Sunday December 04, 2016
Latest Updates

ആരായിരുന്നു സെന്റ് പാട്രിക്ക് ?

ആരായിരുന്നു സെന്റ് പാട്രിക്ക് ?

രാജ്യം ഇന്ന് സെന്റ് പാട്രിക് ദിനം ആഘോഷിക്കുകയാണ്.ആരായിരുന്നു ഈ സെന്റ് പാട്രിക് ? കത്തോലിക്കാ വിശാസത്തിലേയ്ക്ക് അയര്‍ലണ്ടിനെ നയിച്ച് നവീകരിച്ച പുണ്യാത്മാവ് എന്നതിലുപരി അച്ചടക്കത്തിലും സംസ്‌കാരത്തിലും അയര്‍ലണ്ടിനെ നവീകരിച്ച ബഹു മുഖ പ്രതിഭയായിരുന്നു അദ്ദേഹം എന്നാണ് ചരിത്രം പറയുന്നത്.

നാലാം നൂറ്റാണ്ടില്‍ സ്‌കോട്ട്‌ലന്‍ഡില്‍ ജനിച്ചുവെന്നു കരുതുന്ന സെന്റ് പാട്രിക്കിന്റെ യഥാര്‍ത്ഥ പേര് മേവ്യന്‍ സുക്കാത്ത് എന്നാണ്. സെന്റ് പാട്രിക്കിന്റെ പിതാവ് ഒരു റോമന്‍ ബ്രിട്ടീഷ് സൈനിക ഓഫീസറായിരുന്നു.ഒപ്പം ഒരു ഡീക്കന്‍ കൂടിയായിരുന്നു അദ്ദേഹം. പാട്രിക്കിന്റെ കുടുംബം വിശ്വാസികളായിരുന്നെങ്കിലും പാട്രിക്ക് ചെറുപ്പത്തില്‍ അത്ര വിശ്വാസി ആയിരുന്നില്ല. കൗമാരകാലത്ത് പാട്രിക്കിന്റെ ജീവിതത്തില്‍ സംഭവിച്ച ചില അപ്രതീക്ഷിത സംഭവങ്ങളാണ് അദ്ദേഹത്തിന്റെ ജീവിതം മാറ്റിമറിച്ചത്. 

16ാം വയസില്‍ സെന്റ് പാട്രിക്കിനെ കടല്‍ കൊളളക്കാരുടെ ഒരു സംഘം തട്ടികൊണ്ട് പോയി അടിമയാക്കി. ശേഷം ധാരാളം ആളുകളില്‍ കൈമാറ്റം ചെയ്യപ്പെട്ട് ഒടുവില്‍ അടിമപ്പണിക്കാരനായാണ് സെന്റ് പാട്രിക്ക് നോര്‍ത്തേന്‍ അയര്‍ലണ്ടിലെത്തിയത്. ഇവിടെ ആട്ടിടയനായ അദ്ദേഹം നിരന്തര പ്രാര്‍ഥനകളില്‍ മുഴുകി. പിന്നീട് സ്വപ്നത്തില്‍ ദൈവസന്ദേശം ലഭിച്ചതനുസരിച്ച് കപ്പല്‍മാര്‍ഗം ബ്രിട്ടനിലേക്കു രക്ഷപ്പെട്ടു അവിടെ വൈദികപഠനം പൂര്‍ത്തിയാക്കി.

ഡൌണ്‍ കത്തീഡ്രലില്‍ ഉള്ള സെന്റ് പാട്രിക്കിന്റെത് എന്ന് കരുതപ്പെടുന്ന കബറിടം 

ഡൌണ്‍ കത്തീഡ്രലില്‍ ഉള്ള സെന്റ് പാട്രിക്കിന്റെത് എന്ന് കരുതപ്പെടുന്ന കബറിടം

 

ഫ്രാന്‍സിലെ ഉപരി പഠനത്തിനു ശേഷം ബിഷപ്പായി അയര്‍ലണ്ടിലെത്തി രാജ്യത്തുള്ള ജനതയെ മുഴുവന്‍ ക്രിസ്തുമത വിശ്വാസികളാക്കിയെന്നാണു ചരിത്രരേഖകള്‍ വ്യക്തമാക്കുന്നത്. അമാഗിലെ ആര്‍ച്ച് ബിഷപ്പ് ആയിരിക്കെ ഡൌണ്‍ പാട്രിക്കില്‍ വെച്ച് 122 മത്തെ വയസിലാണ് അദ്ദേഹം മരിച്ചത് എന്നാണ് ചരിത്രം രേഖപ്പെടുത്തിയിരിക്കുന്നത്.കോണ്‍ഫെസിയോ എന്നാണ് സെന്റ് പാട്രിക്കിന്റെ ആത്മകഥയുടെ പേര്.

ആദ്യ സെന്റ് പാട്രിക്ദിന പരേഡ് നടന്നത് 1762 മാര്‍ച്ച് 17നു ന്യൂയോര്‍ക്കിലായിരുന്നു.അമേരിക്കയിലേയ്ക്ക് കുടിയേറിയ ഐറിഷ് വംശജര്‍ തങ്ങളുടെ മാതൃരാജ്യത്തോടുള്ള സ്‌നേഹവും കൂറും വിളംബരം ചെയ്യാനുള്ള ഒരു അവസരം ആയാണ് അതിനെ കണ്ടത്. തുടര്‍ന്നാണ് ലോകത്തിന്റെ മറ്റിടങ്ങളിലും പരേഡ് നടത്താനാരംഭിച്ചത്. ആയിരക്കണക്കിനു വിദേശിയരാണ് എല്ലാ വര്‍ഷവും ആഘോഷങ്ങളില്‍ പങ്കു ചേരാന്‍ അയര്‍ലണ്ടിലെത്തുന്നത്.

Scroll To Top