Tuesday July 17, 2018
Latest Updates

ഡബ്ലിനിലെ ഈ പോക്ക് എങ്ങോട്ടാണ്? തലചായ്ക്കാനൊരിടം തേടി ആളുകളുടെ പരക്കം പാച്ചില്‍ വീട് ബുക്ക് ചെയ്യാന്‍ മണിക്കൂറുകള്‍ നീണ്ട ക്യൂ,എത്തിയത് നൂറുകണക്കിനാളുകള്‍

ഡബ്ലിനിലെ ഈ പോക്ക് എങ്ങോട്ടാണ്? തലചായ്ക്കാനൊരിടം തേടി ആളുകളുടെ പരക്കം പാച്ചില്‍ വീട് ബുക്ക് ചെയ്യാന്‍ മണിക്കൂറുകള്‍ നീണ്ട ക്യൂ,എത്തിയത് നൂറുകണക്കിനാളുകള്‍

ഡബ്ലിന്‍:ഡബ്ലിനിലെ ഈ പോക്ക് എങ്ങോട്ടാണ്?.അറിയാതെ ചോദിച്ചുപോവുകയാണ് വീടുകള്‍ക്കായി നൂറുകണക്കിനാളുകള്‍ പരക്കംപായുന്നതു കാണുമ്പോള്‍,മഴയും വെയിലും സഹിച്ചും ക്യൂ നില്‍ക്കുന്നതു കാണുമ്പോള്‍. ഡബ്ലിനെ അറിയാവുന്നവരുടെ മനസ്സില്‍ അറിയാതെ ഉയരുന്ന ചോദ്യമാണ് ഈ പോക്ക് എങ്ങോട്ടാണ്,എന്നാണ് ഇതിനൊരു അറുതി?

ഡ്രംകോണ്‍ട്രായില്‍ ഒരു വീട് കിട്ടാന്‍ ഇന്നലെ രാവിലെ ചിന്നം പിന്നം പെയ്തുകൊണ്ടിരുന്ന മഴയെ അവഗണിച്ച് നിരവധിയാളുകള്‍ ക്യൂ നില്‍ക്കുന്ന കാഴ്ച അതിലൊന്നു മാത്രം.കമ്പനി ആവശ്യപ്പെട്ട 10,000 യൂറോയുടെ ഡിപ്പോസിറ്റുമായി മണിക്കൂറുകളാണ് അവര്‍ ക്യൂവില്‍ കാത്ത് നിന്നത്.

ഇത്തരത്തിലുള്ള നൂറുകണക്കിന് കുടുംബങ്ങളുണ്ടായിരുന്നു.475,000 യൂറോ മുതല്‍ 735,000 വിലവരുന്ന മൂന്നോ നാലോ അഞ്ചോ ബെഡ്റൂമുമുകളുള്ള വീടിനായിട്ടായിരുന്നു ആ കാത്തിരിപ്പ്.വ്യാഴാഴ്ച മണിക്കൂറുകളുടെ ക്യു അവസാനിച്ചപ്പോള്‍ വെള്ളിയാഴ്ച ആളുകള്‍ വീണ്ടുമെത്തി.ചെക്ക് ബുക്കുകളുമായാണ് എല്ലാവരും എത്തിയത്.10,000യൂറോയുടെ ചെക്ക് മാത്രമല്ല,ഫിനാന്‍സ് രേഖകള്‍,സോളിസിറ്റേഴ്സിന്റെ വിശദാംശങ്ങള്‍ തുടങ്ങിയവയും ഏജന്റുമാര്‍ ആവശ്യപ്പെട്ടിരുന്നു,

അവിടെ കണ്ട കഠ്മണ്ഡുവില്‍ നിന്നുള്ള നീലം സറിയയും ഭര്‍ത്താവും ഒരു വീട് ബുക്ക് ചെയ്യുന്നതിനെത്തിയവരില്‍ ഒരു കുടുംബാമായിരുന്നു. ‘ഡബ്ലിനു ചുറ്റുപാടുകളിലായി ഞങ്ങള്‍ അഞ്ചോ,ആറോ എസ്റ്റേറ്റുകളില്‍ നോക്കി.എന്നാല്‍ ഈ ലൊക്കേഷന്‍ ഏറെ ഇഷ്ടമായി. കുട്ടികള്‍ക്ക് വളരെ ആഹ്ലാദകരമായ അന്തരീക്ഷം ഇവിടെയാണെന്നു തോന്നുന്നു, നല്ല സ്‌കൂളുകളും ഉണ്ട്.’ നീലം പറഞ്ഞു.

‘എന്നാല്‍ ഇവിടെ വില വളരെ കൂടുതലാണ് താങ്ങാന്‍ പറ്റുന്നില്ല,അതുപോലെ ബുക്കിങ് ഡിപോസിറ്റും വളരെ വളരെക്കൂടുതലാണ്.ഡിപ്പോസിറ്റ് തുക കൂടുതലായതിനാല്‍ അതു മാത്രമേ ഞങ്ങള്‍ക്ക് കൊണ്ടുവരാനായുള്ളു.മൂന്നുബെഡ്റൂം വീടാണ് ഞങ്ങള്‍ നോക്കിയത്. എങ്ങനെയെങ്കിലും അത് ശരിയാക്കാം എന്നാണ് പ്രതീക്ഷിക്കുന്നത്’.

എന്നാല്‍ ഡിപ്പോസിറ്റുമായി വരാന്‍ പറഞ്ഞതില്‍ അപാകതയൊന്നും കാണുന്നില്ലെന്ന് പ്രോപ്പര്‍ട്ടി ഡവലപ്പര്‍ റോണാന്‍ കോം പറഞ്ഞു.ആളുകളെ ക്യൂവില്‍ മണിക്കൂറുകള്‍ നിര്‍ത്തി അസ്വസ്ഥരാക്കണമെന്നൊന്നും ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല,പക്ഷേ എന്തു ചെയ്യാനാ, ആളുകള്‍ വല്ലാത്ത വെപ്രാളം കാണിക്കുകയും അനാവശ്യമായ തിടുക്കവും ടെന്‍ഷനും അനുഭവിക്കുകയാണ്.അതിന് നമുക്കൊന്നും ചെയ്യാന്‍ കഴിയില്ല!അവര്‍ ന്യായം പറഞ്ഞൊഴിയുന്നു..

പതിനായിരം അഡ്വാന്‍സ് ഡിപ്പോസിറ്റ് വില്പനക്കാരുടെ ഒരു തന്ത്രം തന്നെയാണ്. ഡിപ്പോസിറ്റ് ഡബ്ലിനിലെങ്ങും വീണ്ടും സെയില്‍ പ്രോപ്പര്‍ട്ടി ഹോര്‍ഡിംഗ്സുകള്‍ വീണ്ടും പൊങ്ങിയിട്ടുണ്ട്.വാര്‍ത്തകള്‍ സൃഷ്ടിച്ച് വിപണിയില്‍ നിന്നും വിട്ടുപോയ ജനങ്ങളെ ആകര്‍ഷിക്കണം.വില കൂടുന്നു എന്ന അവസ്ഥയില്‍ വീട് വാങ്ങാന്‍ ആഗ്രഹിച്ചിരുന്ന ഒട്ടേറെപ്പേര്‍ വിപണയില്‍ നിന്നും മാറിനിന്നിരുന്നു.

വില്‍പ്പന മുടങ്ങി വിപണി അനിശ്ചിതത്വത്തിലായതോടെയാണ് വീണ്ടും സെയില്‍ ഹോര്‍ഡിംഗ്സുകള്‍ വ്യാപകമായിരിക്കുന്നത്.വില കുറച്ചിട്ടില്ലെങ്കിലും അന്വേഷണങ്ങള്‍ വ്യാപകമാകുന്നതോടെ വില താഴാതിരിക്കുമെന്ന് വില്പനക്കാര്‍ക്കറിയാം. വില താഴ്ന്ന് വീണ്ടും ഒരു തകര്‍ച്ചയെ അതിജീവിക്കാനുള്ള കരുത്തൊന്നും ഡബ്ലിനിലെ റിയല്‍ എസ്റ്റേറ്റ് മാഫിയയ്ക്കില്ല.ട്രംപ് വന്നതോടെ വിപണിയില്‍ ഉള്ള അമേരിക്കന്‍ ഫണ്ട് കമ്പനികളും നിക്ഷേപത്തില്‍ അത്ര താത്പര്യം പുലര്‍ത്തുന്നില്ല എന്നതും അവരെ ഭീതിപ്പെടുത്തുന്നുണ്ട്.

എന്നാല്‍ കച്ചവടങ്ങള്‍ നടക്കുന്നില്ലെന്നുമല്ല.ഡബ്ലിന്‍ സ്റ്റില്‍ ഓര്‍ഗന്‍ റോഡിലെ അമ്പതിലധികം വര്‍ഷം പഴക്കമുള്ള അപ്പാര്‍ട്ട്‌മെന്റില്‍ സെയിലിന് ഇട്ടിരിക്കുന്ന ത്രീ ബെഡ് റൂം വീടിന്റെ വില 395000 യൂറോയാണ്.അപാര്‍ട്‌മെന്റ് തേടി എത്തിയവരില്‍ മലയാളികള്‍ പോലും ധാരാളം.

വിലക്കുറവിനുള്ള സാദ്ധ്യതകള്‍ നിലനില്‍ക്കുന്നു എന്ന് തന്നെയാണ് നിരീക്ഷകര്‍ അവകാശപ്പെടുന്നത്. അത്രയധികം കെട്ടിടങ്ങളാണ് പുതുതായി ഉയരുന്നത്.ഡബ്ലിന്‍ നഗരത്തില്‍ മാത്രം ആള്‍താമസമില്ലാത്ത പതിനായിരക്കണക്കിന് വീടുകളുണ്ടെന്നാണ് കഴിഞ്ഞ സെന്‍സസിലെ വെളിപ്പെടുത്തലുകള്‍.

എങ്കിലും ജനം വറുതിയിലാണ്.സെയിലിനാണെന്ന് വാടകക്കാരനെ നോട്ടീസ് നല്‍കി ബോധ്യപ്പെടുത്താതെ പെട്ടന്ന് ഇറക്കാനാവില്ല എന്ന നിയമമൊന്നും കൃത്യമായി അറിയാത്തവരാണ് കുടിയേറ്റക്കാരെന്ന് മിക്കവാറും വീട്ടുടമകള്‍ക്കും അറിയാം.അതവര്‍ പ്രയോജനപ്പെടുത്തും എന്നത് തന്നെ.

പണി തീര്‍ന്നിട്ടും വിറ്റു പോകാത്ത വീടുകള്‍ക്ക് ആവശ്യക്കാരനെ സമ്മര്‍ദത്തിലാക്കി ഉയര്‍ന്ന വില ഈടാക്കിയെടുക്കുക എന്നതാണ് വാടക-നിര്‍മ്മാണ എസ്റ്റേറ്റ് മാഫിയയുടെ എക്കാലത്തെയും തന്ത്രം.വാടകക്കാരെ സംരക്ഷിക്കാനുള്ള ഉത്തമ താത്പര്യത്തോടെയല്ല അടുത്തകാലത്ത് ആ മേഖലയില്‍വന്ന നിയമനിര്‍മ്മാണങ്ങളും.വാടകക്കാരന്റെ ആശങ്കയുടെ തോത് കൂടുന്നത് അനുസരിച്ച് ഭവനവില ഉയരാണ് ഇനിയുള്ള സാധ്യതയും.

Scroll To Top