Saturday December 10, 2016
Latest Updates

സലിം രാജ് ഉള്‍പെട്ട കളമശേരി ഭൂമി തട്ടിപ്പ് കേസില്‍ പോക്കുവരവ് റദ്ദാക്കിയ ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ

സലിം രാജ് ഉള്‍പെട്ട കളമശേരി ഭൂമി തട്ടിപ്പ് കേസില്‍ പോക്കുവരവ് റദ്ദാക്കിയ ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ

മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലിംരാജ് ഉള്‍പ്പടെ പ്രമുഖര്‍ പങ്കാളികളായ കളമശേരി ഭൂമി തട്ടിപ്പു കേസില്‍പെട്ട തൃക്കാക്കര നോര്‍ത്ത് വില്ലേജിലെ 98.8 സെന്റ് ഭൂമിയുടെ യഥാര്‍ഥ ഉടമകളുടെ പോക്കുവരവും തണ്ടപ്പേരും റദ്ദാക്കിയ ലാന്‍ഡ് റവന്യു കമ്മിഷണറുടെ ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ. ഉടമകളില്‍ നിന്നു കരം സ്വീകരിക്കാനും വില്ലേജ് അധികൃതരോട് കോടതി നിര്‍ദേശിച്ചു.

ലാന്‍ഡ് റവന്യു കമ്മിഷണര്‍ ടി.ഒ. സൂരജ് 2012 സെപ്റ്റംബര്‍ നാലിനു പുറപ്പെടുവിച്ച ഉത്തവിനെതിരെ ഭൂമിയുടെ ഉടമകളായ എന്‍. എ. ഷരീഫ, എ. കെ. നാസര്‍, എ. കെ. നൗഷാദ്, ഷിമിത നൗഷാദ് എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് എ. വി. രാമകൃഷ്ണപിള്ളയുടെ ഉത്തരവ്. ഭൂ പരിഷ്‌കരണ നിയമപ്രകാരം ഭൂമി സര്‍ക്കാരില്‍ നിക്ഷിപ്തമാണെന്നു കാണിച്ചായിരുന്നു പോക്കുവരവു റദ്ദാക്കിയിരുന്നത്. എന്നാല്‍, ഭൂ പരിഷ്‌കരണ നിയമപ്രകാരം ഭൂമി നിക്ഷിപ്തമാക്കല്‍ ലാന്‍ഡ് റവന്യു കമ്മിഷണറുടെ അധികാരപരിധിയില്‍ വരുന്ന കാര്യമല്ലെന്നാണ് ഇപ്പോള്‍ കോടതി കണ്ടെത്തിയിരിക്കുന്നത്.

വസ്തുവിന്റെ ഭാഗ ഉടമ്പടി സംബന്ധിച്ച് 1982 മുതല്‍ കോടതിയില്‍ ഒരു സിവില്‍കേസ് നിലവിലുണ്ട്. ഇതിലെ കക്ഷികളിലൊരാള്‍ തണ്ടപ്പേര്‍ റജിസ്റ്ററില്‍ അപാകതയാരോപിച്ചു പരാതി നല്‍കുകയും ചെയ്തിരുന്നു. കേസ് നിലവിലുള്ളതിനാല്‍ നടപടിയെടുക്കാനാവില്ലെന്നായിരുന്നു ലാന്‍ഡ് റവന്യു കമ്മിഷണര്‍ ആദ്യം വിലയിരുത്തിയത്. എന്നാല്‍, 2012ല്‍ ടി. ഒ. സൂരജ് ലാന്‍ഡ് റവന്യു കമ്മിഷണറായിരിക്കെ, പരാതി വീണ്ടും പരിഗണനയ്‌ക്കെടുത്ത് ഉത്തരവിറക്കുകയായിരുന്നു.

മുന്‍ സാഹചര്യങ്ങളില്‍ മാറ്റമില്ലാതെ തുടരുമ്പോള്‍ തന്നെ അന്വേഷണം പോലും നടത്താതെയും, കക്ഷികള്‍ക്ക് നോട്ടീസ് നല്‍കാതെയും നടപടിക്ക് ഉത്തരവിട്ടതു നിയമപരമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

 

Scroll To Top