Sunday August 20, 2017
Latest Updates

വീടില്ലാത്തവരെ ചെന്നായ്ക്കള്‍ക്ക് എറിഞ്ഞുകൊടുക്കില്ല: അപ്പോളോ ഹൗസ് പ്രവര്‍ത്തകര്‍

വീടില്ലാത്തവരെ ചെന്നായ്ക്കള്‍ക്ക് എറിഞ്ഞുകൊടുക്കില്ല: അപ്പോളോ ഹൗസ് പ്രവര്‍ത്തകര്‍

ഡബ്ലിന്‍:അപ്പോളോ ഹൗസില്‍ പാര്‍പ്പിച്ചിരിക്കുന്ന വീടില്ലാത്തവരെ ‘ചെന്നായ്ക്കള്‍ക്ക് എറിഞ്ഞുകൊടുക്കാന്‍’ തങ്ങള്‍ തയ്യാറല്ലെന്ന് അപ്പോളോ ഹൗസ് പിടിച്ചെടുത്ത സാമൂഹികപ്രവര്‍ത്തകര്‍. ബുധനാഴ്ച ഉച്ചയോടെ കെട്ടിടം ഒഴിഞ്ഞുകൊടുക്കണമെന്നാണ് കെട്ടിടത്തിന്റെ ഉടമസ്ഥരായ നാമ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതിയുടെ വിധി. ക്രിസ്മസിനു മുമ്പാണ് ഹോം സ്വീറ്റ് ഹോം പ്രവര്‍ത്തകരും സാമൂഹികപ്രവര്‍ത്തകരും ചേര്‍ന്ന് പൂട്ടിക്കിടക്കുകയായിരുന്ന അപ്പോളോ ഹൗസ് പിടിച്ചെടുക്കുകയും വീടില്ലാത്ത 40ഓളം പേരെ താമസിപ്പിക്കുകയും ചെയ്തത്. തുടര്‍ന്ന് ഈ നീക്കത്തിന് വലിയ ജനപിന്തുണ ലഭിച്ചിരുന്നു.

വീടില്ലാത്തവര്‍ക്കെതിരെ സര്‍ക്കാര്‍ സ്വീകരിക്കുന്ന സമീപനത്തെ വിമര്‍ശിച്ച ഹോം സ്വീറ്റ് ഹോം കംപെയ്നര്‍ ബ്രെന്‍ഡന്‍ ഓഗിള്‍, അവരെ തങ്ങള്‍ കൈവിടില്ലെന്ന് വ്യക്തമാക്കി. സംഭവത്തിന്റെ നിയമപരമായ വശങ്ങള്‍ തേടിക്കൊണ്ടിരിക്കുകയാണെന്നും, കൂടുതല്‍ ജനപിന്തുണയോടെ പ്രവര്‍ത്തനം വ്യാപിപ്പിക്കാനാണ് ഉദ്ദേശ്യമെന്നും അദ്ദേഹം പറഞ്ഞു. പ്രതിസന്ധി പരിഹരിക്കാനാവശ്യപ്പെട്ടും, ഭവനപ്രതിസന്ധി പരിഹരിക്കാനായി ഹോം സ്വീറ്റ് ഹോം മുന്നോട്ടു വച്ച പദ്ധതി അംഗീകരിക്കാനാവശ്യപ്പെട്ടും പ്രവര്‍ത്തകര്‍ വെള്ളിയാഴ്ച ഹൗസിങ് മിനിസ്റ്റര്‍ സിമോണ്‍ കൊവേനിയുമായി ചര്‍ച്ച നടത്തിയിരുന്നു. ഹൗസിങ് ഡിപ്പാര്‍ട്ട്മെന്റ് അധികൃതരും ചര്‍ച്ചയില്‍ പങ്കെടുത്തു. എന്നാല്‍ ചര്‍ച്ചയില്‍ ധാരണകളൊന്നും ഉരുത്തിരിഞ്ഞിരുന്നില്ല.

ജനങ്ങള്‍ക്ക് താമസിക്കാന്‍ സുരക്ഷിതമായ ഭവനം ആണ് വേണ്ടതെന്നും ബെഡ്ഡുകള്‍ അല്ലെന്നും ഓഗിള്‍ വ്യക്തമാക്കി. ഹൗസിങ് ഡിപ്പാര്‍ട്ട്മെന്റിനു പുറമെ മറ്റ് വകുപ്പുകളൊന്നും തങ്ങളുമായി കൂട്ടായ ചര്‍ച്ച നടത്താന്‍ തയ്യാറാകാത്തതില്‍ അദ്ദേഹം നിരാശ പ്രകടിപ്പിക്കുകയും ചെയ്തു.

Scroll To Top