Sunday December 04, 2016
Latest Updates

പാമ്പിന്‍ വിഷത്തില്‍ നിന്നും ഉണ്ടാക്കുന്ന ഹോമിയോ മരുന്നുകള്‍ക്ക് എയ്ഡ്‌സ് തടയാനാകുമെന്ന് ഗവേഷകര്‍

പാമ്പിന്‍ വിഷത്തില്‍ നിന്നും ഉണ്ടാക്കുന്ന ഹോമിയോ മരുന്നുകള്‍ക്ക് എയ്ഡ്‌സ് തടയാനാകുമെന്ന് ഗവേഷകര്‍

ഒരിനം പാമ്പിന്റെ വിഷത്തില്‍ നിന്നുമുണ്ടാക്കുന്ന ഹോമിയോ മരുന്നുകള്‍ക്ക് എയ്ഡ്‌സിന്റെ വ്യാപനം ഒരു പരിധി വരെ ചെറുക്കാന്‍ കഴിയുമെന്ന് കണ്ടെത്തല്‍. ലോക ഹോമിയോപ്പതി സമ്മേളനത്തിലാണ് ഗവേഷകര്‍ കണ്ടെത്തല്‍ വിശദീകരിച്ചത്.

പാമ്പിന്‍ വിഷത്തില്‍ നിന്ന് തയ്യാറാക്കുന്ന ക്രോട്ടാലസ് ഹോറിഡസ് എന്ന മരുന്നിന് എയ്ഡ്‌സിന് കാരണമാകുന്ന ഹ്യൂമണ്‍ ഇമ്മ്യൂണോ ഡെഫിഷ്യന്‍സി വൈറസിന്റെ(എച്ചഐവി) വ്യാപനം തടുക്കാനാകും എന്നാണ് ഗവേഷകര്‍ പറയുന്നത്. ഹൈദരാബാദിലെ ജെഎസ്പിഎസ് ഹോമിയോപ്പതി മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കല്‍ ടെക്‌നോളജിയില്‍ നിന്നുള്ള ഡോക്ടര്‍മാരുടെ സംഘവുമാണ് കണ്ടെത്തലിന് പിന്നില്‍.

എച്ച്‌ഐവി, ഹെപ്പറ്റൈറ്റിസ് ബി എന്നീ വൈറസുകള്‍ വൈറല്‍ ആര്‍എന്‍എയെ വൈറല്‍ ഡിഎന്‍എ ആക്കി മാറ്റുകയും എണ്ണത്തില്‍ പെരുകി രോഗികളെ ഗുരുതരാവസ്ഥയില്‍ എത്തിക്കുകയും ചെയ്യുന്നു. ഇതിനായി വൈറസുകള്‍ ഉപയോഗിക്കുന്ന റിവേഴ്‌സ് ട്രാന്‍സ്‌ക്രിപ്‌റ്റെയ്‌സ് എന്ന എന്‍സൈമിന്റെ പ്രവര്‍ത്തനത്തെ ക്രോട്ടാലസ് ഹോറിഡസ് എന്ന മരുന്നിന് തടസ്സപ്പെടുത്താനാവും എന്നാണു ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. എയിഡ്‌സ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കണ്ടെത്തല്‍ നവോന്മേഷം പകരും.

 

Scroll To Top