോ വരദ്കര്‍ ഇത്തരമൊരു നിര്‍ദേശം മുന്നോട്ടുവെച്ചിരുന്നു. ആ നിര്‍ദേശമാണ് ഇപ്പോള്‍ നടപ്പാക്കുന്നതെന്നാണ് സൂചന.ഇപ്പോള്‍ വിപണി പ്രവര്‍ത്തിക്കുന്നേയില്ല.അത് പരിഹരിക്കാന്‍ അര്‍ഥപൂര്‍ണവും ബോധപൂര്‍വവുമായ സര്‍ക്കാര്‍ ഇടപെടലുകള്‍ ആവശ്യമാണ്- ഉദ്യോഗസ്ഥന്‍ പറഞ്ഞു.

എന്നാല്‍ ഈ പ്രശ്നത്തില്‍ ധനകാര്യ വകുപ്പിന്റെ പിന്തുണ ഉണ്ടോയെന്നത് സംശയകരമാണ്.വാങ്ങാനെത്തുന്നവര്‍ക്ക് സഹായകമായിരുന്നെങ്കിലും സര്‍ക്കാര്‍ ധന സഹായം വീടുകളുടെ വിലവര്‍ധനയ്ക്കിടയാക്കിയിരുന്നു.അതേ സമയം, ഈ പ്രോജക്ട് നിര്‍ത്തലാക്കുന്നത് മുന്‍ ഭവന മന്ത്രിയും ലിയോ വരദ്കറുടെ പ്രധാന എതിരാളിയുമായ സൈമണ്‍ കോവ്നെയ്ക്കുള്ള തിരിച്ചടിയായാണ് വിലയിരുത്തപ്പെടുന്നത്. ഇദ്ദേഹത്തിന്റെ സ്വന്തം പദ്ധതികയെന്ന നിലയിലാണ് ഈ സ്‌കീം വിലയിരുത്തപ്പെട്ടിരുന്നത്.ഫിനഗേല്‍ രാഷ്ട്രീയ മല്‍സരത്തില്‍ കോവ്നെയ്ക്ക് ഇത് വലിയ മൈലേജ് ഉണ്ടാക്കിയിരുന്നു. പാര്‍ടിയില്‍ പോലും പോരാട്ടം നടത്തിയാണ് സഹായ പദ്ധതി നടപ്പാക്കിയത്. അതാണ് നിര്‍ത്തലാക്കാന്‍ ആലോചിക്കുന്നത്.
2017 ജൂലൈയോടെ വീടില്ലാത്തവരെയെല്ലാം ഹോട്ടലുകളില്‍ നിന്നും മാറ്റുമെന്നും കോവ്നെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ‘അതിരുകടന്ന ആഗ്രഹം’ എന്നാണ് അതിനെ പുതി മന്ത്രി വിശേഷിപ്പിച്ചത.

എന്നാല്‍ പുതുതായിവന്ന നിര്‍ദേശത്തോട് സോഷ്യല്‍ മാധ്യമങ്ങളില്‍ സമ്മിശ്രമായാണ് പ്രതികരിച്ചത്. ചിലര്‍ രൂക്ഷമായ ഭാഷയില്‍ കോവ്നെയെ ശകാരിച്ചപ്പോള്‍ മറ്റുചിലര്‍ നിശിതമായി വരദ്കറെയും മര്‍ഫിയേയും ആക്രമിച്ചു. ഭൂരിപക്ഷം ആളുകളും സര്‍ക്കാരില്‍ വിശ്വാസം ഇല്ലാത്ത നിലയിലാണ് പ്രതികരിച്ചത്.

‘സപ്ലൈയും വിതരണവും തമ്മിലുള്ള ബന്ധം എല്ലാവര്‍ക്കും അറിയാവുന്നതാണ്. സപ്ലൈ കൂട്ടിക്കൊണ്ട് മാത്രമേ ആവശ്യക്കാരെ കുറയ്ക്കാനാവൂ. അല്ലാതെ പണം കുത്തിവെക്കുന്നതുകൊണ്ട് പ്രത്യേകിച്ചു ഗുണമൊന്നും ചെയ്യില്ല’ -ഒരാള്‍ കുറിക്കുന്നു.അവര്‍ക്ക് ചുമ്മാ കൊടുത്താല്‍ മതിയല്ലോ ,കഠിനാധ്വാനം ചെയ്യുന്ന നികുതിദായകര്‍ ആ ഭാരവും പേറിക്കൊള്ളുമല്ലോ-മറ്റൊരാള്‍ പ്രതികരിച്ചു.

ഈ സാമ്പത്തിക സഹായ പദ്ധതി പ്രതികൂല ഫലമേ ഉണ്ടാക്കുകയുള്ളുവെന്ന് മുമ്പ് തന്നെ സാമ്പത്തിക വിദഗ്ധരും രാഷ്ട്രീയനേതാക്കളും മുന്നറിയിപ്പ് നല്‍കിയിരുന്നു.എന്നിട്ടും കോവ്നെ ഉറച്ചുനിന്നു. മന്ത്രിസഭ ഒന്നടങ്കം പിന്തുണയ്ക്കുകയും ചെയ്തതെന്ന് ടോണി ബ്രൗണ്‍ കുറ്റപ്പെടുത്തുന്നു.

ഭവനപ്രശ്നത്തില്‍ ഒരാള്‍ രണ്ടു മന്ത്രിമാരേയും വിമര്‍ശിക്കുന്നു-ജൂലൈയോടെ ഭവനരഹിതാവസ്ഥ ഇല്ലാതാക്കുമെന്ന പാഴ് വാഗ്ദാനത്തെക്കുറിച്ച് ആരും ചോദിക്കാത്തതെന്താണ്.’കോവ്നെക്ക് സമ്മര്‍ ആഘോഷിക്കാനായി പുതിയ കിടിലന്‍ മന്ത്രി സ്ഥാനും ചെലവിടാന്‍ കൂടുതല്‍ പണവും നല്‍കി.ഓരോ മാസവും ഇവിടെ 70ലേറെ കുടുംബങ്ങള്‍ വീടില്ലാത്തവരാകുന്നത് തുടരുന്നു.അതേസമയം സ്വജനപക്ഷപാതത്തിലൂടെ കൈവന്ന മന്ത്രിപ്പണിയുമായി ഇയോന്‍ മര്‍ഫിയും സമ്മര്‍ ആഘോഷിക്കുകയല്ലേ’..എന്നായി മറ്റൊരാള്‍.

വീടുകളുടെ വില കുതിക്കുന്നതും ആളുകള്‍ അതിനു പിന്നാലെ പായുന്നതും കാണാം.. മറ്റൊരാളുടെ ഭാവന പോകുന്നതിങ്ങനെ.പങ്കാളിത്ത ഉടമസ്ഥതയിലുള്ള ഭവനപദ്ധതിയിലേക്കു നമ്മള്‍ മടങ്ങാത്തതെന്താണെന്ന് ഒരാള്‍ ചോദിക്കുന്നു.സ്വന്തമായൊരു വീടുണ്ടാക്കാന്‍ മറ്റൊരു വഴിയും കാണുന്നില്ലെന്നും ഇദ്ദേഹം പറയുന്നു.പങ്കാളിത്ത ഉടമസ്ഥതയിലുള്ള ഭവനപദ്ധതി പരാജയപ്പെട്ടതാണെന്നു ഒരാള്‍ ഇതിനോട് പ്രതികരിക്കുന്നു.
സാധാരണക്കാര്‍ക്ക് താങ്ങാന്‍ പറ്റുന്ന വിലകളില്‍ കൂടുതല്‍ വീടുകളുണ്ടാക്കി നല്‍കുകയെന്നതാണ് പ്രശ്നപരിഹാരം അല്ലാതെ പണമൊഴുക്കിക്കൊണ്ട് എന്തെങ്കിലും നടപ്പാക്കാമെന്നു കരുതുന്നതില്‍ കാര്യമില്ല.രാജ്യത്തെ ആളുകള്‍ക്ക് കിടപ്പാടം നല്‍കുകയെന്ന ഉത്തരവാദിത്വം നിറവേറ്റാതെ വിലകുറഞ്ഞ ക്ഷമാപണവുമായി നടക്കുന്ന സര്‍ക്കാര്‍ അത് ലിയോയുടേതായാലും കെന്നിയുടേതായാലും അംഗീകരിക്കാനാവില്ല-വെക്‌സ് ഫോര്‍ഡിലെ ആന്റണി ഗല്ലാഹാര്‍ കോപാകുലനായാണ് പ്രതികരിച്ചത്.

‘ആ ആശയം മന്ത്രിക്കും അദ്ദേഹത്തിന്റെ താല്‍പര്യക്കാര്‍ക്കും വേണ്ടിയുള്ളതായിരുന്നു. അത് വര്‍ക്ക് ചെയ്യില്ലെന്നും അറിയാമായിരുന്നു’ ഒരാള്‍ കോവ്നെയ്ക്കെതിരെ പറയുന്നു.ആ പരിഹാസ്യമായ ഗ്രാന്റാണ് ഇവിടെ വില ഉയര്‍ത്തിയതെന്ന് ഒരാള്‍ അഭിപ്രായപ്പെടുന്നു.

ആദ്യ വാങ്ങലുകാരെ സഹായിക്കുന്നതുപോലെ മറ്റുള്ളവര്‍ക്കും സാമ്പത്തിക സഹായം നല്‍കണം.അത് ഒഴിഞ്ഞുകിടക്കുന്ന വീടുകള്‍ വില്‍ക്കുന്നതിനെ സഹായിക്കും.അതല്ലെങ്കില്‍ അത് ബില്‍ഡര്‍മാരുടെ പക്കലായിരിക്കും എത്തുക-ഒരാള്‍ പറയുന്നു. സപ്ലൈ മാത്രമാണ് മാര്‍ക്കറ്റ് നിയന്ത്രിക്കുന്നതെന്നത് പഴഞ്ചന്‍ ആയമാണെന്ന് ഒരാള്‍ ചൂണ്ടിക്കാട്ടുന്നു.

ഇതെല്ലാം രാഷ്ട്രീയക്കാരുടെതട്ടിപ്പാണെന്നു ആജ്രിയാന്‍ പറയുന്നു.കോവ്നെയുടെ പദ്ധതി വമ്പന്‍ പരാജയമായിരുന്നു. ഭവന വിപണിയില്‍ വിലക്കയറ്റമുണ്ടാക്കി.എന്നിട്ടും അയാളെ പ്രമോട്ട് ചെയ്ത് നല്ലൊരു വകുപ്പ് നല്‍കി.

മുമ്പ് പ്രാദേശിക കൗണ്‍സിലുകള്‍ വീടുണ്ടാക്കി കുറഞ്ഞവിലയില്‍ നല്‍കിയിരുന്നു.അതൊരു നല്ല സിസ്റ്റമായിരുന്നു. ഒരു ഇലക്ഷന്‍ കഴിഞ്ഞതോടെ ആ പദ്ധതിയേ കാണാതായി. അത് പ്രശ്നപരിഹാരമായിരുന്നുവെന്നും ഒരാള്‍ പറയുന്നു.ബില്‍ഡേഴ്സിനും ധനികര്‍ക്കുമായാണ് പദ്ധതികളെല്ലാമെന്ന് ഒരാള്‍ അഭിപ്രായപ്പെടുന്നു.ബില്‍ഡേഴ്സിന് വളരെ ലാഭം കൊയ്യാന്‍ വഴിതുറക്കുന്ന ഇത്തരം സ്‌കീമുകകള്‍ക്കെതിരെ ജാഗ്രതവേണമെന്നാണ് പൊതുസമൂഹത്തിന്റെ വിലയിരുത്തല്‍

Scroll To Top