Thursday April 27, 2017
Latest Updates

എച്ച്എസ്ഇയില്‍ മാനേജര്‍മാരുടെ എണ്ണം കൂടി,നഴ്‌സുമാരുടെ എണ്ണം കുറഞ്ഞു

എച്ച്എസ്ഇയില്‍ മാനേജര്‍മാരുടെ എണ്ണം കൂടി,നഴ്‌സുമാരുടെ എണ്ണം കുറഞ്ഞു

ഡബ്ലിന്‍: എച്ച്എസ്ഇയില്‍ മാനേജര്‍ ലെവലിലുള്ള ജീവനക്കാരുടെ എണ്ണത്തില്‍ വര്‍ധന. അതേസമയം നഴ്‌സുമാര്‍ എണ്ണത്തില്‍ കുറവ് റിപ്പോര്‍ട്ട് ചെയ്തു. 2011 ന് ശേഷം മാനേജര്‍മാരുടെ എണ്ണം 10.9 ശതമാനം കൂടിയപ്പോള്‍ നഴ്‌സുമാരുടെ എണ്ണത്തില്‍ 2.8 ശതമാനം കുറവുണ്ടായി. വിവരാവകാശ നിയമ പ്രകാരം നല്കിയ അപേക്ഷയ്ക്ക് മറുപടിയായാണ് അധികൃതര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. അതേസമയം ഹഡിംഗ്ടണ്‍ റോഡ് കരാറിന്റെ ഭാഗമായാണു ഈ വര്‍ധന എന്നാണ് എച്ച്എസ്ഇ അധികൃതരുടെ വിശദീകരണം. 

എച്ച്എസ്ഇയുടെ ഘടന സംബന്ധിച്ച് അടിയന്തരമായി അവലോകന യോഗം ചേരണമെന്ന് ഐറിഷ് നഴ്‌സസ് ആന്‍ഡ് മിഡ്‌വൈഫ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. എച്ച്എസ്ഇയിലെ മാനേജര്‍മാരുടെ എണ്ണം കൂടിയത് കൊണ്ട് ട്രോളിയില്‍ ചികിത്സ കാത്തിരിക്കുന്ന രോഗികളുടെ എണ്ണം കുറയുകയോ, വെയ്റ്റിംഗ് ലിസ്റ്റിന്റെ നീളം കുറയുകയോ ചെയ്യില്ലെന്ന് എച്ച്എസ്ഇ കുറ്റപ്പെടുത്തി. അതേസമയം എച്ച്എസ്ഇ സപ്പോര്‍ട്ട് സ്റ്റാഫ് ഇന്റെന്‍ സ്‌കീം പ്രകാരം നിയമിച്ച ജീവനക്കാരെ സ്ഥിര ജീവനക്കാരാക്കണമെന്ന് സിപ്ടു യൂണിയന്‍ ആവശ്യപ്പെട്ടു. 

ഏജന്‍സി സ്റ്റാഫിന് വേണ്ടി ഈ വര്‍ഷം മാത്രം 328 യൂറോ ചെലവഴിച്ചതായാണ് റിപ്പോര്‍ട്ട്. ഈ സാഹചര്യത്തില്‍ അമിത പണച്ചെലവ് ഒഴിവാക്കാന്‍ സപ്പോര്‍ട്ട് സ്റ്റാഫ് സ്‌കീം പ്രകാരം നിയമിക്കപ്പെടുന്നവരെ സ്ഥിരമാക്കണമെന്നാണ് യൂണിയന്റെ നിലപാട്. ഏജന്‍സി ജീവനക്കാര്‍ക്ക് വേണ്ടി അമിതമായി പണം ചെലവഴിക്കുന്നത് അസംബന്ധമാണെന്ന് ഐഎന്‍എംഒ നേതാക്കളും പ്രതികരിച്ചു. 

Scroll To Top