Tuesday September 25, 2018
Latest Updates

പീഡാനുഭവ സ്മരണയില്‍ വിശ്വാസ സമൂഹം,അയര്‍ലണ്ടിലെങ്ങും പെസഹാ ആചരണം 

പീഡാനുഭവ സ്മരണയില്‍ വിശ്വാസ സമൂഹം,അയര്‍ലണ്ടിലെങ്ങും പെസഹാ ആചരണം 

ഡബ്ലിന്‍:ദൈവപുത്രന്റെ പീഡാനുഭവ രഹസ്യങ്ങള്‍ ധ്യാനിച്ച് അയര്‍ലണ്ടിലെ ക്രൈസ്തവ സമൂഹവും ആണ്ടുവട്ടത്തിലെ അതിവിശുദ്ധ ദിവസമായ പെസഹാ തിരുനാള്‍ കൊണ്ടാടി.ക്രൈസ്തവ ദേവാലയങ്ങളില്‍ കാല്‍കഴുക ശുശ്രൂഷകളിലും, പാരമ്പര്യത്തിന്റെ നിറവില്‍ ഭവനങ്ങള്‍ തോറും അപ്പം മുറിയ്ക്കല്‍ ശുശ്രൂഷകളിലും പങ്കെടുത്ത് വിശ്വാസി സമൂഹം ഇനി ദു:ഖവെള്ളിയുണര്‍ത്തുന്ന അനുതാപത്തിന്റെയും അനുരഞ്ജനത്തിന്റെയും മണിക്കൂറുകളിലേയ്ക്ക് പ്രവേശിക്കും.

സീറോ മലബാര്‍ സഭയുടെ ആഭിമുഖ്യത്തില്‍ ബ്ലാഞ്ചാര്‍ഡ് സ്ടൗണ്‍, ക്ലോണി, ഫിബ്ബിള്‍സ്ടൗണ്‍ കമ്മ്യൂണിറ്റി സെന്ററില്‍ നടത്തപ്പെടുന്ന വചന പ്രഘോഷണ ശുശ്രുഷ സീറോ മലബാര്‍ സഭയുടെ യൂറോപ്പിലെ അപ്പസ്റ്റോലിക് വിസിറ്റേറ്റര്‍ ബിഷപ് സ്റ്റീഫന്‍ ചിറപ്പണത്ത് ഉദ്ഘാടനം  ചെയ്തു.

മൂന്നു ദിവസം നീണ്ടു നില്ക്കുന്ന ധ്യാനത്തിന് ബിഷപ് സ്റ്റീഫന്‍ ചിറപ്പണത്, ഫാ. ബിനോജ് മുളവരിക്കല്‍ (Youth Coordinator, Apostolic Visitation, Europe), ഫാ. ബിജു മുട്ടത്തുകുന്നേല്‍(Assistant to the procurator, Syro Malabar Procura Rome) എന്നിവര്‍ ആണ് നേതൃത്വം നല്കുന്നത്. ഇന്നലെ നടന്ന പെസഹായുടെ ശുശ്രൂഷകളിലും നോമ്പുകാല ധ്യാനത്തിലും ആയിരത്തിലധികം പേര്‍ പങ്കെടുത്തു.

ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തിന്റെയും വിശുദ്ധ കുര്‍ബാന സ്ഥാപിച്ചതിന്റെയും സ്മരണ പുതുക്കി ഡബ്ലിനിലെ സീറോ മലബാര്‍ സഭ പെസഹാ ആചരിച്ചു.ശിഷ്യന്മാരുടെ കാലുകള്‍ കഴുകി വിനയത്തിന്റെ മാതൃകയായ രക്ഷകന്റെ സ്മൃതിയില്‍ കാല്‍കഴുകല്‍ ശുശ്രൂഷ നടന്നു.

പെസഹായുടെ തിരുക്കര്‍മ്മങ്ങള്‍ക്കും വിശുദ്ധ കുര്‍ബാനയ്ക്കും ബിഷപ് സ്റ്റീഫന്‍ ചിറപ്പണത്ത് മുഖ്യ കാര്‍മികത്വം വഹിച്ചു. ഫാ. ബിനോജ് മുളവരിക്കല്‍ , ഫാ. ബിനോജ് മുളവരിക്കല്‍, ഫാ. ബിജു മുട്ടത്തുകുന്നേല്‍, ഫാ. ജോസ് ഭരണിക്കുളങ്ങര, ഫാ. ആന്റണി ചീരംവേലില്‍ MST, ഫാ. ക്ലമന്റ് പാടത്തിപ്പറമ്പില്‍ എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു.

ഡബ്ലിന്‍ സീറോമലബാര്‍ സഭയുടെ ദുഃഖവെള്ളി, ദുഃഖശനി ദിവസങ്ങളിലെ ധ്യാനവും വലിയ ആഴ്ച ശുശ്രുഷകളും രാവിലെ 9.00 മുതല്‍ വൈകുന്നേരം 05.30 വരെയാണ് നടത്തപ്പെടുക.

Scroll To Top