Sunday December 04, 2016
Latest Updates

ഭവന പ്രതിസന്ധി:പബ്ലിക് ബില്‍ഡിംഗുകള്‍ കയ്യേറുന്ന പുതിയ സമരമുറയുമായി ഡബ്ലിനില്‍ ജനം രംഗത്തെത്തി 

ഭവന പ്രതിസന്ധി:പബ്ലിക് ബില്‍ഡിംഗുകള്‍ കയ്യേറുന്ന പുതിയ സമരമുറയുമായി ഡബ്ലിനില്‍ ജനം രംഗത്തെത്തി 

ഡബ്ലിന്‍:ഭവന പ്രതിസന്ധിയുടെ രൂക്ഷമായ അന്തരീക്ഷം രാജ്യത്ത് നിലനില്‍ക്കവേ പുതിയ സമര മാര്‍ഗങ്ങളുമായി ആന്റി ആസ്റ്ററിറ്റി അലയന്‍സ് നേതാക്കളും പൊതുജനങ്ങളും രംഗത്തെത്തി.സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള പൊതു സ്ഥലങ്ങളും,ജനവാസമില്ലാത്ത കെട്ടിടങ്ങളും താമസത്തിനായി പിടിച്ചെടുത്തുകൊണ്ടാണ് പുതിയ സമരമുറ അരങ്ങേറുന്നത്.

പടിഞ്ഞാറന്‍ ഡബ്ലിനിലെ ബ്ലാഞ്ചര്‍ഡ്‌സ് ടൗണില്‍ ഉള്ള ഒരു ‘ഷോ ഹൗസ്’, താമസിക്കാന്‍ വീട് ഇല്ലാത്ത ഏതാനം കുടുംബങ്ങള്‍ ചേര്‍ന്ന് കൈയേറി കൊണ്ടാണ് സമരത്തിന് തുടക്കം കുറിച്ചത്. ഹാന്‍സ് ഫീല്‍ഡ് എസ്റ്റേറ്റില്‍ വൈകുന്നേരം മൂന്ന് മണിക്ക്, ഷോ ഹൗസി്‌ന്റെ പൊതു പ്രദര്‍ശനം ആരംഭിച്ചപ്പോഴാണ് പ്രതിഷേധം അരങ്ങേറിയത്. ആന്റി ആസ്റ്ററിറ്റി അലയന്‍സ് റ്റിഡി, റൂത്ത് കോപ്പിംഗറും മൂന്ന് എഎഎ കൗണ്‍സിലര്‍മാരും പ്രതിഷേധക്കാര്‍ക്ക് ഒപ്പം ഉണ്ടായിരുന്നു. 

ഭവന പ്രതിസന്ധി ഏറ്റവും രൂക്ഷമായ ഈ സമയത്ത്, സ്വകാര്യ കമ്പനികളുടേയോ, നാമയുടേയോ പാര്‍പ്പിടങ്ങള്‍, അതും കൊള്ള ലാഭമെടുക്കുന്ന വിലയ്ക്ക് മാത്രമാണ് മാര്‍ക്കറ്റില്‍ എത്തുന്നത് എന്ന അനീതിക്കെതിരാണ് ഈ പ്രതിഷേധമെന്ന് പ്രകടനത്തെക്കുറിച്ച് സംസാരിക്കവെ റൂത്ത് കോപ്പിംഗര്‍ പറഞ്ഞു. ലഭ്യമായ പാര്‍പ്പിടങ്ങളില്‍ 10 ശതമാനത്തില്‍ താഴെയാണ് സോഷ്യല്‍ ഹൗസില്‍ നിന്നുള്ളവ. 6,020 കുടുംബങ്ങള്‍ വീടിനായി ലിസ്റ്റില്‍ കാത്ത് നില്‍ക്കുകയും വേറെയും ആയിരങ്ങള്‍ വാടക കൊടുക്കാനാവാതെ വലയുകയും ചെയ്യുന്ന ഈ സാഹചര്യത്തില്‍ ഇത് വളരെ കുറവാണ് എന്ന് കോപ്പിംഗര്‍ വിശദീകരിക്കുന്നു. 

ചെറുപ്പക്കാര്‍ വാടക താങ്ങാനാവാതെ ബുദ്ധിമുട്ടുകയും നൂറുകണക്കിന് കുടുംബങ്ങള്‍ എമര്‍ജന്‍സി അക്കോമഡേഷനില്‍ താമസിക്കുകയും ചെയ്യുമ്പോള്‍, നിര്‍മ്മാണ കമ്പനികള്‍ വന്‍ ലാഭം കൊയ്യാന്‍ നോക്കുന്നത് തെറ്റാണ്. നിര്‍മ്മാണത്തിലുള്ള വീടുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുകയും സോഷ്യല്‍ ഹൗസിംഗ് ആവശ്യമുള്ളവര്‍ക്ക് വാടകയ്ക്ക് നല്‍കുകകയുമാണ് വേണ്ടതെന്നും റൂത്ത് കോപ്പിംഗര്‍ ആവശ്യപ്പെട്ടു.ഭവന പ്രതിസന്ധിക്കെതിരെയുള്ള സമരത്തില്‍ എല്ലാ കുടിയേറ്റക്കാരുടെയും പിന്തുണ ടി ഡി അഭ്യര്‍ഥിച്ചു.

Scroll To Top