Monday December 05, 2016
Latest Updates

സ്വവര്‍ഗവിവാഹ ഭേദഗതി :ഹര്‍ജി തള്ളി,ക്രിസ്തീയ മതകാര്യങ്ങളില്‍ അഭിപ്രായം പറയാനാവില്ലെന്ന് ഹൈക്കോടതി

സ്വവര്‍ഗവിവാഹ ഭേദഗതി :ഹര്‍ജി തള്ളി,ക്രിസ്തീയ മതകാര്യങ്ങളില്‍ അഭിപ്രായം പറയാനാവില്ലെന്ന് ഹൈക്കോടതി

ഡബ്ലിന്‍:സ്വവര്‍ഗ്ഗ വിവാഹ ഹിതപരിശോധനാ ഫലം തടഞ്ഞു വയ്ക്കണമെന്നാവശ്യപ്പെട്ടുള്ള രണ്ടു വ്യത്യസ്ഥ ഹര്‍ജികള്‍ ഹൈക്കോടതി തള്ളി.കൗണ്ടി ക്‌ളയറിലെ ലിസ്റ്റീന്‍ റോഡിലെ ഇലക്ട്രീഷ്യനായ ജെറി വാള്‍ഷ്, കൗണ്ടി കില്‍കെന്നിയിലെ കാല്ലാനിലുള്ള തോട്ടപ്പണിക്കാരനായ മൗറിസ് ജെ ലയോണ്‍സ് എന്നിവര്‍ സമര്‍പ്പിച്ച രണ്ടു ഹര്‍ജികളിലെ ആവശ്യങ്ങളും ഒരു റഫറണ്ടം ഫലം പുന:പരിശോധിക്കാനോ തടഞ്ഞു വെയ്ക്കാനോ നിര്‍ദേശിക്കുന്നതിനായി 1994 ലെ റഫറണ്ടം ആക്റ്റില്‍ അനുശാസിച്ചിട്ടുള്ള മാനദണ്‍ഡങ്ങള്‍ പാലിച്ചിട്ടുള്ളവയല്ലെന്ന് ഹൈക്കോടതി പ്രസിഡണ്ട് ജസ്റ്റിസ് നിക്കോളാസ്‌കേണ്‍സ് വ്യക്തമാക്കി.

അഞ്ചു ലക്ഷത്തോളം പൌരന്മാര്‍ കൂടുതലായി തിരഞ്ഞെടുത്തത് യെസ് വോട്ടിനെ ആയിരിക്കെ ജനഹിതത്തെ അംഗീകരിക്കാതിരിക്കാന്‍ കാരണം ഒന്നുമില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.
ക്രിസ്തീയ അടിത്തറയില്‍ പണിതുയര്‍ത്തിയ ഐറിഷ് ഭരണഘടനയില്‍ സ്വവര്‍ഗ വിവാഹഭേദഗതി ക്രിസ്തീയ വിരുദ്ധമായ മാറ്റമാണ് കൊണ്ട് വരുന്നത് ഏന്ന വാദം കോടതിയ്ക്ക് അഭിപ്രായം പറയാവുന്ന പരിധിയില്‍ അല്ലെന്നായിരുന്നു കോടതിയുടെ പരാമര്‍ശം.
ഹിതപരിശോധനയില്‍ പക്ഷപാതിത്വം ഉണ്ടായെന്നും ,ഫലം രാജ്യത്തിന്റെ സനാതന മൂല്യങ്ങളുടെ ലംഘനമാണെന്നും ആരോപിച്ചാണ് പരാതിക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്. തങ്ങളുടേ പരാതികളിന്‍മേല്‍ തീര്‍പ്പാവുന്നതു വരെ ഹിതപരിശോധനാ ഫലംതടഞ്ഞു വയ്ക്കണമെന്ന ആവശ്യവുമായാണ് അവര്‍ ഹര്‍ജി സമര്‍പിച്ചത്.
അറ്റോര്‍ണി ജനറല്‍, റഫറണ്ടം റിക്രൂട്ടിങ്ങ് ഓഫീസര്‍, റഫറണ്ടം കമ്മീഷന്‍എന്നിവര്‍ക്ക് വേണ്ടി സര്‍ക്കാര്‍ അഭിഭാഷകര്‍ ഹര്‍ജിയെ ഏതിര്‍ത്തു.യാതൊരു അടിസ്ഥാനവും ഇല്ലാത്തതാണ് പരാതി എന്ന് അവര്‍ കോടതിയില്‍ വാദിച്ചു.എത്രയും പെട്ടന്ന് സ്വവര്‍ഗ വിവാഹം കഴിക്കാന്‍ കാത്തിരിക്കുന്നവരില്‍ ചിലര്‍ ഗുരുതരമായ രോഗാവസ്ഥയില്‍ ഉള്ളവരാണെന്നും ഹര്‍ജി അനുവദിച്ചാല്‍ അത് അവരെ ബാധിക്കുമെന്നും അഭിഭാഷകര്‍ കോടതിയോട് പറഞ്ഞു.
ഹിതപരിശോധനയില്‍ പണംചിലവഴിക്കപ്പെട്ടത് പക്ഷപാതപരമായാണ് എന്നാണ് ആരോപണം.യെസ് പക്ഷത്തിനു വേണ്ടി എന്നതുപോലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പെരുമാറിയെന്നും,സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മാധ്യമങ്ങള്‍ യെസ് പക്ഷത്തിനു പ്രാമുഖ്യം കൊടുത്ത് എന്നുമായിരുന്നു ഹരജിക്കാരന്റെ ആരോപണം.എന്നാല്‍ അത് തെളിയിക്കാന്‍ ഹര്‍ജിക്കാര്‍ക്ക് കഴിഞ്ഞിട്ടില്ലെന്ന് നിരീക്ഷിച്ച കോടതി എല്ലാ രാഷ്ട്രീയ പാര്‍ട്ടിക്കാരും യെസ് പക്ഷതയിരുന്നതിനാലാവാം അവര്‍ക്ക് പോസ്റ്ററുകള്‍ കൂടുതല്‍ ഉണ്ടായതെന്നും പറഞ്ഞു.

ദുര്‍ബലമായ വാദമുഖങ്ങള്‍ ഉയര്‍ത്തിയാണ് ഇരുവരും ഹര്‍ജി സമര്‍പ്പിച്ചത് എന്ന് പറയപ്പെടുന്നു.മദേഴ്‌സ് ആന്‍ഡ് ഫാദേഴ്‌സ് തുടങ്ങിയ സംഘടനകള്‍ ഇതേ വിഷയത്തില്‍ ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നതായി സൂചന പുറത്തായ ഉടനെ ദുര്‍ബലമായ രീതിയില്‍ രണ്ടു ഹര്‍ജികളും അടിയന്തരമായി സമര്‍പ്പിക്കപ്പെടുകയായിരുന്നു.





Scroll To Top