Sunday January 21, 2018
Latest Updates

ഹിരോഷിമായെ ഓര്‍ക്കുമ്പോള്‍

ഹിരോഷിമായെ ഓര്‍ക്കുമ്പോള്‍

ജപ്പാനിലെ ഹിരോഷിമയും നാഗസാക്കിയും ആറ്റം ബോംബിട്ട് തകര്‍ത്തിട്ട് 70 വര്‍ഷം തികയുകയാണ്.വീണ്ടും ഒരു ഹിരോഷിമോ ദിനമെത്തുന്നത് ഏറെ പ്രസക്തമായ സമയത്താണ് .യുദ്ധവിപത്തിനെതിരെ ചിന്തിക്കാനും പ്രതികരിക്കാനും ഓരോ മനുഷ്യനും തയ്യാറാകേണ്ട സന്ദര്‍ഭമാണിത്.

കേവലം മനുഷ്യവംശത്തിനുമാത്രമല്ല ഈ ലോകത്തെ സുന്ദരമാക്കുന്ന മണ്ണും മരങ്ങളും മലകളും പുഴകളും കാട്ടരുവികളും പുഴുക്കളും പൂമ്പാറ്റകളെയും ഒക്കെ തുടച്ചുമാറ്റി ജീവന്റെ അവസാനത്തെ കണികയെയും ഇല്ലായ്മ ചെയ്യുന്നതിലൂടെ യുദ്ധം യഥാര്‍ത്ഥത്തില്‍ നേടുന്നതെന്താണ്? വംശ്യഹത്യ എന്ന അധീശത്വമല്ലാതെ…. നടുക്കുന്ന ഓര്‍മകളായി ഇന്നും ഹിരോഷിമയും നാഗസാക്കിയും നാം ഓര്‍ക്കുന്നു.

ആറ്റം ബോംബ് വര്‍ഷത്തില്‍ മൂന്നര ലക്ഷത്തോളം പേര്‍ തത്സമയം ചുട്ടുചാമ്പലായി. അനേകം ആളുകള്‍ ജീവച്ഛവങ്ങളായി. അരനൂറ്റാണ്ടിലേറെ ആയിട്ടും അത് പാകിയിട്ട വിഷവിത്തുകള്‍ രോഗമായും മരണമായും ഇന്നും പിന്‍തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. മനുഷ്യത്വ വിരുദ്ധമായി സയന്‍സിന്റെ സിദ്ധികളെ ഉപയോഗിച്ചാല്‍ അത് മനുഷ്യവംശത്തിന് തന്നെ ഭീഷണി ആകും. അമേരിക്കന്‍ നാവികസങ്കേതമായ പേള്‍ ഹാര്‍ബറും ബ്രിട്ടീഷ് യുദ്ധക്കപ്പലായ പ്രിന്‍സ് ഓഫ് വെയില്‍സും ജപ്പാന്‍ ബോംബിട്ട് നശിപ്പിച്ചതിനെ തുടര്‍ന്ന് അമേരിക്കയും ഇംഗ്ലണ്ടും ജപ്പാനെതിരായി യുദ്ധം പ്രഖ്യാപിച്ചു. 

1941 ഡിസംബര്‍ ഏഴിനായിരുന്നു പേള്‍ ഹാര്‍ബര്‍ ജപ്പാന്‍ ആക്രമിച്ചത്. പിറ്റേന്ന് അമേരിക്കയുടെ യുദ്ധ പ്രഖ്യാപനമുണ്ടായി. 1945 ജൂലൈ 26 ന് ട്രൂമാനും മറ്റ് സഖ്യനേതാക്കളും പോട്ട്‌സ് ഡാമില്‍ സമ്മേളിച്ച് ജപ്പാനോട് കീഴടങ്ങുവാന്‍ ആവശ്യപ്പെട്ടു. കീഴടങ്ങുവാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് അമേരിക്ക ജപ്പാനെ ആക്രമിക്കുവാന്‍ തീരുമാനിച്ചു. യു കെ, കാനഡ എന്നി രാജ്യങ്ങളുമായി ചേര്‍ന്ന് അമേരിക്ക ആദ്യത്തെ ആറ്റംബോംബ് രൂപപ്പെടുത്തി. ഇത് മാന്‍ഹട്ടണ്‍ പ്രോജക്ട് എന്നറിയപ്പെടുന്നു.

ഈ ഗവേഷണങ്ങള്‍ക്ക് നേതൃത്വം കൊടുത്തത് അമേരിക്കന്‍ ഊര്‍ജതന്ത്രജ്ഞനായ റോബര്‍ട്ട് ഓപ്പണ്‍ ഹീമര്‍ ആയിരുന്നു. ആറ്റംബോംബിന്റെ തത്വമായ ന്യൂക്ലിയര്‍ ഫിഷന്‍ കണ്ടുപിടിച്ചത് ‘ഓട്ടോഹാന്‍’ എന്ന ജര്‍മ്മന്‍ ശാസ്ത്രജ്ഞനാണ്. യുറേനിയം പോലുള്ള ഭാരം കൂടിയ മൂലകങ്ങളെ പിളര്‍ത്താന്‍ കഴിയുമെന്നും അപ്പോള്‍ ധാരാളം ഊര്‍ജം ഉല്‍പാദിപ്പിക്കാന്‍ കഴിയുമെന്നും ഹാന്‍ കണ്ടെത്തി. തന്റെ കണ്ടെത്തലിന്റെ സാധ്യത മനസ്സിലാക്കിയ ഹാന്‍ ഹിറ്റ്‌ലറോട് പറഞ്ഞു. ‘ഇതാ ലണ്ടനെ രണ്ടു മണിക്കൂറിനകം തകര്‍ത്തു തരിപ്പണമാക്കാവുന്ന ശക്തി കരഗതമായിരിക്കുന്നു.’ ഹിറ്റ്‌ലര്‍ ചോദിച്ചു. ‘ആ ആയുധം നിര്‍മിക്കാന്‍ എത്രകാലം വേണ്ടിവരും’ എന്ന്. ഒന്നോ രണ്ടോ കൊല്ലം വേണ്ടിവരുമെന്ന് പറഞ്ഞപ്പോള്‍ എങ്കിലത് ഉപേക്ഷിച്ചുകൊള്ളാന്‍ ഹിറ്റ്‌ലര്‍ മറുപടി പറഞ്ഞത്രേ.

ഓട്ടോഹാന്റെ കണ്ടുപിടിത്തം മനസ്സിലാക്കിയ അമേരിക്കന്‍ ശാസ്ത്രജ്ഞര്‍ ആണ് ഹിറ്റ്‌ലര്‍ ആറ്റംബോംബ് ഉണ്ടാക്കുന്നതിന് മുമ്പ് അത് ഉണ്ടാക്കണമെന്ന് ഭരണാധികാരികളെ അറിയിച്ചതും തുടര്‍ന്ന് അമേരിക്ക ആറ്റംബോംബുണ്ടാക്കിയതും. ചെറിയൊരു സമയത്തിനുള്ളില്‍ വലിയൊരു അളവില്‍ ഊര്‍ജം വിമുക്തമാക്കപ്പെടുന്ന പ്രക്രിയയാണ് ആറ്റംബോംബില്‍ നടക്കുന്നത്. ഇന്ധനമായി യുറേനിയം 235 അല്ലെങ്കില്‍ പ്ലൂട്ടോണിയം239 ഉപയോഗിക്കുന്നു. യുറേനിയത്തിന്റെ ഐസോടോപ്പായ യു235 ഉപയോഗിച്ചാണ് ‘ലിറ്റില്‍ബോയ്’ എന്നറിയപ്പെടുന്ന ഹിരോഷിമ ബോംബ് ഉണ്ടാക്കിയത്. 

1945 ജൂലൈ 16ന് ന്യൂമെക്‌സിക്കോയിലെ ട്രിനിറ്റി സൈറ്റിലായിരുന്നു ആറ്റംബോംബ് ആദ്യമായി പരീക്ഷിക്കപ്പെട്ടത്. പരീക്ഷണത്തിന് ഉപയോഗിച്ച ആറ്റംബോംബിന്റെ പേര് ‘ഗാഡ്ജറ്റ്’ എന്നായിരുന്നു. ന്യൂക്ലിയര്‍ ബോംബിംഗ് മിഷന്റെ ആദ്യ ലക്ഷ്യം ഹിരോഷിമ തന്നെയായിരുന്നു. 1945 മെയ് 10, 11 ദിവസങ്ങളില്‍ റോബര്‍ട്ട് ഓപ്പണ്‍ ഹീമറിന്റെ നേതൃത്വത്തില്‍ ഒരു ടാര്‍ഗിറ്റ് കമ്മിറ്റി രൂപീകരിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ ക്യോട്ടോ, ഹിരോഷിമ, യോക്കോഹോമ, കോക്കുറയിലെ ആയുധപ്പുര എന്നിവയായിരുന്നു ബോംബിടാനായി തെരഞ്ഞെടുത്ത സ്ഥലങ്ങള്‍. 1945 ഓഗസ്റ്റ് 6, സമയം 8 മണി കഴിഞ്ഞ് 15 മിനിട്ട് 17 സെക്കന്റ്. ഇതേ സമയം ആകാശത്ത് വട്ടമിട്ട് പറന്നിരുന്ന വിമാനത്തില്‍ നിന്ന് ഒരു കറുത്ത വസ്തു താഴേക്ക് വീണു. ‘ലിറ്റില്‍ ബോയ് ‘ എന്ന് പേരുള്ള അണുബോംബായിരുന്നു അത്. 1870 അടി ഉയരത്തില്‍ വെച്ച് കാതടപ്പിക്കുന്ന ശബ്ദത്തോടെ അത് പൊട്ടി. 

ഏഴ് ചതുരശ്ര മൈല്‍ വിസ്തീര്‍ണമുള്ള ഹിരോഷിമയുടെ നാല് ചതുരശ്ര മൈല്‍ സ്ഥലത്തെ ജീവജാലങ്ങള്‍ തത്സമയം കത്തിച്ചാമ്പലായി. ഹിരോഷിമയിലെ തദ്ദേശവാസികള്‍ക്ക് യാതൊരു മുന്നറിയിപ്പും നല്‍കാതെയാണ് അമേരിക്ക ബോംബ് വര്‍ഷിച്ചത്. ഹിരോഷിമ ബോംബിംഗിന് ശേഷം അമേരിക്കന്‍ പ്രസിഡന്റ് ട്രൂമാന്‍ പറഞ്ഞത് ഞങ്ങളുടെ നിര്‍ദേശങ്ങള്‍ സ്വീകരിച്ചില്ലെങ്കില്‍ ഭൂമിയില്‍ ഇന്നേവരെ കാണാത്ത നാശത്തിന്റെ ഒരു പെരുമഴതന്നെ നിങ്ങള്‍ പ്രതീക്ഷിച്ചോളൂ എന്നാണ്. നാല് വ്യവസ്ഥകളോടെ ജപ്പാന്‍ ചക്രവര്‍ത്തി ഹിരോഹിതോ കീഴടങ്ങാന്‍ സമ്മതിച്ചു. നാല് വ്യവസ്ഥകള്‍ ഇവയായിരുന്നു. ദേശീയ സ്മാരകങ്ങള്‍ സംരക്ഷിക്കപ്പെടണം, ആസ്ഥാന കെട്ടിടങ്ങള്‍ സംരക്ഷിക്കപ്പെടണം, നിരായുധീകരണം പ്രാവര്‍ത്തികമാക്കണം, യുദ്ധത്തില്‍ പങ്കെടുത്തിട്ടുള്ള ജപ്പാന്‍ പട്ടാളക്കാരെ ശിക്ഷയില്‍ നിന്ന് ഒഴിവാക്കണം. ഇവ അംഗീകരിക്കാനാവില്ല എന്നതിനാല്‍ അമേരിക്ക നാഗസാക്കിയില്‍ അണുബോംബിടാന്‍ തീരുമാനിച്ചു.

തെക്കന്‍ ജപ്പാനിലെ ഒരു വലിയ തുറമുഖനഗരം ആയിരുന്നു നാഗസാക്കി. ജാപ്പനീസ് മാതൃകയില്‍ പഴയ ഫാഷനില്‍ ഡിസൈന്‍ ചെയ്ത കെട്ടിടങ്ങളായിരുന്നു നാഗസാക്കിയില്‍. 1945 ഓഗസ്റ്റ് 9. സമയം രാവിലെ 11.02, നാഗസാക്കി എന്ന മനോഹരനഗരത്തെ ലക്ഷ്യമാക്കി ബോക്‌സ്‌കാര്‍ എന്ന ബോംബര്‍ വിമാനം പറന്നുവന്നു. അതില്‍ നിന്ന് ‘ഫാറ്റ്മാന്‍’ എന്ന് പേരിട്ട അണുബോംബ് താഴേക്ക് വീണു. പ്ലൂട്ടോണിയം 239 കൊണ്ട് ഉണ്ടാക്കിയതായിരുന്നു ഫാറ്റ്മാന്‍. 470 മീറ്റര്‍ ഉയരത്തില്‍ വച്ച് അത് പൊട്ടിത്തെറിച്ചു. സ്‌ഫോടനത്തില്‍ അനേകായിരം ആളുകള്‍ വെന്തുമരിച്ചു. നാഗസാക്കിയില്‍ ബോംബിട്ട് ആറ് ദിവസങ്ങള്‍ക്ക് ശേഷം ഓഗസ്റ്റ് 15 ന് ജപ്പാന്‍ കീഴടങ്ങല്‍ പ്രഖ്യാപിച്ചെങ്കിലും കരാര്‍ ഒപ്പിട്ടത് സെപ്തംബര്‍ 2 നാണ്. 

ബോംബിംഗിന് ഇരയായ ആള്‍ക്കാര്‍ ‘ഹിബാക്കുഷ’ എന്നാണ് അറിയപ്പെടുന്നത്. സ്‌ഫോടനം ബാധിച്ച ജനങ്ങള്‍ എന്നാണ് ഈ വാക്കിന്റെ അര്‍ഥം. ഹിരോഷിമ, നാഗസാക്കി സ്മാരകങ്ങളില്‍ മരിച്ച ഹിബാക്കുഷകളുടെ പേര് പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഓരോ വാര്‍ഷികം നടക്കുമ്പോഴും പേരുകളുടെ പട്ടിക പുതുക്കാറുണ്ട്. 

ഒരു അണുയുദ്ധത്തിന് ശേഷം അതിനെപ്പറ്റി ദുഃഖിക്കേണ്ടി വരുന്നില്ല. കാരണം ദുഃഖിക്കാന്‍ ആരും കാണുകയില്ല എന്നതു തന്നെ. വിവേകത്തിന്റെയും മാനവീയതയുടെയും വെളിച്ചം ഓരോ മനുഷ്യനിലും ഉണ്ടാകട്ടെ എന്നും അങ്ങനെ യുദ്ധക്കൊതിക്ക് അറുതി വരട്ടെ എന്നും നമുക്ക് പ്രത്യാശിക്കാം. 

ദുരന്തത്തിന്റെ ബഹുമുഖങ്ങള്‍ ജപ്പാനിലെ ഹിരോഷിമയിലും നാഗസാക്കിയിലും ആറ്റംബോംബിട്ടത് ലോകമനസ്സാക്ഷിയെ ഞെട്ടിച്ച സംഭവമായിരുന്നു. ആ മഹാദുരന്തത്തിന്റെ നടുക്കുന്ന ഓര്‍മകളില്‍ നിന്ന് ലോകത്തെമ്പാടും യുദ്ധവിരുദ്ധവികാരം ശക്തിയാര്‍ജിച്ചു. 

എന്നാല്‍ വന്‍ശക്തികളുടെ കയ്യില്‍ കുമിഞ്ഞുകൂടിക്കിടക്കുന്ന ആണവായുധങ്ങള്‍ നമ്മുടെ ഉറക്കം കെടുത്തുന്നുണ്ട്. ഭൂമിക്കും സര്‍വജീവജാലങ്ങള്‍ക്കും വിനാശം വിതയ്ക്കുന്ന യുദ്ധത്തിനെതിരെ അണിനിരക്കാന്‍ വീണ്ടും ഒരു ഹിരോഷിമ ദിനം. 

ഹിരോഷിമയിലുണ്ടായിരുന്നതിന്റെ നാലിരട്ടി മാരകവികിരണങ്ങള്‍ വിതറിയ അപകടമായിരുന്നു 1986 ഏപ്രില്‍ 21 ന് ചെര്‍ണോബിലിലുണ്ടായത്. പഴയ സോവിയറ്റ് യൂണിയനില്‍പെട്ട ഉക്രൈനിലെ ചെര്‍ണോബില്‍ നാലാം നമ്പര്‍ റിയാക്ടറാണ് പൊട്ടിത്തെറിച്ചത്. അയൊഡിന്‍131, സീസിയം137, സ്‌ട്രോന്‍ഷ്യം90 എന്നീ റേഡിയോ ആക്ടീവ് മൂലകങ്ങള്‍ പുറത്തുവന്നു. അപകടം ജനങ്ങളില്‍ നിന്നും മറച്ചുവെക്കാനുള്ള അധികൃതരുടെ ശ്രമം കൂടുതല്‍ നാശമുണ്ടാക്കി. മൂന്നുലക്ഷത്തിലധികം ആള്‍ക്കാരെ മാറ്റിപ്പാര്‍പ്പിച്ചു. ആറ് ലക്ഷം ആള്‍ക്കാര്‍ക്കാണ് റേഡിയേഷന്‍ ബാധിച്ചത്. ദിവസങ്ങള്‍ വേണ്ടിവന്നു തീയണയ്ക്കാന്‍. മുപ്പതു കിലോമീറ്റര്‍ ചുറ്റളവ് പ്രദേശം ജനവാസ യോഗ്യമല്ലാതായി. ആയിരക്കണക്കിന് ഏക്കര്‍ കൃഷിഭൂമി ഉപേക്ഷിക്കേണ്ടിവന്നു. ആയിരം കിലോമീറ്റര്‍ അകലെയുള്ള രാജ്യങ്ങളില്‍പോലും കാറ്റില്‍ പറന്നെത്തിയ അണുവികിരണം നാശം വിതച്ചു. അണുവികിരണത്തിന്റെ ഇരകളായ കുട്ടികള്‍ ‘ചെര്‍ണോബില്‍ കുട്ടികള്‍’ എന്നറിയപ്പെടുന്നു. 

ഹിബാകുഷകള്‍ ആറ്റം ബോംബ് സ്‌ഫോടനത്തിന്റെ ഇരകളായി ജപ്പാനില്‍ കഴിയുന്ന ഹിബാകുഷകള്‍ ഇന്നും കാന്‍സറും ജനിതക വൈകല്യങ്ങളുമായി കഴിയുകയാണ്. ജപ്പാനിലെ മറ്റ് പ്രദേശങ്ങളിലുള്ളവര്‍ ഇവരുമായി വിവാഹബന്ധത്തില്‍ ഏര്‍പ്പെടാറില്ലത്രെ! അറുപത്തിയഞ്ച് കൊല്ലത്തിനുശേഷം ഇപ്പോഴും പിറന്നുവീഴുന്ന കുട്ടികളിലധികവും അംഗവൈകല്യമുളളവരാണ്. കഴിഞ്ഞവര്‍ഷം വരെ ഏകദേശം രണ്ടരലക്ഷം ഹിബാകുഷകളെയാണ് ജാപ്പനീസ് ഗവണ്‍മെന്റ് കണ്ടെത്തിയത്. അണുവികിരണം ജനിതകവ്യതിയാനം വരുത്തുന്നതിനാല്‍ ഇനിയും എത്രയോ തലമുറകള്‍ ദുരന്തഫലങ്ങള്‍ അനുഭവിക്കേണ്ടിവരും. 

ഇനിയൊരു യുദ്ധം വേണ്ടേ വേണ്ട സഡാക്കോ സസാക്കിമാരും ഹിബാകുഷകളും ലോകത്ത് ഇനിയും ഉണ്ടാവാതിരിക്കണമെങ്കില്‍ അണുവികിരണമുണ്ടാക്കുന്ന എല്ലാ പ്രവര്‍ത്തനവും അവസാനിപ്പിക്കണം. ലോകത്തെ പല പ്രാവശ്യം നശിപ്പിക്കാനുള്ള അണുവായുധങ്ങള്‍ ശേഖരിച്ചു വെച്ചിട്ടുള്ളവര്‍ അവ നിര്‍വീര്യമാക്കുകയും പുതിയവ ഉല്‍പ്പാദിപ്പിക്കാതിരിക്കുകയും വേണം. ആണവ മാലിന്യങ്ങളുടെ നിര്‍മാര്‍ജനത്തിന് സുരക്ഷിതമായ മാര്‍ഗം ഇനിയും കണ്ടെത്തിയിട്ടില്ലാത്തതിനാല്‍ ആണവ നിലയങ്ങളും എതിര്‍ക്കപ്പെടേണ്ടതാണ്. ഹിരോഷിമാ നാഗസാക്കി ദിനങ്ങള്‍ അതിന് പ്രചോദനമാകണം.
Scroll To Top