Tuesday December 06, 2016
Latest Updates

തണുപ്പ് തുടങ്ങി,അയര്‍ലണ്ടിലെ ഭവനരഹിതരുടെ പേരില്‍ മാധ്യമവിലാപവും

തണുപ്പ് തുടങ്ങി,അയര്‍ലണ്ടിലെ  ഭവനരഹിതരുടെ പേരില്‍ മാധ്യമവിലാപവും

യര്‍ലണ്ടില്‍ ഭവനരഹിതരുടെ എണ്ണം വര്‍ദ്ധിക്കുകയാണ് എന്ന കണക്കുകള്‍ അയര്‍ലണ്ടിലെ സന്നദ്ധ സംഘടനകളും മാധ്യമങ്ങളും ഉയര്‍ത്തുന്നത് ഓരോ വര്‍ഷവും വിന്റര്‍ ആരംഭിക്കുമ്പോഴാണ്. ഭവനരഹിതരായ ആള്‍ക്കാരുടെ എണ്ണം കൂടുകയും അവര്‍ പൊതുസ്ഥലങ്ങളിലും തെരുവോരങ്ങളിലും കൂടുതല്‍ കാണപ്പെടുകയും ചെയ്യുന്നതോടെയാണ് ഇത്തരം മാധ്യമ വിലാപങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

25 പെണ്‍കുട്ടികളടക്കം 165 പേരെ ഡബ്ലിന്‍ നഗരത്തില്‍ വീടില്ലാതെ അലയുന്നവരായി കണ്ടെന്നാണ് കഴിഞ്ഞ ദിവസം കണക്കെടുത്ത ഒരു സന്നദ്ധ സംഘടനയുടെ കണക്ക്.സര്‍ക്കാര്‍ ഉടമസ്ഥതയില്‍ തന്നെ നൂറുകണക്കിന് താമസസ്ഥലങ്ങള്‍ ഒഴിവായിക്കിടക്കുമ്പോഴാണ് ജനങ്ങള്‍ തെരുവില്‍ ഉറങ്ങേണ്ട അവസ്ഥയുണ്ടാകുന്നത്.യഥാസമയത്തു കണ്ടെത്തി ഇവരെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റാന്‍ പോലും ആളില്ലാത്തതാണ് യഥാര്‍ഥ പ്രശ്നം.പത്രസമ്മേളനം വിളിച്ച് ‘ഭീകരാവസ്ഥ’ വിവരിക്കുന്ന സന്നദ്ധസംഘടനക്കാര്‍ക്ക് പോലും നിസാരമായി പരിഹരിക്കാവുന്നതേയുള്ളു പ്രശ്നമെങ്കിലും ഭവനരഹിതരുടെ പേരില്‍ ഒഴുക്കുന്ന സഹായപദ്ധതികള്‍ തട്ടിയെടുക്കുക എന്ന ലക്ഷ്യം മാത്രമാണത്തിന് പിന്നില്‍ എന്നതാണ് പറയപ്പെടുന്നത്.

തലസ്ഥാനമായ ഡബ്ലിനിലെ കണക്കുകളാണ് പുറത്തുവരുന്നതെങ്കിലും, ഡബ്ലിനു പുറത്തുള്ള സ്ഥലങ്ങളിലും-പ്രത്യേകിച്ച് മറ്റു ടൗണുകളില്‍- ഭവനരഹിതരുടെ എണ്ണം ഏറുകയാണ്. ലൂത്ത് കൗണ്ടിയില്‍ ഭവനരഹിതരായി രജിസ്റ്റര്‍ ചെയ്യപ്പെടുന്നവരുടെ എണ്ണം കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ 100% ആണ് വര്‍ദ്ധിച്ചത്. സ്ലൈഗോയിലും വീടില്ലാത്ത കുടുംബങ്ങളുടെ എണ്ണം വര്‍ദ്ധിക്കുന്നുണ്ട്.ഇവിടെയൊക്കെയും വിരലില്‍ എണ്ണാവുന്നവരേ ഭവനരഹിതരായിട്ടുള്ളു എന്നാണ് കണക്കുകള്‍.

സര്‍വീസുകളും മറ്റും ലഭിക്കാന്‍ എളുപ്പമാകുമെന്നതാണ് ജനങ്ങള്‍ കൂട്ടത്തോടെ ടൗണുകളിലെത്താന്‍ കാരണം. അഡിക്ഷന്‍, മെന്റല്‍ ഹെല്‍ത്ത് എന്നീ സേവനങ്ങള്‍ തേടി ധാരാളം പേര്‍ ടൗണുകളിലെത്തുന്നുണ്ട്.എന്നാല്‍ ഇവരെക്കൊണ്ട് വഹിക്കാന്‍ കഴിയുന്നതിലും വലുതാണ് പല വീടുകളുടെയും അപ്പാര്‍ട്ട്മെന്റുകളുടെയും വാടക.

മേയോ പോലുള്ള ഇടങ്ങളില്‍ ഭവനരഹിതരെ സഹായിക്കാന്‍ സംവിധാനങ്ങളൊന്നും തന്നെയില്ല. ഫോണ്‍ വഴി മാത്രമാണ് ഇവര്‍ക്ക് സഹായം ലഭിക്കുന്നത്.

അതേസമയം രാജ്യത്ത് വിവിധയിടങ്ങളിലായി സോഷ്യല്‍ ഹൗസിങ് നിര്‍മ്മിക്കാനുള്ള പദ്ധതികള്‍ക്ക് രൂപം നല്‍കിയിട്ടുണ്ടെങ്കിലും, നിര്‍മ്മാണം ഒച്ചിഴയുന്ന വേഗത്തിലാണ്. 2020നുള്ളില്‍ 25,000 വീടുകള്‍ നിര്‍മ്മിക്കാനാണ് സര്‍ക്കാര്‍ പദ്ധതി.

അയര്‍ലണ്ടിലെ ഭവനരഹിതരുടെ പ്രശ്‌നങ്ങള്‍ ഊതിപ്പെരുപ്പിച്ചവയും നിസാരമായി പരിഹരിക്കാവുന്നവയാണെന്നും എന്നതാണ് ശരി!
ഐറിഷ് മലയാളി ന്യൂസ്

Scroll To Top