Monday December 05, 2016
Latest Updates

ഡബ്ലിന്‍ നഗരത്തില്‍ വീടില്ലാതെ അലയുന്നത് ആയിരത്തില്‍ അധികം കുട്ടികള്‍,സിംഗിള്‍ പേരന്റ്‌സ് മക്കളെ കൈവിട്ടു പോകുന്നതായും പഠനം

ഡബ്ലിന്‍ നഗരത്തില്‍ വീടില്ലാതെ അലയുന്നത് ആയിരത്തില്‍ അധികം കുട്ടികള്‍,സിംഗിള്‍ പേരന്റ്‌സ് മക്കളെ കൈവിട്ടു പോകുന്നതായും പഠനം

ഡബ്ലിന്‍: ഡബ്ലിനില്‍ ഭവന രഹിതരായ കുട്ടികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ് എന്ന് കണ്ടെത്തല്‍.പ്രതിദിനം മൂന്നു കുട്ടികള്‍ വീതമെങ്കിലും നഗരത്തില്‍ മാത്രം ഭവനരഹിതരായി തെരുവില്‍ ഇറങ്ങുന്നതായി റിപ്പോര്‍ട്ട്. ഭവനരഹിതര്‍ക്കായി പ്രവര്‍ത്തിക്കുന്ന റീജിണല്‍ ഹോംലസ് എക്‌സിക്യൂട്ടിവ് എന്ന സന്നദ്ധ സംഘടനയാണ് ഈ കണക്ക് പുറത്ത് വിട്ടത്.490 കുടുംബങ്ങളില്‍ നിന്നായി 1034 കുട്ടികളാണ് അടിയന്തരമായും താമസ സൗകര്യം നല്‍കണമെന്ന അഭ്യര്‍ഥനയുമായി അധികൃതരെ സമീപിച്ചത്.
1034 കുട്ടികളില്‍ 303 പേരും സിംഗിള്‍ പേരന്റ് ഫാമിലിയില്‍ നിന്നുള്ളവരായിരുന്നു എന്നതാണ് മറ്റൊരു കണ്ടെത്തല്‍.മക്കള്‍ക്ക് വേണ്ടത്ര സൗകര്യം ഒരുക്കി നല്‍കാതെ, കണ്ടെത്തുന്ന പങ്കാളികളുമായി പുതിയ ജീവിതത്തിലേയ്ക്ക് കടക്കുന്ന സിംഗിള്‍ പേരന്റ്‌സിന്റെ എണ്ണം വര്‍ദ്ധിക്കുകയാണെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
കാറുകള്‍ക്കുള്ളില്‍ കിടന്നുറങ്ങുന്ന കുടുംബങ്ങളുടെ എണ്ണവും മൂന്നിരട്ടിയെങ്കിലും വര്‍ദ്ധിച്ചിട്ടുണ്ടെന്നും പഠന സംഘം കണ്ടെത്തി.ലോക്കല്‍ അതോറിറ്റിയെ സമീപിക്കുന്നതില്‍ പകുതി പേര്‍ക്കും അടിയന്തര താമസ സൗകര്യം നല്‍കാന്‍ പോലും അവര്‍ക്ക് ആവുന്നില്ലെന്ന് ഹൗസിംഗ് ചാരിറ്റിയായ ഫോക്കസ് അയര്‍ലണ്ടും വ്യക്തമാക്കുന്നു.
ഡബ്ലിന്‍ നഗരത്തിലെ തങ്ങളുടെ അനുഭവത്തില്‍ നിന്ന് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ തെരുവില്‍ അലഞ്ഞു നടക്കുന്നതായി സംഘടന വ്യക്തമാക്കി. കഴിഞ്ഞ ദിവസം രാത്രി മാത്രം തെരുവില്‍ അലഞ്ഞു തിരിഞ്ഞു നടക്കുന്ന 122 പേര്‍ക്ക് ആഹാരം നല്കിയതായും സംഘടന വക്താക്കള്‍ അറിയിച്ചു. 
തലസ്ഥാന നഗരിയിലെ ഭവന പ്രതിസന്ധി പരിഹരിക്കാന്‍ ഗവണ്‍മെന്റ് കിണഞ്ഞു പരിശ്രമിക്കുന്നതിനിടെയാണ് കൂടുതല്‍ ഭവനരഹിതര്‍ തെരുവിലേക്ക് ഇറങ്ങുന്നതായി റിപ്പോര്‍ട്ട് പുറത്ത് വന്നത്. 29.7 മില്യന്‍ യൂറോ ചെലവഴിച്ചാണ് ഗവണ്‍മെന്റ്
ഭവന നിര്‍മ്മാണ പദ്ധതി നടപ്പിലാക്കുന്നത്. 2016 ഓടെ ഒരു പരിധി വരെയെങ്കിലും ഭവന പ്രതിസന്ധി പരിഹരിക്കാന്‍ കഴിയുമെന്നാണ് ഗവണ്‍മെന്റ് അധികൃതരുടെ പ്രതീക്ഷ.

Scroll To Top