Sunday December 04, 2016
Latest Updates

ഭവന വില കുറയുന്നു..? ഡബ്ലിനില്‍ ഒരു ലക്ഷം യൂറോ വരെ വില കുറഞ്ഞു,പുതിയ വെളിപ്പെടുത്തലുകളുമായി വിദഗ്ദ്ധര്‍, വാങ്ങാന്‍ കാത്തിരിക്കുന്ന മലയാളികള്‍ക്ക് ഇനി വീട് തേടി തുടങ്ങാം !

ഭവന വില കുറയുന്നു..? ഡബ്ലിനില്‍ ഒരു ലക്ഷം യൂറോ വരെ വില കുറഞ്ഞു,പുതിയ വെളിപ്പെടുത്തലുകളുമായി വിദഗ്ദ്ധര്‍, വാങ്ങാന്‍ കാത്തിരിക്കുന്ന മലയാളികള്‍ക്ക് ഇനി വീട് തേടി തുടങ്ങാം !

ഡബ്ലിന്‍: നഗരത്തിലെ ഭവനമേഖല ആകെ താറുമാറാണെന്നും, വീടുകള്‍ക്ക് വില കുതിച്ചുയരുകയും പലരും തെരുവിലാണ് രാത്രി കഴിച്ചുകൂട്ടുന്നത് എന്നുമെല്ലാമുള്ള വാര്‍ത്തകള്‍ കോളം നിറയ്ക്കുന്നതിനിടെ, ഇതെല്ലാം അസത്യങ്ങളാണെന്നും, യഥാര്‍ത്ഥത്തില്‍ ഭവനവില നഗരത്തില്‍ കുറയുകയാണെന്നും ഓണ്‍ലൈന്‍ മാധ്യമം ഐറിഷ് ഹോം ലേഖകന്‍ ബെന്‍ തോംപ്‌സണ്‍. ഏജന്റുമാര്‍ ഈ സത്യം മറച്ചുപിടിക്കുകയാണെന്നാണ് തന്റെ ലേഖനത്തില്‍ തോംപ്‌സണ്‍ പറയുന്നത്. ഇനി ലേഖനത്തിലേയ്ക്ക്:

മൂന്ന് കാരണങ്ങളാണ് ഭവനമേഖലയില്‍ വിലക്കയറ്റമില്ല എന്ന സത്യം ഏജന്റുമാര്‍ വെളിപ്പെടുത്താത്തിന് കാരണമായി തോംപ്‌സണ്‍ ചൂണ്ടിക്കാട്ടുന്നത്.

1. കഴിഞ്ഞ 2-3 വര്‍ഷങ്ങളായി ഡബ്ലിനിലെ വീടുകള്‍ക്ക് വില വര്‍ദ്ധിച്ചു കൊണ്ടേയിരിക്കുകയായിരുന്നു. ഇതില്‍ ഏറ്റവുമധികം വര്‍ദ്ധനവുണ്ടായത് 2015ല്‍ ആണ്. എന്നാല്‍ ഇപ്പോള്‍ വില കുറയുകയാണ് സംഭവിക്കുന്നത്. ഇത് സാധാരണജനങ്ങള്‍ അറിഞ്ഞാല്‍ ഇപ്പോള്‍ വില്‍ക്കാന്‍ വച്ചിരിക്കുന്ന പല വീടുകള്‍ക്കും പ്രതീക്ഷിച്ചതിലും കുറവ് വിലയേ ലഭിക്കൂ. ഇത് തങ്ങളെ ബാധിക്കും എന്നതിനാലാണ് ഏജന്റുമാര്‍ ഇക്കാര്യം പുറത്തു വിടാത്തതും, വില ഏറുകയാണ് എന്ന് പ്രചരിപ്പിക്കുന്നതും.

2. തങ്ങളുടെ വീടുകള്‍ ഏറ്റവും കൂടുതല്‍ വിലയ്ക്ക് വില്‍ക്കണം എന്നാണ് ഓരോ വില്‍പ്പനക്കാരനും ആഗ്രഹിക്കുന്നത്. വലിയ വിലയ്ക്കുതന്നെ വിറ്റു തരാമെന്നു പറഞ്ഞു പോകുന്ന ഏജന്റുമാര്‍ക്ക് പക്ഷേ, വില കുറഞ്ഞതു കാരണം പറഞ്ഞ വിലയ്ക്ക് വീട് വിറ്റു തരാന്‍ സാധിക്കാതെ വരുന്നു. ഈ വീട് പിന്നീട് കുറഞ്ഞ വിലയ്ക്ക് വില്‍ക്കേണ്ടി വരുന്നു. എന്നാല്‍ ബിസിനസ് നഷ്ടപ്പെടുമോ എന്ന ആശങ്കയില്‍ വിപണി വില കുറവാണെന്ന സത്യം വെളിപ്പെടുത്താന്‍ ഏജന്റുമാര്‍ മടിക്കുന്നു.

3. വീടുകള്‍ക്ക് വില കുറയുകയാണ് എന്ന കാര്യം തുറന്നു പറഞ്ഞാല്‍ കൂടുതല്‍ പേര്‍ കുറഞ്ഞ വിലയ്ക്ക് വീടുകള്‍ വാങ്ങാനായി വരും. ഇത് പ്രതീക്ഷിച്ച വില ലഭിക്കാതിരിക്കാന്‍ കാരണമാകും.

വില കുറയുന്ന കാര്യം സ്റ്റാറ്റിസ്റ്റിക്‌സില്‍ കാണാത്തതെന്തുകൊണ്ട്?
പ്രോപ്പര്‍ട്ടി പ്രൈസ് രജിസ്റ്റര്‍,ഡാഫ്റ്റ് .ഐഇ എന്നിവയാണ് അയര്‍ലണ്ടില്‍ പ്രോപ്പര്‍ട്ടകളുടെ വിലകള്‍ ഔദ്യോഗികമായി കാണിക്കുന്നത്.

ഇതില്‍ ഡാഫ്റ്റ്.ഐഇ എന്ന വെബ്‌സൈറ്റ് കാണിക്കുന്നത് ഏജന്റുമാര്‍ ആവശ്യപ്പെടുന്ന വിലയാണ്.വില്‍ക്കുമ്പോള്‍ ഈ വിലയെക്കാളും കുറവ് മാത്രമേ ലഭിക്കൂ എന്നതാണ് സത്യം. വില ഏറുകയാണ് എന്ന് ഏജന്റുമാര്‍ തന്നെ പ്രചരിപ്പിക്കുന്ന സാഹചര്യത്തില്‍ കുറഞ്ഞ വിലയ്ക്ക് വില്‍ക്കാന്‍ വച്ചിരിക്കുന്ന വീടുകള്‍ ഈ സൈറ്റില്‍ കണ്ടെത്തുക ബുദ്ധിമുട്ടായിരിക്കും. അതിനാല്‍ നമ്മള്‍ തെറ്റിദ്ധരിക്കപ്പെടുന്നു.

പ്രോപ്പര്‍ട്ടി പ്രൈസ് രജിസ്റ്ററില്‍ ഒരു വീട് എത്ര വിലയ്ക്കാണ് വില്‍ക്കപ്പെട്ടത് എന്ന് കൃത്യമായി അറിയാന്‍ സാധിക്കും.എന്നാല്‍ വാങ്ങുന്നയാളും വില്‍ക്കുന്നയാളും തമ്മില്‍ ധാരണയിലെത്തി മൂന്ന് മാസമെങ്കിലും കഴിഞ്ഞ ശേഷം മാത്രമേ ഈ വില സൈറ്റില്‍ പ്രസിദ്ധപ്പെടുത്തൂ. ഈ കണക്ക് മാത്രം നോക്കുന്നവര്‍ക്ക് മൂന്നു മാസത്തിനിടെ വിപണിയില്‍ സംഭവിക്കുന്ന വില വ്യത്യാസം തിരിച്ചറിയാന്‍ കഴിയാതെ പോകുന്നു.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും നഗരത്തില്‍ വീടുകളുടെ ലഭ്യതക്കുറവ് എക്കാലത്തെയും താഴ്ന്ന നിലയിലാണ് എന്നത് സത്യമാണെന്നാണ് തോംപ്‌സണ്‍ തന്റെ ലേഖനത്തില്‍ പറയുന്നത്. പക്ഷേ വീടുകളുടെ വാടക വര്‍ദ്ധിച്ചിട്ടുണ്ട്. അതേസമയം ഭവനവിലയില്‍ ഇനി ഉയര്‍ച്ചയുണ്ടാകുമോ എന്ന കാര്യത്തില്‍ ഉറപ്പു പറയാന്‍ കഴിയില്ല എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. എന്നിരുന്നാലും ഇനി വിലക്കയറ്റം ഉടനുണ്ടാവാന്‍ സാധ്യതയില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

വാടക വീടുകള്‍ക്കും വരും മാസങ്ങളില്‍ വാടക താഴാനാണ് സാധ്യതയെന്നാണ് വിദഗ്ദരുടെ അഭിപ്രായം.അമേരിക്കന്‍ ബ്രിട്ടിഷ് ധനകാര്യസ്ഥാപനങ്ങളും മൂലധനകമ്പനികളും ഡബ്ലിന്‍ അടക്കമുള്ള നഗരങ്ങളിലെ മോര്‍ട്ട് ഗേജ് കുടിശിഖയുണ്ടായിരുന്ന ഭൂരിപക്ഷം വീടുകളും കൈയ്യടക്കി നിക്ഷേപമാക്കുകയും അത് എസ്റ്റേറ്റ് മാനേജര്‍മാര്‍ മുഖേനെ വാടകയ്ക്ക് കൊടുക്കുകയും ചെയ്യുന്നുണ്ടെങ്കിലും അയര്‍ലണ്ടിലെ ഭവനമേഖലയിലെ നിക്ഷേപം അത്രയ്ക്ക് പന്തിയല്ല എന്ന് അവര്‍ക്കും തോന്നി തുടങ്ങിയിട്ടുണ്ട്.വാട്ടര്‍ ചാര്‍ജ് അടയ്ക്കാതെ സമരം ചെയ്ത അയര്‍ലണ്ടിലെ സാധാരണക്കാരെ അത്രയ്ക്കങ്ങ് വിശ്വാസത്തിലെടുക്കാന്‍ ലാഭം മാത്രം കൊതിയ്ക്കുന്ന വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ ഇപ്പോള്‍ തയാറാവുന്നുമില്ലത്രെ.വിദേശ ഫണ്ടുകള്‍ വന്‍ തുക നിക്ഷേപിച്ചു വാങ്ങിയിട്ടിരിക്കുന്ന എസ്റ്റേറ്റുകളിലെ വീടുകള്‍ക്ക് സംഘടിതമായി വാടക മുടക്കാന്‍ കെല്‍പ്പുള്ളവരാണ് അയര്‍ലണ്ടിലെ സാധാരണക്കാര്‍ എന്ന് കഴിഞ്ഞ ആഴ്ച്ച ഡബ്ലിനില്‍ നടത്തിയ റാലിയില്‍ പരസ്യമായി മുദ്രാവാക്യം ഉയര്‍ത്തിയത് ആശങ്കയോടെയാണ് വിദേശ നിക്ഷേപകര്‍ കേട്ടത്!.

വീട്ടുടമകളില്‍ മോര്‍ട്ട്‌ഗേജ് അടയ്ക്കാത്തതിനാല്‍ ബാങ്കുകള്‍ പിടിച്ചെടുത്ത വീടുകള്‍ വിദേശകമ്പനികളില്‍ നിന്നും ന്യായവില നല്‍കി സര്‍ക്കാര്‍ തിരികെ പിടിക്കണം എന്ന ഡബ്ലിന്‍ ഹൈക്കോടതി ചീഫ് മാസ്റ്ററുടെ നിര്‍ദേശവും ഇതോടു കൂട്ടിച്ചേര്‍ത്ത് വായിക്കാവുന്നതാണ്.

സുരക്ഷിതമായ നിക്ഷേപം ഉറപ്പാക്കി വിദേശ ഫണ്ടുകള്‍ അയര്‍ലണ്ട് വിട്ടു പോവുകയാണെങ്കില്‍ ആയിരക്കണക്കിന് വീടുകള്‍ ഒറ്റയടിയ്ക്ക് വിപണിയില്‍ വരും.

ഇപ്പോഴത്തെ വില താഴ്ചയെ ഒരു വലിയ സംഭവമായി കരുതേണ്ടതില്ല.കഴിഞ്ഞ ഒരു വര്‍ഷം മാത്രം വിപണിയില്‍ 15 %വില വര്‍ദ്ധിച്ചു എന്നോര്‍ക്കുക.
ഏറ്റവും കുറഞ്ഞത് കൂടിയ വിലയെങ്കിലും പെട്ടന്ന് തന്നെ താഴുന്ന പ്രവണതയാണ് വിപണിയില്‍ ഉള്ളത്

അയര്‍ലണ്ടില്‍ പ്രത്യേകിച്ചും ഡബ്ലിനില്‍ മലയാളികള്‍ അടക്കമുള്ള ആയിരങ്ങള്‍ വീട് വാങ്ങാന്‍ ഡിപ്പോസിറ്റ് തുക കൈയ്യില്‍ കരുതി കാത്തിരിക്കുന്നവരുണ്ട്.ചിലരാവട്ടെ എപ്പോള്‍ വില കുറയുന്നോ അപ്പോള്‍ ഏതെങ്കിലും വിധത്തില്‍ ഫൈനാന്‍സ് സംഘടിപ്പിക്കാനും കാത്തിരിക്കുന്നു.അഞ്ചു വര്‍ഷം മുമ്പുള്ള അവസ്ഥയല്ല ഇപ്പോഴുള്ളത്.അയര്‍ലണ്ടിന്റെ സാമ്പത്തിക അവസ്ഥ നാള്‍ക്കു നാള്‍ നന്നായി വരികയാണ്.ഏതെങ്കിലും കാരണവശാല്‍ പെട്ടെന്നൊരു തകര്‍ച്ച ഉണ്ടായാലും അതിവേഗം തിരിച്ചു കയറുന്ന സാമ്പത്തിക സങ്കേതങ്ങള്‍ അയര്‍ലണ്ടിന് ഉണ്ടെന്ന് മലയാളികള്‍ അടക്കമുള്ള കുടിയേറ്റക്കാര്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു.

ഇനിയും ഇവിടെ ബാക്കിയുള്ള മലയാളികളില്‍ വളരെ കുറച്ചു പേര്‍ മാത്രമാണ് മറ്റ് രാജ്യങ്ങളിലേയ്ക്ക് കുടിയേറാന്‍ തയാറായിരിക്കുന്നവര്‍.മക്കളുടെ വിദ്യാഭ്യാസം കൂടി കഴിയുമ്പോഴേയ്ക്കും ഒരു വീട് എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കിയേ കഴിയു.അതിനായുള്ള കാത്തിരിപ്പ് അവസാനിപ്പിക്കേണ്ട സമയം ആയി എന്ന സൂചനകളാണ് ഇപ്പോള്‍ സംജാതമാവുന്നത്.

ഡാഫ്റ്റ് സൈറ്റില്‍ വിലകുറയുന്ന പ്രതിഭാസം മൂടി വെയ്ക്കുന്നുണ്ട് എന്നത് സത്യമാണ്.വില്‍പ്പനക്കാരുടെ സ്വന്തം ജിഹ്വയാണ് അത്. മൈ ഹോം.കോം അടക്കമുള്ള സൈറ്റുകളില്‍ കഴിഞ്ഞ മാസങ്ങളിലെ പ്രൈസ് ഹിസ്റ്ററി പരിശോധിക്കുമ്പോള്‍ വില കുറവ് എത്ര വേഗത്തിലാണ് യാഥാര്‍ത്ഥ്യമാകുന്നത് എന്നറിയാന്‍ കഴിയും.ഡബ്ലിനില്‍ മലയാളികള്‍ ധാരാളമായുള്ള ഡബ്ലിന്‍ 4 നോട് ചേര്‍ന്ന് കിടക്കുന്ന ബൂട്ടേഴ്‌സ് ടൌണില്‍ വില കുറയുന്നത് എത്ര വേഗമാണ് എന്ന് കാണിക്കുന്ന ഒരു ചാര്‍ട്ടാണ് താഴെ ചേര്‍ക്കുന്നത്.താരപദവിയുള്ള ഈ പ്രദേശത്ത് പോലും അഞ്ചു മാസത്തിനുള്ളില്‍ ഒരു ലക്ഷം യൂറോ വരെ വീടുകള്‍ക്ക് വിലയിടിഞ്ഞു കഴിഞ്ഞു.booter

ഇത്തരത്തില്‍ വില താഴുന്നതില്‍ ജനം ആശങ്കപ്പെടേണ്ടതില്ലെന്ന് പ്രത്യേകം പറയുന്നുണ്ട് വിദഗ്ദര്‍ !. നിങ്ങള്‍ വീട് വില്‍ക്കാന്‍ വച്ചിരിക്കുകയാണെങ്കില്‍ വില കുറയുമല്ലോ എന്ന് കരുതി സങ്കടപ്പെടേണ്ട.(വീട് വില്‍ക്കാന്‍ ഒരുങ്ങിയിരിക്കുന്ന മലയാളികള്‍ തീരെ കുറവാണ്,എങ്കിലും) ഇനി നിങ്ങള്‍ വാങ്ങാനിരിക്കുന്ന വീടിനും ആനുപാതികമായ വിലക്കുറവ് ഉണ്ടായേക്കാം….
റെജി സി ജേക്കബ്

Scroll To Top