Saturday December 10, 2016
Latest Updates

ഇഷ്ട്ടദാനത്തിലൂടെ ഭൂമി കൈമാറ്റം നിയമവിരുദ്ധമെന്ന് കേരളാ ഹൈക്കോടതി 

ഇഷ്ട്ടദാനത്തിലൂടെ ഭൂമി കൈമാറ്റം നിയമവിരുദ്ധമെന്ന് കേരളാ ഹൈക്കോടതി 

കൊച്ചി: വില്‍പത്രത്തിലൂടെയും ഇഷ്ടദാനത്തിലൂടെയുമുള്ള മിച്ച ഭൂമി കൈമാറ്റം നിയമവിരുദ്ധമെന്നു ഹൈക്കോടതി. 1963 ലെ ഭൂപരിഷ്‌കരണ നിയമത്തിലും തുടര്‍ന്ന് 2005 ലെ ഭേദഗതിയിലും കൂടുതല്‍ വ്യക്തത വരുത്തിയാണു ചീഫ് ജസ്റ്റിസ് അശോക് ഭൂഷനും ജസ്റ്റിസ് എ.എം. ഷഫീഖുമടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.

ഒരു വ്യക്തിക്ക് കൈവശം വയ്ക്കാന്‍ അനുമതിയുള്ള 15 ഏക്കര്‍ ഭൂമി പരിധി കഴിഞ്ഞ് രജിസ്റ്റര്‍ ചെയ്തു കൈവശപ്പെടുത്തുന്ന നാലേക്കര്‍ മിച്ചഭൂമിയില്‍ മാത്രമേ ഉടമയ്ക്ക് അവകാശമുള്ളുവെന്നും ഹൈക്കോടതി വ്യക്തമാക്കി.

നാല് ഹെക്റ്റര്‍ വരെ മിച്ചഭൂമി കൈവശം വച്ചിരിക്കുന്നവരെ ല്ലാം ഭൂമിയുടെ അവകാശികളാ യി മാറുന്ന തരത്തില്‍ 1963 ലെ ഭൂപരിഷ്‌കരണ നിയമം 2005 ല്‍ ഭേദഗതി ചെയ്തു. കെ.എം. മാണിയായിരുന്നു അന്നത്തെ റവന്യു മന്ത്രി. അതോടെ സര്‍ക്കാരില്‍ നിക്ഷിപ്തമാകേണ്ട പതിനായിരത്തോളം ഏക്കര്‍ മിച്ചഭൂമി നഷ്ടപ്പെടുമെന്ന അവസ്ഥ വന്നു. ഇക്കാര്യം പരിഗണിച്ച് റവന്യു വകുപ്പ് അത് നാലേക്കറാക്കി ചുരുക്കുകയായിരുന്നു.

ഇതിനെതിരെ ഒരുകൂട്ടം ഭൂവുടമകള്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ തീര്‍പ്പാക്കിയാണ് ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. 2005 ലെ നിയമഭേദഗതി നിലവില്‍ വരുന്നതിനു മുമ്പുള്ള ഭൂമി കൈമാറ്റങ്ങള്‍ നിയമവിധേയമാക്കണമെന്നായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം.

എന്നാല്‍ വില്‍പത്രത്തിലൂടെയും ഇഷ്ടദാനത്തിലൂടെയും വ്യക്തികള്‍ നടത്തിയ ഭൂമി കൈമാറ്റങ്ങള്‍ അംഗീകരിക്കാനാവില്ലെന്നും ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി.

സ്വത്ത് അന്യാധീനപ്പെടാതിരിക്കാന്‍ മിച്ച ഭൂമി ഉടമ ബന്ധുക്കള്‍ക്ക് വില്‍പ്പത്രത്തിലൂടെയും ഇഷ്ടദാനത്തിലൂടെയും കൈമാറിയാല്‍ ഈ ഇളവ് അനുവദിക്കാനാവില്ല. ഹൈക്കോടതി ഇക്കാര്യത്തില്‍ വ്യക്തത വരുത്തി. മറിച്ച് മിച്ചഭൂമി അറിയാതെ വാങ്ങിയവര്‍ക്ക് മാത്രം നാലേക്കര്‍ വരെ പട്ടയം നല്‍കാം. ഇതോടെ 80,000 ഏക്കര്‍ ഭൂമി സര്‍ക്കാരിനു ലഭിക്കും.

കൊച്ചി സ്വദേശി ഇന്നസെന്റ് എന്ന ഇഗ്‌നേഷ്യസ് അടക്കമുള്ളവര്‍ നല്‍കിയ ഹര്‍ജികളിലാണ് ഉത്തരവ്. ഉടമ ഒന്നര ഏക്കര്‍ മിച്ചഭൂമി, മാതാവ് മേരി ഗോഷ്മിക്കു ഇഷ്ടദാനത്തിലൂടെ നല്‍കിയ നടപടി സാധുവല്ലെന്നും കോടതി വ്യക്തമാക്കി.

Scroll To Top