Saturday August 19, 2017
Latest Updates

‘വാടക വര്‍ദ്ധിപ്പിച്ചു തരിക,അല്ലെങ്കില്‍ വീട് മാറി താമസിക്കുക’: ഡബ്ലിനില്‍ ഉടനീളം വാടകക്കാര്‍ക്കെതിരെ സമ്മര്‍ദ്ദ തന്ത്രങ്ങളും ഭീഷണിയുമായി ഉടമകള്‍ 

‘വാടക വര്‍ദ്ധിപ്പിച്ചു തരിക,അല്ലെങ്കില്‍ വീട് മാറി താമസിക്കുക’: ഡബ്ലിനില്‍ ഉടനീളം വാടകക്കാര്‍ക്കെതിരെ സമ്മര്‍ദ്ദ തന്ത്രങ്ങളും ഭീഷണിയുമായി ഉടമകള്‍ 

ഡബ്ലിന്‍ : പ്രവാസി കുടുംബങ്ങളെ സംബന്ധിച്ച് ഒട്ടും ശുഭകരമായ വാര്‍ത്തയല്ല അയര്‍ലണ്ടില്‍ ഉയരുന്നത്.അയര്‍ലണ്ടില്‍ ഓരോദിവസവും വാടക വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്നാണ് വിവിധ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ഇവിടെ താമസിക്കുന്ന നല്ലൊരു ശതമാനം പ്രവാസികുടുംബങ്ങളും വാടക വീടുകളെ ആശ്രയിക്കുന്ന ഇക്കാലത്ത് വീട്ടുവാടകയുടെ വര്‍ധനവ് കുടുംബ ബജറ്റിനെ തന്നെ താളം തെറ്റിക്കുമെന്ന ആശങ്ക പലരിലുമുണ്ട്.

80 % മലയാളികളുംഅയര്‍ലണ്ടില്‍ വാടകയ്ക്കാണ് താമസിക്കുന്നത്.മലയാളികളുടെ ജീവിത ചിലവിന്റെ പ്രധാന ചിലവ് വാടകയിനത്തില്‍ ഉള്ളതാണ്.നേരിയ വാടക വര്‍ദ്ധനവ് പോലും മലയാളികളുടെ കുടുംബ ബജറ്റിന്റെ താളം തെറ്റിയ്ക്കും.

ഡബ്ലിനില്‍ ജനുവരിമാസം മുതല്‍ വീട്ടുടമകള്‍ വാടക കൂട്ടുന്നതായി വാടകക്കാരെ കൊണ്ടിരിക്കുകയാണ്.150 മുതല്‍ 250 യൂറോ വരെയാണ് ഓരോ വീട്ടുടമകളും വര്‍ദ്ധിപ്പിക്കുന്നത്.സിംഗിള്‍ ബെഡ് ,ഡബിള്‍ ബെഡ് എന്ന വ്യത്യാസമില്ലാതെയാണ് നിശ്ചിത ക്രമത്തിലുള്ള വാടക ഉയരുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.വീട്ടുടമകള്‍ അറിയാതെ പോലും ചില ഏജന്റുമാര്‍ വാടക വര്‍ദ്ധനവിന് നോട്ടീസ് നല്കുന്നതയും പറയപ്പെടുന്നു.ചില സ്ഥലങ്ങളില്‍ വാടക വര്‍ദ്ധിപ്പിച്ചു തരുന്നില്ലെങ്കില്‍ വാടക വീട് ഒഴിഞ്ഞു കൊടുക്കണം എന്ന് ഭീഷണിയും ഉയര്‍ത്തുന്നുണ്ട്.

മാര്‍ക്കറ്റില്‍ മറ്റ് വീടുകള്‍ കിട്ടാനില്ലെന്ന യാഥാര്‍ഥ്യം വീട്ടുടമകള്‍ക്കും അറിയാം.ഇത് മുതലാക്കാനാണ് ഉടമകളുടെ ശ്രമം.

സ്റ്റേറ്റ് പ്രൈവറ്റ് റെസിഡന്‍ഷ്യല്‍ ടെനന്‍സിസ് ബോര്‍ഡ് പുറത്തിറക്കിയിരിക്കുന്ന പുതിയ കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷം മാത്രം അയര്‍ലണ്ടിലെ വാടക വര്‍ധനവ് വന്‍തോതിലാണ്. കഴിഞ്ഞ വര്‍ഷം അയര്‍ലണ്ടില്‍ വീടുകളുടെയും അപ്പാര്‍ട്ടുമെന്റുകളുടെയും വാടക വര്‍ധനവ് ആറ് ശതമാനത്തോളമാണ്. ഇത് ഡബ്ലിനില്‍ മാത്രം 10 ശതമാനത്തോളം വരും.

രാജ്യവ്യാപകമായി വാടക ഉയരുന്നുണ്ട്.829 യൂറോയാണ് ഒരു മാസത്തെ അയര്‍ലണ്ടിലെ ശരാശരി വാടകയിപ്പോള്‍.ഡബ്ലിനിലാവട്ടെ ശരാശരി വാടക 1300 യൂറോയാണ്.

വാടക വര്‍ധനയ്ക്ക് കാരണമായി ഐറിഷ് സെന്‍ട്രല്‍ ബാങ്കിനെയാണ് വിവിധ സാമൂഹിക സാമ്പത്തിക പഠന കേന്ദ്രങ്ങളും കുറ്റപ്പെടുത്തുന്നത്. വാടക വര്‍ധനവിന് വേണ്ടി വീടുകള്‍ പണയം കൊടുക്കുന്നതിന് സെന്‍ട്രല്‍ ബാങ്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതാണ് ഇതിന് കാരണം. രാജ്യത്തെ അഞ്ച് ലക്ഷത്തോളം വാടകവീടുകള്‍ അടഞ്ഞുകിടക്കുന്ന സാഹചര്യത്തിലാണ് സെന്‍ട്രല്‍ ബാങ്ക് കടുത്ത നടപടികള്‍ സ്വീകരിച്ചത്.

ഉപഭോക്തൃ വില സൂചികയനുസരിച്ച് ഇഷ്ടാനുസരണം വാടക വര്‍ധിപ്പിക്കുന്ന വീട്ടുടമകളുടെ നടപടിക്ക് കടിഞ്ഞാണ്‍. വാടക നിയന്ത്രണത്തിന് സര്‍ക്കാര്‍ പുതിയ നയം കൊണ്ടുവരുന്നുവെന്ന് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ഇതു സംബന്ധിച്ച പുതിയ നീക്കങ്ങള്‍ ഒന്നും രൂപപ്പെട്ടിട്ടില്ല..

വാടക നിയന്ത്രണ നിയമം കൊണ്ടുവരാനുള്ള നീക്കത്തിന് അയര്‍ലണ്ടില്‍ സമ്മിശ്ര പ്രതികരണമാണുള്ളത്. രാജത്തെ ഭവനയുടമകളുടെ സംഘടന ബില്ലിനെതിരെ രംഗത്തെത്തി. വാടക നിയന്ത്രണം ഇല്ലാതായതോടെയാണ് മികച്ച താമസ സൗകര്യങ്ങള്‍ അയര്‍ലണ്ടില്‍ ഉണ്ടായതെന്ന് ഇവര്‍ വാദിക്കുന്നു.

അതേസമയം വാടക നിയന്ത്രണം കുറഞ്ഞ വേതനക്കാരായ കുടിയാന്‍മാര്‍ക്ക് സഹായകമാകുമെന്നും പെട്ടന്നുള്ള വാടക കൂട്ടലില്‍ നിന്നും
സംരക്ഷിക്കുമെന്നും ഹൗസിങ് സപ്പോര്‍ട്ട് ഗ്രൂപ്പായ ട്രഷോള്‍ഡ് അവകാശപ്പെട്ടു.

അയര്‍ലണ്ടില്‍ നേരത്തെ ഇത്തരത്തില്‍ വാടക നിയന്ത്രണ നിയമമുണ്ടായിരുന്നെങ്കിലും ഭരണഘടനാ വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി കോടതി
അത് തള്ളിയിരുന്നു. 1980കളിലായിരുന്നു അത്. ബില്ലിനെ ഫെയ്‌നാ ഫാള്‍ കോടതിയില്‍ ചോദ്യം ചെയ്യുകയായിരുന്നു.

രാജ്യത്തെ അഞ്ചുലക്ഷത്തോളം വാടകക്കാരെ പ്രതിസന്ധിയിലേയ്ക്ക് തള്ളി വിടാനുള്ള വാടക വര്‍ദ്ധനവിന് .പ്രത്യേക കാരണമൊന്നും ഇല്ലെന്നാണ് വാടകക്കാര്‍ പറയുന്നത്.എന്നാല്‍ അയര്‍ലണ്ടില്‍ വാടകക്കാരുടെ താത്പര്യം സംരക്ഷിക്കാന്‍ ഒരൊറ്റ അസോസിയേഷന്‍ പോലും ഇല്ലെന്നത് ഈ രംഗത്ത് ഒരു പോരായ്മ തന്നെയാണ്.ഭവന ഉടമകള്‍ ഒന്നിച്ചു ധാരണയോടെ വാടക കൂട്ടുമ്പോള്‍ വാടകകാരാവട്ടെ ഒറ്റയ്ക്ക് ഒറ്റയ്ക്കാണ് ഇപ്പോള്‍ വാടക വര്‍ദ്ധനവിനെതിരെ പോരുതേണ്ടത്.ഏകോപനമോ ഐക്യമോ ഇല്ലാത്തതിനാലാണ് വാടകക്കാര്‍ക്കെതിരെയുള്ള നിയമ പോരാട്ടങ്ങള്‍ക്ക് പോലും പലപ്പോഴും പരാജയം നേരിടേണ്ടി വരുന്നതെന്ന് നിയമ വിദഗ്ദരും സൂചിപ്പിക്കുന്നു.

Scroll To Top