Friday December 09, 2016
Latest Updates

സമ്പന്നരായ സ്ത്രീകള്‍ക്ക് ഭര്‍ത്താവ് ജീവനാംശം കൊടുക്കേണ്ടെന്ന് ഹൈക്കോടതി

സമ്പന്നരായ സ്ത്രീകള്‍ക്ക് ഭര്‍ത്താവ് ജീവനാംശം കൊടുക്കേണ്ടെന്ന് ഹൈക്കോടതി

 മുംബൈ: വിവാഹമോചനം നേടുന്ന സമ്പന്നരായ സ്ത്രീകള്‍ക്ക് ഭര്‍ത്താവില്‍ നിന്നു ജീവനാംശം ലഭിക്കാന്‍ അര്‍ഹതയില്ലെന്നു മുംബൈ ഹൈക്കോടതി. ഇത്തരക്കാര്‍ക്ക് ഭര്‍ത്താവിന്റെ സംരക്ഷണമില്ലെങ്കിലും സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തിയുണ്ടെന്നു കോടതി നിരീക്ഷിച്ചു. നരിമാന്‍ സ്വദേശിനി സമര്‍പ്പിച്ച അപേക്ഷയിലാണു ജസ്റ്റിസുമാരായ എ.കെ. മേനോന്‍, എ.എസ്. ഓക എന്നിവരുടെ ഉത്തരവ്.

ഒമ്പതു വര്‍ഷം നീണ്ട ദാമ്പത്യത്തിനൊടുവില്‍ 2002 ലാണ് നാല്‍പ്പത്തിയേഴുകാരി വിവാഹമോചനം നേടിയത്. യുവതിക്ക് 25,000 രൂപ പ്രതിമാസം ജീവനാംശം നല്‍കണമെന്നു കുടുംബകോടതി വിധിച്ചിരുന്നു. മക്കള്‍ക്കും 25,000 രൂപ വീതം നല്‍കാന്‍ ഉത്തരവില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഭര്‍ത്താവ് സമ്പന്നനായതിനാല്‍ തുക കുറവാണെന്നും ഇത് 75,000 രൂപയായി ഉയര്‍ത്തണമെന്നും ആവശ്യപ്പെട്ടാണു യുവതി മുംബൈ ഹൈക്കോടതിയെ സമീപിച്ചത്.
സിംഗപ്പുരിലെ ഒരു കമ്പനി മാനെജിങ് ഡയറക്റ്ററായി ജോലി നോക്കുന്ന യുവതിക്ക് പ്രതിമാസം നല്ലൊരു തുക ശമ്പളമായി ലഭിക്കുന്നുണ്ടെന്നു കോടതി കണ്ടെത്തി. യുവതി മാതാപിതാക്കള്‍ക്കൊപ്പമാണ് താമസിക്കുന്നത്. സാമ്പത്തികമായി നല്ല ചുറ്റുപാടുള്ള കുടുംബമാണ് ഇവരുടേതെന്നും കോടതി നിരീക്ഷിച്ചു. ഇവരുടെ രണ്ടു മക്കള്‍ ഇംഗ്ലണ്ടിലാണു പഠിക്കുന്നത്. ഇതിനു ഭര്‍ത്താവിന്റെ സഹായം ലഭിക്കുന്നില്ല. ഈ സാഹചര്യത്തില്‍ ഇവര്‍ക്ക് അധിക ജീവനാംശത്തിന് അര്‍ഹതയില്ലെന്നു കോടതി ഉത്തരവിടുകയായിരുന്നു. എന്നാല്‍ കീഴ്‌ക്കോടതി ഉത്തരവ് റദ്ദാക്കാന്‍ ഹൈക്കോടതി തയാറായില്ല. അതിനാല്‍ 25,000 രൂപ ഇവര്‍ക്ക് തുടര്‍ന്നും ലഭിക്കും.

Scroll To Top