Saturday October 20, 2018
Latest Updates

അയര്‍ലണ്ടിലെ ഭവനനിര്‍മ്മാണ പ്രതിസന്ധി ;പുതു നിര്‍ദേശം പരക്കെ ചര്‍ച്ച ചെയ്യപ്പെടുന്നു,ഒരു വിപ്ലവകാലം സമാഗതമാവുമോ ?

അയര്‍ലണ്ടിലെ ഭവനനിര്‍മ്മാണ പ്രതിസന്ധി ;പുതു നിര്‍ദേശം പരക്കെ ചര്‍ച്ച ചെയ്യപ്പെടുന്നു,ഒരു വിപ്ലവകാലം സമാഗതമാവുമോ ?

ഡബ്ലിന്‍ : അയര്‍ലണ്ടിന്റെ ഭവനപ്രതിസന്ധിക്ക് പരിഹാരം കാണാന്‍ ഉതകുന്നതെന്നു വിലയിരുത്തപ്പെടുന്ന പുതിയ ആശയം പരക്കെ ചര്‍ച്ചചെയ്യപ്പെടുകയാണ്.അയര്‍ലണ്ടിന്റെ നികുതി ഭൂമി നിയമങ്ങളില്‍ സമഗ്രമായ പൊളിച്ചെഴുത്തുണ്ടാകണമെന്ന നിര്‍ദ്ദേശമാണ് സാമ്പത്തിക വിദഗ്ധനായ ഡേവിഡ് മക് വില്ല്യംസ് മുന്നോട്ടുവെയ്ക്കുന്നത്.ഐറിഷ് ഭവന വിപണിയില്‍ ഒരു തകര്‍ച്ച ഉടന്‍ അനിവാര്യമാണെന്ന് കഴിഞ്ഞ മാസം പ്രവചിച്ച ഡേവിഡ് മക് വില്യംസിന്റെ പുതിയ നിര്‍ദേശങ്ങള്‍ക്കു അയര്‍ലണ്ടിലെ സാധാരണക്കാര്‍ക്കിടയില്‍ സ്വീകാര്യത ലഭിച്ചു കഴിഞ്ഞു.

ജപ്പാന്റെ ഭൂനികുതിയുടെ മോഡല്‍ അയര്‍ലണ്ടിന് സ്വന്തം സാഹചര്യത്തെ അടിസ്ഥാനമാക്കി രൂപപ്പെടുത്താമെന്നും ഇദ്ദേഹം അഭിപ്രായപ്പെടുന്നു.ജപ്പാനിലും ഭവനപ്രതിസന്ധി രൂക്ഷമായിരുന്നു. അവിടെ അലസമായി കിടക്കുന്ന ഭൂമിക്ക് നികുതി ചുമത്തുന്നതടക്കമുള്ള നടപടികളെടുത്തതോടെ പ്രശ്നം പരിഹരിക്കാന്‍ കഴിഞ്ഞു.

അയര്‍ലണ്ടിന്റെ സമ്പത്തിന്റെ 33 ശതമാനം സമ്പത്തും സ്വന്തമാക്കിയിരിക്കുന്നത് ഒരു ശതമാനത്തോളം ആളുകളാണെന്ന പഠന റിപ്പോര്‍ട്ട് ഈയിടെ പുറത്തുവന്നിരുന്നു.രാജ്യത്തിന്റെ സമ്പത്തിന്റെ 90 ശതമാനവും ഭൂമിയും വീടുകളും വസ്തുവകകളുമായി കൈവശം വച്ചിരിക്കുകയാണ്.ഈ റിപ്പോര്‍ട്ട് പുറത്തുവന്നതിനെ തുടര്‍ന്നാണ് ജപ്പാനെയും അവരുടെ ഭൂനികുതികളെയും കുറിച്ച് ചിന്തിക്കാന്‍ താന്‍ തയ്യാറായതെന്നാണ് ഇദ്ദേഹം വെളിപ്പെടുത്തുന്നു.

‘അയര്‍ലണ്ടിലെ ഭവനപ്രതിസന്ധി നേരിടുന്നതിന് സമ്പാദ്യ അസമത്വത്തെ അര്‍ത്ഥപൂര്‍ണ്ണമായി പരിഹരിക്കണം.അതിനായി അയര്‍ലണ്ട് ഭൂമി നികുതി പരിഷ്‌കരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.അത് സാധ്യമായാല്‍ ഭൂമി പൂഴ്ത്തിവയ്പുകള്‍ ഉന്മൂലനം ചെയ്യാനാകും.ഫലഭൂയിഷ്ഠമായി ഭൂമി ഉപയോഗിക്കുന്നത് വര്‍ദ്ധിക്കുകയും ചെയ്യും. ഇത് വികസനത്തിനായി കൂടുതല്‍ ഭൂമി ലഭ്യമാക്കുന്നതിനും ഇടയാക്കും.അയര്‍ലണ്ടില്‍ ഇപ്പോള്‍ ഭൂമിക്ക് മുഴുവനായി നികുതിയില്ല. വരുമാനഉപഭോഗ നികുതികളില്‍ നിന്ന് വന്‍ തുക സമാഹരിക്കുകയാണ് ചെയ്യുന്നത്.എന്നാല്‍ സമ്പത്തും ഭൂമിയും തൊടുന്നുമില്ല’ അദ്ദേഹം പറയുന്നു.

‘വിരോധാഭാസമെന്നു തോന്നിക്കുന്നെങ്കിലും ഭൂവിനിയോഗം ഉല്‍പ്പാദനക്ഷമമാകാന്‍ നികുതി ഏര്‍പ്പെടുത്തേണ്ടതുണ്ട്.അല്ലെങ്കില്‍ അതു കാര്യക്ഷമമായി ഉപയോഗിക്കാനുള്ള പ്രചോദനമുണ്ടാകില്ല. ഭൂവുടമകള്‍ ഭൂമി പൂഴ്ത്തിവെക്കുന്നു. ജനസംഖ്യ പെരുകി വരുന്നു’.

‘ഐറിഷ് സാമൂഹ്യ ക്രമം പരിശോധിച്ചാല്‍ വന്‍ തോതിലുള്ള ധനം തൊഴിലാളികളില്‍ നിന്നും സമ്പന്നമായ ഭൂപ്രഭുക്കളിലേക്ക് എത്തിക്കൊണ്ടിരിക്കുന്നതായി കാണാം. ഇത് സമ്പത്തിക അസമത്വം വര്‍ധിപ്പിക്കുന്നതിനിടയാക്കുന്നു. സമ്പന്നതയുടെ ഏറ്റവും ലളിതമായ മാര്‍ഗം ഇതിനെ അടിസ്ഥാനമാക്കിയുള്ളതാണ്. സമ്പന്നര്‍ കൂടുതല്‍ സമ്പന്നരാകുന്നതോടെ സമൂഹത്തില്‍ അവരുടെ പങ്കാളിത്തം കുറയുന്നു, അത് രാഷ്ട്രീയ തീവ്രവാദത്തത്തിലേക്ക് നയിക്കുന്നു. വന്‍തോതിലുള്ള സാമ്പത്തിക്യ അസമത്വവും ജനാധിപത്യവും പൊരുത്തപ്പെടുന്ന ഒന്നല്ല.ഭൂവധിഷ്ഠിത അസന്തുലിതാവസ്ഥയും ആധുനിക മുതലാളിത്തവും പരസ്പരം ചേര്‍ക്കാവുന്നതുമല്ല.ഈ യാഥാര്‍ഥ്യം ജപ്പാന്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.അവരതിന് പ്രതിവിധി കണ്ടെത്തുകയും ചെയ്തു’.

‘ആത്യന്തികമായി, മുതലാളിത്ത സമ്പദ് വ്യവസ്ഥ ഉത്പാദിപ്പിക്കുന്നതെല്ലാം നാലു ഘടകങ്ങളില്‍ നിന്നും വരുന്നതാണ്.തൊഴില്‍, സംരംഭം, മൂലധനം, ഭൂമി.തൊഴിലും മൂലധനവും വളരെ ഉല്‍പാദനക്ഷമതയുള്ളതാണ്. എന്റര്‍പ്രൈസ് മാനുഷിക സൃഷ്ടിയാണ് .കൂടുതല്‍ ജോലി ചെയ്താല്‍ കൂടുതല്‍ പണവും നല്ല ജീവിതവും ലഭിക്കും.സൊസൈറ്റിയും നല്ലതാകും.എന്നാല്‍ ഭൂമിയുടെ കാര്യം വ്യത്യസ്തമാണ്’.

‘ഒരാള്‍ 200,000 യൂറോയ്ക്ക് ഒരു സൈറ്റ് വാങ്ങിയാല്‍ അതില്‍ ഒന്നും ചെയ്യുന്നില്ല. അല്‍പ്പം കാത്തിരുന്ന് 400,000 യൂറോയ്ക്ക് അത് വില്‍ക്കുന്നു.ഇതില്‍ സമൂഹത്തിന് മെച്ചമായി ഒന്നും സംഭവിക്കുന്നില്ല.എന്നാല്‍ ഭൂവുടമസ്ഥന് നല്ലത് ഇതാണ്.ഉയര്‍ന്ന വിലയുടെ ചെലവ് ഒടുവില്‍ വീടിന്റെ വിലയിലേക്ക് കൈമാറുന്നു.

സ്വകാര്യ ഭൂപ്രഭുക്കന്മാര്‍ ഇത് പോലെ പൊതുവായി കൈവശം വച്ചിരിക്കുന്ന ഭൂമിയ്ക്കാണ് ഇങ്ങനെ വില ഉയര്‍ന്നതെന്ന് കാണണം.ഇത് തടയുന്നതിനായി പൊതുമേഖലയുടെയും സ്വകാര്യമേഖലയുടെയും ഉടമസ്ഥതയിലുള്ള അസംസ്‌കൃത ഭൂമിയ്ക്ക് സ്പഷ്ടമായ നികുതി ഏര്‍പ്പെടുത്തണം.ഇത്തരത്തിലൊന്നും നാം ചെയ്തില്ലെങ്കില്‍ ഈ ഉപയോഗശൂന്യമായ ആസ്തിയില്‍ കൂടുതല്‍ പണം മുടക്കിക്കൊണ്ടിരിക്കും, ഉല്‍പാദന സമ്പദ്വ്യവസ്ഥയും പണ ലഭ്യതയും പട്ടിണി കിടക്കുന്ന സ്ഥിതിയുമുണ്ടാകും’.

‘അധ്വാനിക്കുന്ന ജനങ്ങളുടെ ചെലവില്‍ ഒരു അലസ വര്‍ഗം മെച്ചപ്പെടുകയും അവര്‍ വീടുകളുടെ വില വര്‍ദ്ധിപ്പിച്ചുകൊണ്ടിരിക്കുകയും,വാടക കൂടുകയും ചെയ്യും.വല്ലാത്ത ഭവന പ്രതിസന്ധിയാണ് ഇതുണ്ടാക്കുക.ആത്യന്തികമായി നാം ഭൂമിയില്‍ നിന്ന് കൂടുതല്‍ നികുതി പിരിക്കുകയും വരുമാനത്തില്‍ നിന്നുള്ളത് കുറയ്ക്കുകയുമാണ് വേണ്ടത്.ഇത് ജോലിചെയ്യുന്നതിനെ പ്രചോദിപ്പിക്കും.ഇങ്ങനെയാണ് നമുക്ക് സമ്പദ്വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനാകുക.പുരാതന സങ്കല്‍പമനുസരിച്ച് പൊതു നന്മയെന്ന് ഇതിനെ വിളിക്കുന്നത് അതു കൊണ്ടാണ്’ മക് വില്ല്യംസ് ചൂണ്ടിക്കാട്ടുന്നു.

Scroll To Top