Monday July 16, 2018
Latest Updates

ഭവനവിലയിലെ കുതിപ്പ്; ശ്രദ്ധയോടെയുള്ള വിശകലനം വേണമെന്ന് നിരീക്ഷകര്‍

ഭവനവിലയിലെ കുതിപ്പ്; ശ്രദ്ധയോടെയുള്ള വിശകലനം വേണമെന്ന് നിരീക്ഷകര്‍

ഡബ്ലിന്‍:മലയാളികള്‍ അടക്കമുള്ള കുടിയേറ്റ സമൂഹം വീട് വാങ്ങാന്‍ തിരക്ക് കൂട്ടുകയാണ്.അനിശ്ചിതമായി പെരുകുന്ന വാടക നിരക്കുകള്‍ രാജ്യത്തെ വാടകക്കാരുടെ സമാധാനം തന്നെ നഷ്ടപ്പെടുത്തും വിധമാണ് ഉയരുന്നത്.അതിനിടെ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തു വന്ന രണ്ടു റിപ്പോര്‍ട്ടുകള്‍ ശ്രദ്ധേയമാണ്.രണ്ടു റിപ്പോര്‍ട്ടുകളും വീട് വാങ്ങാന്‍ കാത്തിരിക്കുന്നവര്‍ക്ക് ശുഭപ്രതീക്ഷ നല്‍കുന്നതാണ്.

റെയ്റ്റിങ് ഏജന്‍സിയായ മൂഡിയാണ് ആദ്യ റിപ്പോര്‍ട്ട് പുറത്തുവിട്ടത്.ഇത് ഒരു ജാഗ്രതാ നിര്‍ദേശം തന്നെയാണ്.കുതിച്ചുയരുന്ന ഭവന വില ശ്രദ്ധയോടെ അവലോകനം ചെയ്ത് നിയന്ത്രിച്ചില്ലെങ്കില്‍ കുഴപ്പമാകുമെന്ന് മൂഡിയുടെ നിരീക്ഷണം.അയര്‍ലണ്ടിന്റെ സോവറിന്‍ കടം എ-മൂന്ന് തലത്തിലാണ്.,സാമ്പത്തിക വളര്‍ച്ചയും പൊതു സാമ്പത്തികവും മധ്യ ഘട്ടത്തിലാണ്.എന്നിരുന്നാലും ബ്രക്സിറ്റും അമേരിക്കയുടെ ടാക്സ് നയത്തില്‍ വന്ന മാറ്റവും ഗുരുതരമായ അപകട ഭീഷണി ഉയര്‍ത്തുന്നതാണ്.

യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള യുകെയുടെ പിന്മാറ്റം മറ്റേത് രാജ്യത്തേക്കാളും അയര്‍ലണ്ടിനെയാണ് ബാധിക്കുകയെന്നതില്‍ നിന്നാണ് അപകടം ഉത്ഭവിക്കുന്നത്.വളരെ അടുത്ത വാണിജ്യബന്ധമാണ് ഇരു രാജ്യങ്ങളും തമ്മിലുണ്ടായിരുന്നതെന്നും ഓര്‍മിക്കണം.- മൂഡിയുടെ സീനിയര്‍ വൈസ് പ്രസിഡന്റ് കാത്റീന്‍ മുയെഹ്ല് ബ്രോന്നര്‍ പറയുന്നു.

ചുരുക്കത്തില്‍, മറ്റൊരു ഐറീഷ് ഭവന കുമിളയുടെ റിസ്‌ക്കാണ് മൂഡി ചൂണ്ടിക്കാട്ടുന്നത്.രാജ്യത്തിന്റെ എല്ലാ ഭാഗത്തും ഭവന വിലയിലെ നാണയപ്പെരുപ്പം ഇരട്ട അക്കം പിന്നിട്ടതിനെ നിരീക്ഷണ വിധേയമാക്കി ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നാണ് ഏജന്‍സിയുടെ മുന്നറിയിപ്പ്.വില തകര്‍ച്ചയുടെ പ്രവചനം തന്നെയാണ് മൂഡി നല്‍കുന്നത്.

വിലക്കുതിപ്പ് സപ്ലൈയിലെ കുറവുകൊണ്ടാണെന്ന് അനുമാനിക്കാം.സര്‍ക്കാരിന്റെ ഹെല്‍പ് ടു ബൈ സ്‌കീം,ഭൂപണയ വ്യവസ്ഥകളില്‍ വരുത്തിയ ഇളവ് എന്നിവ ആദ്യ ഘട്ട വാങ്ങലുകാരെ വല്ലാതെ പുറത്തുകൊണ്ടുവരാന്‍ ഇടയാക്കി.ഫലമായി മോര്‍ട്ഗേജ് ലെന്‍ഡിങ് ഈ വര്‍ഷാരംഭത്തില്‍ത്തന്നെ കുതിച്ചു തുടങ്ങി.2016ലെ നയത്തിന്റെ ഭാഗമായുണ്ടായി മെല്ലെപ്പോക്കിനുശേഷം ഭവനവില ബബ്ബിള്‍ പീരിയഡിനുമുമ്പുള്ള 2000 മധ്യത്തിലേതിനേക്കാള്‍ 10 ശതമാനം താഴെയാണ് നില്‍ക്കുന്നത്.2007ലെ ഉന്നതിയിലെത്തിയതുമായി താരതമ്യം ചെയ്യുമ്പോള്‍ 30 ശതമാനം കുറവുമാണ്.

മോര്‍ട്ട്‌ഗേജ് നല്‍കലടക്കമുള്ള മേഖലയിലെ ക്രെഡിറ്റ് വളര്‍ച്ച മുന്‍ കാലത്തെ അപേക്ഷിച്ച് വളരെ താഴ്ന്ന നിലയിലാണ്.അതിനാല്‍ ഭവന വിപണിയില്‍ അത്രകണ്ട് ഉത്ക്കണ്ഠയ്ക്ക് സ്ഥാനമില്ല. അയര്‍ലണ്ടിന്റെ ബാങ്കിങ് മേഖല താരതമ്യേന കഴിഞ്ഞ കാലത്തേക്കാള്‍ അപകട രഹിതമായാണ് നിലകൊള്ളുന്നത്.

അതേ സമയം അയര്‍ലണ്ടിലെ ഭവന വില ഏഴുവര്‍ഷത്തിലൊരിക്കല്‍ കുറയുന്ന പ്രതിഭാസം ആവര്‍ത്തിക്കുമെന്ന് കംപ്ലയന്‍സ് മാനേജര്‍ കാള്‍ ഡീറ്റര്‍ നടത്തിയ മറ്റൊരു വിശകലനം ചൂണ്ടിക്കാട്ടുന്നു.

‘വസ്തുവില്‍പ്പനയ്ക്ക് ഒരു സൈക്ലിങ് രീതിയാണ്.അത് ഏഴ് വര്‍ഷത്തിനുള്ളില്‍ വില കുറയ്ക്കുമെന്ന നിലയാണ് കാണിക്കുന്നത്.എന്നു പറഞ്ഞു മുന്‍കൂട്ടി ഒന്നും ചെയ്യേണ്ട. രോഗം വരുമെന്നു കരുതി മരുന്നുകഴിക്കുന്നതുപോലെയാകും അത്.

ഒരു കാലചക്രത്തിന്റെ രണ്ടാം ഘട്ടത്തിലാണ് നമ്മള്‍.തുടക്കത്തില്‍ അത് താഴ്ന്ന നിലയിലായിരുന്നു അത് പതുക്കെ ഉണര്‍ന്നു തുടങ്ങി. 2016ലാണ് പകുതി കാലം പിന്നിട്ടത്. ഇപ്പോള്‍ പകുതി കാലത്തിലാണ്. വില സ്തംഭനവും ഇടയ്ക്കിടെ കയറുന്നതും കുറയുന്നതുമെല്ലാം നമ്മള്‍ കണ്ടു. ഇപ്പോള്‍ കയറ്റത്തിന്റെ കാലമാണ്.വാങ്ങിച്ചു കൂട്ടിയതൊക്കെ വില്‍ക്കുന്ന ഒട്ടേറെ നിക്ഷേപകരെ നമുക്ക് ഇപ്പോള്‍ കാണാം.ഇവിടെ വില ഉയരുന്നതും കാണാം.ഇനി തകര്‍ച്ചയാണ് വരാന്‍ പോകുന്നത്. പക്ഷെ ഇപ്പോഴല്ല. ഉടനുമല്ല .എന്നാല്‍ അത് സംഭവിക്കുക തന്നെ ചെയ്യും..

സപ്ലൈയും ഡിമാന്റും ഒരിക്കലും പൊരുത്തപ്പെടില്ല. തകര്‍ച്ചയും അങ്ങനെ നിലനില്‍ക്കില്ല. അതിനെ സുഖപ്പെടുത്തുന്ന സംഗതികള്‍ മാര്‍ക്കറ്റില്‍ ഉണ്ടായിക്കൊണ്ടയിരിക്കും. വില വിശ്ചയിക്കുന്നത് കൊടുക്കല്‍ വാങ്ങലിന്റെ സാധ്യതകളാണ്.

വില മങ്ങിക്കിടക്കുമ്പോള്‍ എനിക്കൊരു വീട് വേണമായിരുന്നു എന്നു പറയുന്ന ആളുകളേറെയുണ്ടാവാം. അവര്‍ വാങ്ങാനിറങ്ങും.അതുപോലെ വില കൂടി നില്‍ക്കുമ്പോള്‍ കൈയ്യിലുള്ളത് വിറ്റ് പണമുണ്ടാക്കുന്നവരേയും നമുക്ക് കാണാം. ഇവയെല്ലാം മാര്‍ക്കറ്റിന്റെ ഭാഗമാണ്.

രാജ്യം സപ്ലൈ സൃഷ്ടിക്കുന്ന നിലയുണ്ടാകും.അതാണ് അടുത്ത സ്റ്റേജ്.വിടവ് നികത്താനുള്ള ശരിയായ മാര്‍ഗമാണ് അത്.ഇക്കാരണത്താല്‍ 2020 ഓടെ വന്‍ സപ്ലൈ ഉണ്ടാകാം.സ്വാഭാവികമായും വിലത്തകര്‍ച്ചയ്ക്ക് അതൊരു കാരണവുമാകും’കാള്‍ ഡീറ്റര്‍ പറയുന്നു.

വ്യത്യസ്ത അഭിപ്രായങ്ങള്‍ ആണെങ്കിലും ഒരേ ലക്ഷ്യ സൂചന ഇരു റിപ്പോര്‍ട്ടുകളെയും പ്രാധാന്യമര്‍ഹിക്കുന്നതാക്കുന്നുവെന്നാണ് വിദഗ്ധരുടെ അഭിപ്രായം.എസ്റ്റേറ്റ് മാഫിയ പടച്ചു വിടുന്ന വിലപ്പെരുപ്പ പ്രവചനങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്ഥവുമാണിത്.

ഐറിഷ് മലയാളി ന്യൂസ്

Scroll To Top