Tuesday December 06, 2016
Latest Updates

ഉത്തര കേരളത്തില്‍ തീ കാറ്റ്,മരങ്ങള്‍ കരിഞ്ഞുണങ്ങുന്നു

ഉത്തര കേരളത്തില്‍ തീ കാറ്റ്,മരങ്ങള്‍ കരിഞ്ഞുണങ്ങുന്നു

കോഴിക്കോട്: ഉത്തര കേരളത്തില്‍ ചില പ്രദേശങ്ങളില്‍ തീക്കാറ്റ് വീശുന്നതായി റിപ്പോര്‍ട്ടുകള്‍. ഇന്നലെ പുലര്‍ച്ചെ തിക്കോടി, പയ്യോളി തീരപ്രദേശത്താണ് ചുടുകാറ്റ് വീശിയതിന്റെ ലക്ഷണങ്ങള്‍ കണ്ടത്. കടുത്ത് ചൂടാണ് ഈ മേഖലയില്‍ അനുഭവപ്പെട്ടത്. തിക്കോടി കല്ലകത്ത് ഭാഗത്ത് ഇരുനൂറോളം മീറ്റര്‍ പ്രദേശത്ത് ചെടികള്‍ കരിഞ്ഞുണങ്ങി. ദുരന്ത നിവാരണ വിദഗ്ദ സംഘം അടുത്ത ദിവസം പ്രദേശത്തെത്തി വിശദ പരിശോധന നടത്തും.
രാത്രിയായതിനാല്‍ ആളുകള്‍ക്ക് ചൂട് അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടില്ല. തീരദേശത്ത് ഇത്തരം പ്രതിഭാസം സാധാരണയാണെന്നും ഉപ്പുകാറ്റാണിതെന്നുമാണ് പ്രാഥമിക നിഗമനം. തീയിടുമ്പോള്‍ ചെടിയുടെ ഇലകള്‍ കരിഞ്ഞപോലെയാണ് കാറ്റു വീശിയ മേഖലകളില്‍ പരിശോധനയില്‍ കണ്ടതെന്ന് തിക്കോടി വില്ലേജ് ഓഫീസര്‍ കെ ഷാജി പറഞ്ഞു.

പയ്യോളിക്കടുത്ത ഇരിങ്ങല്‍, കോട്ടക്കല്‍, അഴിമുഖം തീരമേഖലയില്‍ അഞ്ചു കിലോമീറ്ററോളം ദൂരത്ത് ശനിയാഴ്ച ചൂടുകാറ്റ് അടിച്ചിരുന്നു. കൊയിലാണ്ടി മേഖലയിലും ചൂടുകാറ്റ് കഴിഞ്ഞ ദിവസം ആഞ്ഞുവീശി. തീരത്തോടു ചേര്‍ത്ത് നട്ടുപിടിപ്പിച്ച ബദാം മരങ്ങള്‍, ചെറിയ തെങ്ങുകള്‍, കുറ്റിച്ചെടികള്‍ എന്നിവയെല്ലാം കരിഞ്ഞിട്ടുണ്ട്. കൊല്ലം, പാറപ്പള്ളി, മന്ദമംഗലം പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന ഒന്നരകിലോമീറ്റര്‍ ദൂരത്താണ് തീക്കാറ്റ് ഉണ്ടായത്. കണ്ണൂര്‍ ജില്ലയിലെ വിവിധയിടങ്ങളിലും കഴിഞ്ഞ ദിവസം തീക്കാറ്റ് പ്രതിഭാസമുണ്ടായിരുന്നു. പയ്യാമ്പലം, തലശ്ശേരി, മുഴപ്പിലങ്ങാട്, എടക്കാട് ഭാഗങ്ങളിലാണ് തീക്കാറ്റുണ്ടായത്. ഇവിടങ്ങളിലും പുല്ലും ചെടികളും കരിഞ്ഞിട്ടുണ്ട്. കനത്തമഴക്കിടെയുണ്ടായ വെയിലിലും കടല്‍ക്കാറ്റുമേറ്റാണ് ഈ പ്രതിഭാസമുണ്ടായതെന്നാണ് സൂചന. ഞായറാഴ്ച രാത്രിയും തിങ്കളാഴ്ച കാലത്തും പ്രദേശത്ത് അസഹനീയമായ ചൂട് അനുഭവപ്പെട്ടതായി നാട്ടുകാര്‍ പറയുന്നു.

Scroll To Top