Sunday December 04, 2016
Latest Updates

കൊച്ചിയിലെ ഹൃദയം മാറ്റി വെയ് ക്കല്‍ ശസ്ത്രക്രീയ വിജയകരമായി,അഭിമാനകരം ഈ നേട്ടം 

കൊച്ചിയിലെ ഹൃദയം മാറ്റി വെയ് ക്കല്‍ ശസ്ത്രക്രീയ വിജയകരമായി,അഭിമാനകരം ഈ നേട്ടം 

കൊച്ചി : കേരളത്തില്‍ ഇതാദ്യമായി നടന്ന ഹൃദയംമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കൊച്ചിയിലെ ലിസി ആശുപത്രിയില്‍ വിജയകരമായി പൂര്‍ത്തിയാക്കി.സംസ്ഥാനത്ത് ആദ്യമായി എയര്‍ ആംബുലന്‍സ് ഉപയോഗപ്പെടുത്തിയുള്ള അവയവമാറ്റ ശസ്ത്രക്രിയയിലൂടെയാണ് കേരളം നവചരിതം കുറിച്ചത്.

രാത്രി രണ്ട് മണിയോടെയാണ് ശസ്ത്രക്രിയ അവസാനിച്ചത്. ശസ്ത്രക്രിയയ്ക്ക് വിധേയനായ മാത്യു അച്ചാടന്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ഇയാള്‍ക്ക് ബോധം തെളിഞ്ഞു. അടുത്ത 48 മണിക്കൂര്‍ നിര്‍ണായകമാണെന്ന് ഡോക്റ്റര്‍മാര്‍ അറിയിച്ചു. നീലകണ്ഠ ശര്‍മ എന്ന ആളുടെ ഹൃദയം അച്ചാടന്റെ ശരീരത്തില്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് മെഡിക്കല്‍ ബുള്ളറ്റിന്‍. എയര്‍ ആംബുലന്‍സ് സംവിധാനം ഉപയോഗിച്ച് കേരളത്തില്‍ നടത്തിയ ആദ്യ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്ര ക്രിയയായിരുന്നു ഇന്നലെ നടന്നത്.

ഇന്നലെ രാവിലെ മസ്തിഷ്‌ക മരണം സംഭവിച്ച തിരുവനന്തപുരം പാറശാല സ്വദേശി അഡ്വ.നീലകണ്ഠ ശര്‍മയുടെ ഹൃദയമാണ് തൃശൂര്‍ പരിയാരം സ്വദേശി ഓട്ടോ ഡ്രൈവര്‍ മാത്യു അച്ചാടനു(47) നല്‍കാനായി എത്തിച്ചത്.
പക്ഷാഘാതം വന്നതിനെതുടര്‍ന്ന് ജൂലൈ ആറു മുതല്‍ ശ്രീ ചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കല്‍ സയന്‍സസില്‍ ചികിത്സയിലായിരുന്നു നീലകണ്ഠ ശര്‍മ. ജീവന്‍ തുടിക്കുന്ന ഹൃദയം തിരുവനന്തപുരത്തു നിന്ന് കൊച്ചിയില്‍ എത്തിച്ചത് ഒരു മണിക്കൂര്‍ 17 മിനിറ്റു കൊണ്ടാണ്.

തിരുവനന്തപുരത്തു നിന്ന് പ്രത്യേകം തയാറാക്കിയ വാഹനത്തില്‍ വിമാനത്താവളത്തിലേക്കും അവിടെ നിന്ന് പ്രത്യേക ഡോര്‍ണിയര്‍ വിമാനത്തില്‍ നേവല്‍ ആസ്ഥാനത്തെ വിമാനത്താവളത്തിലേക്കും ഹൃദയം എത്തിച്ചു.

നാവിക സേനാ താവളത്തില്‍ നിന്ന് പ്രത്യേക ആംബുലന്‍സില്‍ വൈകിട്ട് 7.45ന് ലിസി ആശുപത്രിയില്‍ ഹൃദയം കൊണ്ടുവന്നു. നാവികസേനാ താവളത്തില്‍നിന്ന് ഏഴു മിനിറ്റുകൊണ്ടാണ് 10 കിലോമീറ്റര്‍ ദൂരം പിന്നിട്ട് നിശ്ചയിച്ച സമയത്തിനും മിനിറ്റുകള്‍ മുന്‍പ് ആംബുലന്‍സ് ആശുപത്രിയിലെത്തിയത്. തിരുവനന്തപുരത്ത് ശ്രീചിത്രയില്‍ നിന്ന് ആറു മിനിറ്റു കൊണ്ടാണ് ആംബുലന്‍സില്‍ ഹൃദയം വിമാനത്താവളത്തിലെത്തിച്ചതും.

ഡോക്റ്റര്‍ ജോസ് ചാക്കോ പെരിയപുറത്തിന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘമാണ് ഹൃദയവുമായി എയര്‍ ആംബുലന്‍സിലെത്തിയത്. നാവിക താവളത്തില്‍ ഹൃദയം എത്തിച്ചതോടെ പൊലീസ് തേവര മുതല്‍ കലൂര്‍ വരെയുള്ള ഭാഗത്തു ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി സൗകര്യമൊരുക്കി.

കൊച്ചി സിറ്റി പൊലീസിന്റെ എസ്‌കോര്‍ട്ടും ട്രാഫിക്ക് സംഘവും ഹൃദയവുമായി പോകുന്ന ആംബുലന്‍സിനെ മുന്നിലും പിന്നിലും അനുഗമിച്ചു. ശസ്ത്രക്രിയക്കുള്ള തയാറെടുപ്പുകള്‍ ഹൃദയം എത്തുന്നതിനു മുന്‍പേ ലിസി ആശുപത്രിയില്‍ പൂര്‍ത്തിയാക്കിയിരുന്നു. നാലു മണിക്കൂര്‍ നീളുന്ന ശസ്ത്രക്രിയ രാത്രി 7.50ഓടെ ആരംഭിച്ചു.

Scroll To Top