Thursday December 08, 2016
Latest Updates

കേരളാ സഭയില്‍ സമ്പൂര്‍ണ്ണ യോജിപ്പ് സാധ്യമല്ലെന്ന് പാത്രിയര്‍ക്കീസ് ബാവ

കേരളാ സഭയില്‍ സമ്പൂര്‍ണ്ണ യോജിപ്പ് സാധ്യമല്ലെന്ന് പാത്രിയര്‍ക്കീസ് ബാവ

കൊച്ചി: മലങ്കര സഭയിലെ ഇരുവിഭാഗങ്ങള്‍ തമ്മില്‍ സമ്പൂര്‍ണയോജിപ്പ് സാധ്യമല്ലെന്ന് ആഗോള സുറിയാനി ഓര്‍ത്തേഡാക്‌സ് സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ഇഗ്‌നാത്തിയോസ് അഫ്രേം കരീം രണ്ടാമന്‍ പാത്രിയര്‍ക്കീസ് ബാവയുടെ അഭിപ്രായം. എന്നാല്‍, തല്‍ക്കാലം പരസ്പര ബഹുമാനത്തോടെ നിലനില്‍ക്കാനേ സാധ്യമാകു. അതിനു വ്യക്തവും ശക്തവുമായ നടപടികള്‍ എടുക്കേണ്ടിവരുമെന്ന് ‘മംഗളം’ദിനപത്രത്തിന് അനുവദിച്ച  അഭിമുഖത്തില്‍ ബാവ പറഞ്ഞു.

പരസ്പര ബഹുമാനത്തോടെ നിലനില്‍ക്കണമെങ്കില്‍ ഇരുഭാഗത്തും ത്യാഗവും വിട്ടുവീഴ്ചയുമുണ്ടാകണം. സഭാ സമാധാനം ഉണ്ടാക്കുന്ന കാര്യത്തില്‍ ചില പോസിറ്റീവ് സൂചനകള്‍ തനിക്ക് ലഭിക്കുന്നുണ്ടെന്നു പറഞ്ഞ ബാവ അവ എന്തെന്നു വെളിപ്പെടുത്തിയില്ല. വിദേശമേല്‍ക്കോയ്മ ഒരിക്കലും അനുവദിക്കില്ലെന്ന ഓര്‍ത്തേഡാക്‌സ് സഭാധ്യക്ഷന്‍ പരിശുദ്ധ പൗലോസ് ദ്വിതിയന്‍ കാതോലിക്കാ ബാവയുടെ പ്രസ്താവന ചൂണ്ടിക്കാട്ടിയപ്പോള്‍, വിശ്വാസത്തിന്റെ കാര്യത്തില്‍ വിദേശ മേല്‍ക്കോയ്മയുടെ വിഷയമില്ലെന്നായിരുന്നു പാത്രിയര്‍ക്കീസ് ബാവയുടെ മറുപടി.

അന്ത്യോഖ്യാ സിംഹാസനവുമായുള്ള ബന്ധത്തെ വിദേശമേല്‍ക്കോയ്മയെന്നു വിശേഷിക്കുമ്പോള്‍ അവരുടെ 1934 ലെ ഭരണഘടനയില്‍ പറയുന്നതു അന്തോഖ്യാ പാത്രിയര്‍ക്കീസാണ് അവരുടെ ആത്മീയ മേലധ്യക്ഷന്‍ എന്നാണ്. സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ ഇന്ത്യയിലെ ഡിവിഷനാണു മലങ്കരസഭ. അതനുസരിച്ച് അവര്‍ക്കു തന്റെ ആത്മീയ നേതൃത്വം വേണമെങ്കില്‍ സ്വീകരിക്കാം, അല്ലെങ്കില്‍ ഉപേക്ഷിക്കാം.

എല്ലാ രാജ്യത്തും വിവിധ കത്തോലിക്കാ സഭകളുണ്ട്. അവരൊന്നും ഇതുവരെ ഉന്നയിക്കാത്തതാണു വിദേശമേല്‍ക്കോയ്മാ പ്രശ്‌നം. സഭകളുടെ പ്രവര്‍ത്തന മണ്ഡലത്തെ രാജ്യങ്ങളുടെ രാഷ്ട്രീയ അതിര്‍ത്തിക്കുള്ളില്‍ ഒതുക്കി നിര്‍ത്താനാവില്ല.

ആഗോള സുറിയാനി ഓര്‍ത്തേഡാക്‌സ് സഭയ്ക്കു മധ്യപൂര്‍വദേശത്തും യൂറോപ്പിലും അമേരിക്കയിലും ഇതര സഭകളുമായും മതങ്ങളുമായും അടുത്ത ബന്ധവും സഹകരണവുമുണ്ട്. എന്നാല്‍, കേരളത്തില്‍ മാത്രം അതുകാണുന്നില്ല. ഇവിടെ രക്തബന്ധമുള്ളവരും വിശ്വാസത്തിന്റെ കാര്യത്തില്‍ ഒന്നായിരിക്കുന്നവരും തമ്മില്‍ കലഹിക്കുകയാണ്.
സഭാ തര്‍ക്കത്തില്‍ ചിലര്‍ക്കു ചില താല്‍പര്യങ്ങളും അവര്‍ക്കതിനു ന്യായങ്ങളുമുണ്ടാകാമെന്നു ബാവ ചൂണ്ടിക്കാട്ടി. ഉറ്റവരുടെ സംസ്‌കാരത്തിനു സെമിത്തേരിയില്‍ സംഘര്‍ഷമുണ്ടാക്കേണ്ടി വരുന്ന അവസ്ഥ ഏറെ വേദനിപ്പിക്കുന്നു. അതിനൊരു മാറ്റമുണ്ടാകണമെന്നാണ് ആഗ്രഹം.ബാവ പറഞ്ഞു.

(കടപ്പാട് ;ജെബി പോള്‍ )

Scroll To Top