Wednesday December 07, 2016
Latest Updates

ഐറിഷ് ആശുപത്രികളിലെ പ്രതിസന്ധി രൂക്ഷം; കൂടുതല്‍ നഴ്‌സുമാരെ റിക്രൂട്ട്‌  ചെയ്യണമെന്ന്  ഐഎന്‍എംഒ

ഐറിഷ് ആശുപത്രികളിലെ പ്രതിസന്ധി രൂക്ഷം; കൂടുതല്‍ നഴ്‌സുമാരെ റിക്രൂട്ട്‌  ചെയ്യണമെന്ന്  ഐഎന്‍എംഒ

ഡബ്ലിന്‍: പുതുവര്‍ഷത്തോടെ ഐറിഷ് ആശുപത്രികളിലെ പ്രതിസന്ധി വീണ്ടും രൂക്ഷമായി. അത്യാഹിത വിഭാഗങ്ങളില്‍ ട്രോളികളില്‍ കാത്തിരിക്കുന്ന രോഗികളുടെ എണ്ണത്തില്‍ വീണ്ടും റെക്കോര്‍ഡ് നിരക്കില്‍ വര്‍ധനയുണ്ടായി. ഈ സാഹചര്യത്തില്‍ കൂടുതല്‍ നഴ്‌സുമാരെ റിക്രൂട്ട് ചെയ്യണമെന്ന് ഐഎന്‍എംഒ ആവശ്യപ്പെട്ടു. ആവശ്യമെങ്കില്‍ യുകെയില്‍ നിന്നും ഓസ്‌ട്രേലിയയില്‍ നിന്നും നഴ്‌സുമാരെ റിക്രൂട്ട് ചെയ്യണമെന്ന് ഐഎന്‍എംഒ ആവശ്യപ്പെട്ടു. പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ലെങ്കില്‍ സമരത്തിലേക്ക് നീങ്ങുമെന്നും യൂണിയന്‍ മുന്നറിയിപ്പ് നല്‍കി.

‘മിക്ക ആശുപത്രികളിലും നഴ്‌സുമാര്‍ക്ക് സഹിക്കാന്‍ കഴിയുന്ന ജോലിഭാരത്തിന്റെ പരിധി കഴിഞ്ഞിരിക്കുകയാണ്.ഇതൊന്നും സര്‍ക്കാര്‍ അറിയുന്നില്ലെന്ന് നടിക്കുകയാണ്’.യൂണിയന്‍ കുറ്റപ്പെടുത്തി. 

പ്രശ്‌നം പരിഹരിക്കുന്നതിന് അടിയന്തര ഇടപെടല്‍ ആവശ്യമാണെന്ന് ആരോഗ്യ വകുപ്പിനോടും എച്ച്.എസ്.ഇയോടും ഐഎന്‍എംഒ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസങ്ങളില്‍ മാത്രം 563 രോഗികള്‍ അത്യാഹിത വിഭാഗത്തിലെ ട്രോളിയില്‍ ചികിത്സ കാത്തിരുന്നതായാണ് റിപ്പോര്‍ട്ട്. ഇത് സമീപകാലത്തെ ഏറ്റവും കൂടിയ നിരക്കാണ്. ഇന്നലെ രാവിലെ വരെയുള കണക്കുകള്‍ പ്രകാരം ദ്രോഗഡയിലെ ഔര്‍ ലേഡി ഓഫ് ലൂര്‍ദ്‌സ് ആധുപത്രിയില്‍ മാത്രം 50 രോഗികള്‍ ട്രോളിയില്‍ കാത്തിരുന്നു. സെന്റ് വിന്‍സന്റ് യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ 41 പേരും കില്‍ക്കെനിയിലെ സെന്റ് ലൂക്ക്‌സ് ആശുപത്രിയില്‍ 39 പേരും മേയോ ആശുപത്രിയില്‍ 34 പേരും ട്രോളിയില്‍ കാത്തിരുന്നതായാണ് റിപ്പോര്‍ട്ട്. 

ഈ ദിവസങ്ങളില്‍ ഉണ്ടായ കാലതാമസത്തിന് എച്ച്.എസ്.ഇ രോഗികളോട് ഖേദം പ്രകടിപ്പിച്ചു. അത്യാഹിത വിഭാഗങ്ങളിലെ തിരക്ക് നിയന്ത്രിക്കുന്നതിന് ആദ്യം ജിപിമാരുടെ അടുത്ത് ചികിത്സ തേടണമെന്ന് എച്ച്.എസ്.ഇ അധികൃതര്‍ നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് ജിപിമാര്‍ നിര്‍ദ്ദേശിക്കുകയാണെങ്കില്‍ മാത്രം ആശുപത്രികളില്‍ ചികിത്സ തേടി എത്താവൂ എന്നും എച്ച്.എസ്.ഇ നിര്‍ദ്ദേശിച്ചു. 

ഈ സാഹചര്യത്തിലാണ് തിരക്ക് നിയന്ത്രിക്കുന്നതിനുള്ള നടപടികള്‍ ആവശ്യപ്പെട്ടു ഐഎന്‍എംഒ രംഗത്ത് വന്നത്. കൂടുതല്‍ ജീവനക്കാരെ നിയമിക്കണമെന്ന് ആവശ്യപ്പെട്ടതിന് പുറമേ ഒന്നിലധികം നിര്‍ദ്ദേശങ്ങള്‍ ഐഎന്‍എംഒ മുന്നോട്ടു വച്ചിട്ടുണ്ട്. കുറഞ്ഞത് രണ്ടാഴ്ചത്തേക്ക് എല്ലാ ആശുപത്രികളിലേക്കുമുള്ള അഡ്മിഷന്‍ നിയന്ത്രിക്കുക, കൂടുതല്‍ കെയര്‍ ബെഡുകള്‍ അനുവദിക്കുക, കമ്മ്യൂണിറ്റി സര്‍വീസ് മേഖലയ്ക്ക് കൂടുതല്‍ ഫണ്ട് അനുവദിക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് ഐഎന്‍എംഒ മുന്നോട്ടു വച്ചിരിക്കുന്നത്. 

ആശുപത്രികളില്‍ ട്രോളിയില്‍ കാത്തിരിക്കുന്ന രോഗികളുടെ എണ്ണം സംബന്ധിച്ച് ഇപ്പോള്‍ പുറത്ത് വരുന്ന കണക്കുകള്‍ ഞെട്ടിക്കുന്നതാണെന്ന് ഐഎന്‍എംഒ ജനറല്‍ സെക്രട്ടറി ലിയാം ഡോറന്‍ പറഞ്ഞു. ഇത് സര്‍ക്കാര്‍ അവഗണിക്കരുതെന്നും ലിയാം ഡോറന്‍ ആവശ്യപ്പെട്ടു. 2006 ല്‍ 500 രോഗികള്‍ ട്രോളിയില്‍ കാത്തിരുന്ന സമയത്ത് ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ അത് 563 ആയി വര്‍ധിച്ചിരിക്കുകയാണെന്നും ഐഎന്‍എംഒ നേതാക്കള്‍ ചൂണ്ടിക്കാട്ടി. 


Scroll To Top