Tuesday February 28, 2017
Latest Updates

ആദ്യ കുര്‍ബാന സ്വീകരണത്തിന് ചിലവേറും

ആദ്യ കുര്‍ബാന സ്വീകരണത്തിന് ചിലവേറും

ഡബ്ലിന്‍ :കുട്ടികളുടെ ആദ്യ കുര്‍ബാനസ്വീകരണ ചടങ്ങുകള്‍ക്ക് മാതാപിതാക്കള്‍ക്ക് വന്‍ ചെലവുവരുന്നതായി സര്‍വെ. ശരാശരി 703 യൂറോയാണ് കുര്‍ബാനയ്ക്കായി ഒരു കുടുംബത്തിന് ചെവല് വരുന്നതത്രേ . 14 ശതമാനം കുടുംബങ്ങള്‍ തങ്ങളുടെ കുട്ടികളുടെ ആദ്യ കുര്‍ബാന പണക്കൊഴുപ്പില്‍ ഗംഭീരമാക്കുന്നുവെന്നും സര്‍വ്വെ പറയുന്നു. ആയിരം യൂറോയ്ക്ക മുകളിലാണ് ഇവര്‍ ചെലവഴിക്കുന്നത്. 

മമ്മി പേജസ് എന്ന സൈറ്റാണ് അമ്മമാര്‍ക്കിടയില്‍ സര്‍വ്വെ നടത്തിയത്. ആദ്യകുര്‍ബാന സീസണ്‍ അടുക്കന്നതിന് മുമ്പ് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനാല്‍ ചില സ്‌കൂളുകളിലെ രക്ഷിതാക്കള്‍ തങ്ങളുടെ കുട്ടികള്‍ക്ക് സ്യൂട്ടിന് പകരം സ്‌കൂള്‍ യൂണിഫോം ആയിരിക്കും അണിയിക്കുക എന്ന് പറയുന്നു. സര്‍വ്വെയില്‍ പങ്കെടുത്ത 1218 അമ്മമാരില്‍ പത്തില്‍ ഒമ്പതാളുകളും സാമ്പത്തിക തകര്‍ച്ച ആദ്യകുര്‍ബാനസ്വീകരണത്തിന്റെ പ്രൗഡി കുറയ്ക്കുമെന്ന് ആശങ്കയുള്ളവരാണ്. 

പകുതിയിലധികം രക്ഷിതാക്കളും കുട്ടികളുടെ വസ്ത്രത്തിന് 200 യൂറോയ്ക്ക് താഴെ മാത്രമെ മുടക്കുന്നുള്ളൂ. 63 ശതമാനവും പുതുവസ്ത്രത്തിന് പകരം കുട്ടികളെ സ്‌കൂള്‍ യൂണിഫോമായിരിക്കും അണിയിക്കുക. ദേവാലയത്തിലെ കര്‍മങ്ങള്‍ക്ക് ശേഷം കുടുംബക്കാരും ബന്ധുക്കളുമടക്കമുള്ളവര്‍ ഒത്തുകൂടി വീടുകളില്‍ പാര്‍ട്ടി സംഘടിപ്പിക്കാറുണ്ട്. എന്നാല്‍ കുട്ടികളുടെ ആഘോഷത്തിനായി പണം ചെലവഴിക്കില്ലെന്ന് 51 ശതമാനം രക്ഷിതാക്കളും അഭിപ്രായപ്പെടുന്നു. 

അയര്‍ലണ്ടിലെ ഭൂരിപക്ഷം പേരുംപണമായും അല്ലാതെയും കുട്ടികള്‍ക്ക് ആദ്യകുര്‍ബാനയ്ക്ക് സമ്മാനങ്ങള്‍ നല്‍കാറുണ്ട് .ആദ്യ കുര്‍ബാനയ്ക്ക് ശേഷം കുട്ടികള്‍ക്ക് 1500 യൂറോ വരെ സമ്മാനമായി ചിലര്‍ നല്‍കാറുണ്ട്. എന്നാല്‍ അധികം പേരും 300 മുതല്‍ 1000 യൂറോയ്ക്കുള്ളില്‍ തങ്ങളുടെ പാരിതോഷികം ചുരുക്കും. പണമായി ലഭിക്കുന്ന സമ്മാനത്തുക പണം സമ്പാദിക്കുന്നതിലെ പ്രാധാന്യം പഠിപ്പിക്കാനുള്ള അവസരമായി ഭൂരിഭാഗം അമ്മമാരും വിനിയോഗിക്കുന്നു.

എന്നാല്‍ 11 ശതമാനം പേരും ഈ പണം കുട്ടികള്‍ എന്ത് ചെയ്യുന്നു എന്നതിനെ കുറിച്ച് ആശങ്കപ്പെടുന്നില്ല. കുട്ടികള്‍ ആഘോഷിക്കട്ടെ എന്നാണ് ഇവരുടെ പക്ഷം.

അടുത്ത മാസത്തോടെ ആദ്യകുര്‍ബാനയുടെ സീസണ്‍ ആരംഭിക്കും.അയര്‍ലണ്ടിലെ വിവിധ കേരള ക്രൈസ്തവ സഭകളുടെ നേതൃത്വത്തിലും ആദ്യ കുര്‍ബാന സ്വീകരണത്തിനായി ഒരുക്കങ്ങള്‍ നടക്കുന്നുണ്ട്.





Scroll To Top