Sunday December 04, 2016
Latest Updates

യൂറോപ്പിലെ ഏറ്റവും ഇന്ധനക്ഷമതയുള്ള വാഹനമാവാന്‍ സിവിക്കുമായി ഹോണ്ട

യൂറോപ്പിലെ ഏറ്റവും ഇന്ധനക്ഷമതയുള്ള വാഹനമാവാന്‍ സിവിക്കുമായി ഹോണ്ട

വര്‍ദ്ധിച്ചുവരുന്ന പരിസ്ഥിതി മലിനീകരണ ഭീഷണിയും, ഇന്ധനക്ഷാമവും ഇന്ധനക്ഷമത വര്‍ധിപ്പിക്കുക എന്നത് കാര്‍നിര്‍മാതാക്കള്‍ക്ക് ഒരു വന്‍ ബാധ്യതയായി മാറ്റിയിരിക്കുന്നു. ലോകത്തെമ്പാടുമുള്ള സര്‍ക്കാറുകള്‍ വിഷയത്തില്‍ അടിയന്തിര ഇടപെടല്‍ നടത്തികൊണ്ടിരിക്കുന്നു. ഇന്ധനക്ഷമത വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ഗവേഷണങ്ങളില്‍ ജാപ്പനീസ് കമ്പനിയായ ഹോണ്ട ഏറെ മുന്നോട്ടു പോയിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

ലോകത്തിലെ ഏറ്റവും മികച്ച ഇന്ധനക്ഷമതയുള്ള വാഹനം പുറത്തിറക്കാന്‍ ഹോണ്ട തയ്യാറെടുക്കുന്നതായാണ് കമ്പനി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഇതിനു മുന്നോടിയായി ഒരു ഹോണ്ട സിവിക്കില്‍ തങ്ങള്‍ വികസിപ്പിച്ച സാങ്കേതിക വിദ്യ പരീക്ഷിച്ച് യൂറോപ്പിലെ ഏറ്റവും ഇന്ധനക്ഷമതയുള്ള കാര്‍ എന്ന റെക്കോര്‍ഡ് സ്വന്തമാക്കാനും ഹോണ്ട ശ്രമം തുടങ്ങിക്കഴിഞ്ഞു.

യൂറോപ്യന്‍ യൂണിയനില്‍പെട്ട 24 രാജ്യങ്ങളിലായി ആകെ 13,670 കിലോമീറ്റര്‍ സിവിക്കുമായി യാത്ര ചെയ്യാനാണ് ഹോണ്ടയുടെ പദ്ധതി. 25 ദിവസങ്ങളെടുക്കുന്ന യാത്രയില്‍ ദിവസം ശരാശരി 600 കിലോമീറ്റര്‍ താണ്ടും. ഈ യാത്രയിലൂടെ മെച്ചപ്പെട്ട ഇന്ധനക്ഷമത തെളിയിച്ച് റെക്കോര്‍ഡ് പുസ്തകങ്ങളില്‍ കയറിപറ്റുകയും, അതുവഴി സമാന സാങ്കേതിക വിദ്യ ഉപയോഗിച്ച് പുറത്തിറങ്ങാനിരിക്കുന്ന മറ്റ് ഹോണ്ട കാറുകളുടെ പ്രചാരം വര്‍ദ്ധിപ്പിക്കുകയുമാണ് കമ്പനി ലക്ഷ്യമിടുന്നത്.

കാറിനകത്ത് ഘടിപ്പിച്ച ഒരു ട്രാക്കര്‍ ഉപകരണം വഴിയാണ് റെക്കോര്‍ഡിനായി അധികൃതര്‍ക്ക് വിവരങ്ങള്‍ ലഭ്യമാവുക. ജിപിഎസ് വിവരങ്ങള്‍, വീഡിയോകള്‍, ഫോട്ടോകള്‍ എന്നിവയും തെളിവുകളുടെ ഭാഗമായി അയക്കും.

 

Scroll To Top