Saturday December 03, 2016
Latest Updates

അയര്‍ലണ്ടില്‍ കനത്ത മൂടല്‍ മഞ്ഞ് :കര വ്യോമ ഗതാഗതം തടസപ്പെട്ടു,ഞായറാഴ്ച്ച വരെ സ്ഥിതി തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം 

അയര്‍ലണ്ടില്‍ കനത്ത മൂടല്‍ മഞ്ഞ് :കര വ്യോമ ഗതാഗതം തടസപ്പെട്ടു,ഞായറാഴ്ച്ച വരെ സ്ഥിതി തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം 

ഡബ്ലിന്‍: ഇന്നലെ ആരംഭിച്ച കനത്ത മൂടല്‍മഞ്ഞ് അയര്‍ലണ്ടില്‍ വ്യോമഗതാഗതം തടസപ്പെടുത്തി. ഇന്നലെ വൈകുന്നേരം ഡബ്ലിന്‍ വിമാനത്താവളത്തില്‍ നിന്നുള്ള പല വിമാനങ്ങളും സര്‍വീസ് തടസപ്പെട്ടു. പല വിമാനങ്ങളും വഴി തിരിച്ച് വിടേണ്ടി വന്നു. വിമാനം യാത്ര ചെയ്യുന്നവര്‍ പുറപ്പെടുന്നതിനു മുന്‍പ് വിമാനം റദ്ദാക്കിയിട്ടുണ്ടോ, വഴി തിരിച്ച് വിടുന്നുണ്ടോ തുടങ്ങിയ വിവരങ്ങള്‍ അന്വേഷിച്ച് ഉറപ്പ് വരുത്തണമെന്ന് അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മഞ്ഞ് വീഴ്ചയെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതവും തടസപ്പെട്ടു. 

സിഗ്‌നല്‍ സംവിധാനത്തിലെ തകരാര് മൂലം നിരവധി ട്രെയിനുകള്‍ വൈകി. അര മണിക്കൂറിലധികം തടസപ്പെട്ട ട്രെയിന്‍ ഗതാഗതം പിന്നീട് പുനസ്ഥാപിച്ചു. ഇതിനിടെ ട്രെയിനില്‍ യാത്ര ചെയ്യാനിരുന്നവര്‍ക്ക് ട്രെയിന്‍ ടിക്കറ്റില്‍ തന്നെ ഡബ്ലിന്‍ ബസില്‍ യാത്ര അനുവദിച്ചു. മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് പല മേഖലയിലും ചെറിയ അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് റോഡ് വാച്ച് ഡോഗ് അറിയിച്ചു. 

ലെനിസ്റ്റര്‍, അല്‍സ്റ്റര്‍ തുടങ്ങിയ മേഖലകളിലെല്ലാം ശക്തമായ മൂടല്‍ മഞ്ഞ് വീഴ്ച റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ മേഖലകളില്‍ യാത്ര ചെയ്യുന്നവര്‍ ഫോഗ് ലാമ്പ് ഉപയോഗിക്കാനും വേഗത കുറയ്ക്കാനും റോഡ് വാച്ച് നിര്‍ദ്ദേശം നല്‍കി. ഗാര്‍ഡയും, റോഡ്‌വാച്ചും ട്രെയിന്‍, ബസ് സര്‍വീസുകളും ട്വിറ്ററിലൂടെ വിവരം നല്‍കുന്നുണ്ട്

അയര്‍ലണ്ടില്‍ കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് യെല്ലോ കാറ്റഗറി മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്. കാവന്‍, മോണാഗന്‍, ഡൊണെഗല്‍, ഡബ്ലിന്‍ എന്നിവടങ്ങളിലാകും ഏറ്റവും രൂക്ഷമായി മൂടല്‍ മഞ്ഞ് വീഴ്ച അനുഭവപ്പെടുകയെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും ഫോഗ് ലാമ്പ് ഉപയോഗിക്കണമെന്നും അധികൃതര്‍ നിര്‍ദ്ദേശം നല്‍കി. കാവന്‍, മോണാഗന്‍, ഡൊണെഗല്‍, ഡബ്ലിന്‍, കില്‍ഡെയര്‍, ലോങ്ങ് ഫോര്‍ഡ്, ലുത്ത്, ഒഫാലി, വെസ്റ്റ്മീത്ത്, മീത്ത് എന്നിവടങ്ങളിലെല്ലാം കനത്ത മൂടല്‍ മഞ്ഞ് അനുഭവപ്പെടുന്നുണ്ട്. 

മിഡ്‌ലാന്‍ഡ്‌സ്, സൌത്ത് മേഖലകളില യാത്ര ചെയ്യുന്നവര്‍ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് എഎ റോഡ് വാച്ച് അറിയിച്ചു. അതേസമയം രാജ്യത്തിന്റെ തെക്കും തെക്ക് കിഴക്കന്‍ മേഖലയിലും കനത്ത മഴ പ്രതീക്ഷിക്കാമെന്നും കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു. ശനിയാഴ്ചയും രാജ്യത്തിന്റെ പല മേഖലകളിലും മഴ പ്രതീക്ഷിക്കാം. എന്നാല്‍ സ്ഥിതിഗതികള്‍ രൂക്ഷമാകില്ലെന്നാണ് കാലാവസ്ഥാ കേന്ദ്രം നല്‍കുന്ന അറിയിപ്പ്. ശനിയാഴ്ചയോടെ താപനില 9 ഡിഗ്രിക്കും 12 ഡിഗ്രിക്കും ഇടയ്ക്ക് ഉയരും. ഞായറാഴ്ചയും കാലാവസ്ഥയ്ക്ക് മാറ്റമുണ്ടാകില്ല. മഴയും മഞ്ഞ് വീഴ്ചയും ഞായറാഴ്ചയും ഉണ്ടാകും.

Scroll To Top