Sunday December 11, 2016
Latest Updates

വിവാദങ്ങളില്‍ ദീപികയ്ക്ക് പിന്തുണയുമായി മൈ ചോയ്‌സ് ഡയറക്ടര്‍

വിവാദങ്ങളില്‍ ദീപികയ്ക്ക് പിന്തുണയുമായി മൈ ചോയ്‌സ് ഡയറക്ടര്‍

സ്ത്രീ ശാക്തീകരണത്തിനായി വോഗ് പുറത്തിറക്കിയ മൈ ചോയ്‌സ് വീഡിയോ ഇന്ത്യയില്‍ വലിയ ചര്‍ച്ചകള്‍ സംഘടിപ്പിച്ചിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ച വീഡിയോയ്ക്ക് വിയോജനക്കുറിപ്പുമായി പല പ്രമുഖരും സോഷ്യല്‍ മീഡിയയില്‍ തന്നെയാണ് എത്തിയത്. എന്നാല്‍ താന്‍ സംവിധാനം ചെയ്ത വീഡിയോയില്‍ അഭിനയിച്ചതിന് വിവാദത്തിലായ ബോളിവുഡ് താരം ദീപിക പദുക്കോണിനെ തനിച്ചാക്കാന്‍ തയാറല്ല ഹോമി അദാജാനിയ. ഫെയ്‌സ്ബുക്കിലൂടെ തന്നെയാണ് ഹോമി ദീപികയ്ക്കുള്ള പിന്തുണ വ്യക്തമാക്കിയിരിക്കുന്നത്.

മൈ ചോയ്‌സ് വീഡിയ യൂ ട്യൂബില്‍ വൈറലായതിന് പിന്നാലെ പല കോണുകളില്‍നിന്ന് ഇതിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

താന്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഒരു പ്രൊജക്റ്റിന്റെ ഭാഗമായി ദക്ഷിണ ആന്‍ഡമാനിലെ ഒരു ദ്വീപില്‍ ആയിരുന്നു എന്നും, അവിടെ ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമല്ലാത്തത് മൂലമാണ് പ്രതികരണം വൈകിയത് എന്നും പറഞ്ഞു കൊണ്ടാണ് ഹോമി പോസ്റ്റ് തുടങ്ങുന്നത്. സ്ത്രീകളുടെ തീരുമാന സംരക്ഷണം മാത്രമാണ് വീഡിയോ ലക്ഷ്യം വക്കുന്നതെന്നും, അവള്‍ എന്തു ചെയ്യുന്നു എന്നത് അവളുടെ മാത്രം തീരുമാനമായിരിക്കണം എന്നും ഹോമി കുറിക്കുന്നു. വീഡിയോ അക്ഷരം പ്രതി സമൂഹം അനുസരിക്കണം എന്ന് തങ്ങള്‍ വാശിപ്പിടിച്ചിട്ടില്ല. രണ്ടു മിനിറ്റ് മാത്രമാണ് വീഡിയോയുള്ളത്. അത്ര കുറഞ്ഞ സമയം കൊണ്ട് ഇത്രയും ഗഹനമായ ഒരു വിഷയം അതിന്റെ ഗൗരവത്തില്‍ അവതരിപ്പിക്കാന്‍ സാധിക്കില്ല. അതിനാലാണ് പ്രതീകാത്മകമായ രീതി സ്വീകരിച്ചത്. എന്നാല്‍ വീഡിയോ ഇഷ്ടപ്പെടാതിരിക്കുക എന്നത് ഓരോരുത്തരുടെയും ഇഷ്ടമാണെന്നും താന്‍ അതിനെ പൂര്‍ണ്ണമായും ബഹുമാനിക്കുന്നു എന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

എതിര്‍പ്പുകളാണ് വീഡിയോയെ ഇത്രയധികം വൈറലാക്കിയത്. ഇത് പുരുഷ വിരുദ്ധതയാണെന്ന് ഇടുങ്ങിയ മനസ്സുള്ളവര്‍ക്കു മാത്രമേ തോന്നൂവെന്നും അതു താന്‍ വലിയ കാര്യമാക്കുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. ലിംഗ സമത്വം പോലെയുള്ള വലീയ വിഷയങ്ങളില്‍ ചര്‍ച്ചക്ക് വഴി വെയ്ക്കുമെങ്കില്‍ ഇനിയും വിവാദ വീഡിയോകള്‍ പുറത്തിറക്കാന്‍ തയ്യാറാണെന്നും അദ്ദേഹം പറയുന്നു. വീഡിയോ ഇതിനോടകം യൂടൂബില്‍ 8 മില്യണ്‍ ആള്‍ക്കാര്‍ കണ്ടിട്ടുണ്ട്.

Scroll To Top