Thursday July 27, 2017
Latest Updates

ചൂടില്‍ പൊരിഞ്ഞ് അയര്‍ലണ്ട്,താപനില 27 ഡിഗ്രിയിലേയ്ക്ക്, സൂര്യതാപമേറ്റ് മൂന്ന് കുട്ടികള്‍ ആശുപത്രിയില്‍

ചൂടില്‍ പൊരിഞ്ഞ് അയര്‍ലണ്ട്,താപനില 27 ഡിഗ്രിയിലേയ്ക്ക്, സൂര്യതാപമേറ്റ് മൂന്ന് കുട്ടികള്‍ ആശുപത്രിയില്‍

ഡബ്ലിന്‍ : കനത്ത ഉഷ്ണത്തെ തുടര്‍ന്ന് ഡബ്ലിനില്‍ സൂര്യാഘാതമേറ്റ് മൂന്നു കുട്ടികള്‍ ആശുപത്രിയില്‍.അയര്‍ലണ്ടിലെ ഏറ്റവും ചൂടേറിയ ദിനങ്ങളാണ് വാരാന്ത്യത്തില്‍ ഉണ്ടായത്.താപനില 27ഡിഗ്രിവരെ എത്തിയിരുന്നു.ഇന്നും നാളെയും താപനില ഇപ്പോഴത്തെ അവസ്ഥയില്‍ തുടരുമെങ്കിലും പിന്നീട് വെള്ളിയാഴ്ചയോടെ 15 മുതല്‍ 18 ഡിഗ്രി സെല്‍ഷ്യസിലേയ്ക്ക് താപനില മടങ്ങുമെന്നു കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

അഞ്ച് വയസ്സില്‍ താഴെ പ്രായമുള്ള ഒരു ബാലനെയാണ് ടെമ്പിള്‍ സ്ട്രീറ്റിലെ എമര്‍ജന്‍സി വിഭാഗത്തില്‍ എത്തിച്ചത്.കഴിഞ്ഞ വര്‍ഷം ഇതിലേറെ കുട്ടികളെ സൂര്യതാപമേറ്റ് ഇവിടെ കൊണ്ടുവന്നിരുന്നു. ക്രംലിനിലെ ഔര്‍ ലേഡി ഹോസ്പിറ്റലിലാണ് മറ്റു രണ്ടു കുട്ടികളെ സൂര്യതാപമേറ്റതിനെ തുടര്‍ന്ന് പ്രവേശിപ്പിച്ചത്.

രാത്രി താപനില ഉയര്‍ന്നതിനെ തുടര്‍ന്ന് ഉറക്കത്തെ പോലും ബാധിച്ചു.എ സി യോ,ഫാനോ അയര്‍ലണ്ടിലെ വീടുകളില്‍ പതിവില്ലാത്തതിനാല്‍ അന്തരീക്ഷ താപം സഹിക്കാതെ വയ്യെന്നായി പലര്‍ക്കും.

ബീച്ചുകളിലും പാര്‍ക്കുകളിലും വന്‍ തിരക്കാണ്.അവധി സംഘടിപ്പിച്ച് ‘വിനോദയാത്രകള്‍ക്ക് ഇറങ്ങുന്നവരുടെ എണ്ണവും വര്‍ധിച്ചു.
ടിപ്പററി കൗണ്ടിയിലെ കാരിക്ക് ഓ ഷൂറില്‍ വേള്‍പൂള്‍ നദിയില്‍ കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ യുവാവ് വെള്ളത്തില്‍ വെച്ച് അസ്വസ്ഥതയുണ്ടായതിനെ തുടര്‍ന്ന് മരിച്ചു.വെള്ളത്തില്‍ നിന്നും കരയ്ക്കെത്തിക്കാന്‍ കൂട്ടുകാര്‍ ശ്രമിച്ചെങ്കിലും നടന്നില്ലെന്ന് പറയപ്പെടുന്നു.വാട്ടര്‍ഫോര്‍ഡില്‍ നിന്നും റെസ്‌ക്യൂ ഹെലികോപ്റ്റര്‍ സംഘം സ്ഥലത്തെത്തിയപ്പോഴേയ്ക്കും യുവാവ് മരിച്ചിരുന്നു.

അഗ്‌നിശമനസേനയ്ക്കും തലവേദനയായി ജനങ്ങളുടെ സൂര്യാനുരാഗം.ചൂട് പരിധി വിട്ടുയര്‍ന്നതോടെ എവിടെ വെള്ളം കണ്ടാലും അവിടെ ചാടുന്ന രീതിയിലേക്ക് ആളുകള്‍ മാറി.ബീച്ചുകളില്‍ മാത്രമല്ല തടാകങ്ങളിലും കെട്ടിക്കിടക്കുന്ന വെള്ളത്തിലുമെല്ലാം ആളുകള്‍ ഊളിയിട്ടു. ഇതിന്റെയെല്ലാം പിന്നാലെ മുന്നറിയിപ്പുമായി ഡബ്ലിന്‍ ഫയര്‍ ബ്രിഗേഡും പായേണ്ടി വന്നു.സുരക്ഷിതമല്ലാത്ത ഇടങ്ങളില്‍ കുളിക്കുന്നതൊഴിവാക്കണമെന്ന് ബ്രിഗേഡ് മുന്നറിയിപ്പ് നല്‍കി.ചൂട് 25ഡിഗ്രിയില്‍ അധികം എത്തിനില്‍ക്കുമ്പോള്‍ കുളിക്കരുതെന്നും അവര്‍ പറഞ്ഞു.കനാലുകളിലും കെട്ടിക്കിടക്കുന്ന വെള്ളത്തിലും അപകടം ഒളിഞ്ഞിരിക്കുന്നുണ്ട്.മദ്യപിച്ച് ഒരിക്കലും വെള്ളത്തില്‍ ചാടരുതെന്നും കെട്ടുവള്ളത്തില്‍ യാത്രചെയ്യരുതെന്നും അവര്‍ ഉപദേശിക്കുന്നു.hu12

കുട്ടികളേയും കുഞ്ഞുങ്ങളേയും പ്രത്യേകം ശ്രദ്ധിക്കണമെന്ന് എച്എസ്ഇ അറിയിച്ചു. ആറുമാസം പ്രായമുള്ള കുഞ്ഞുങ്ങളെ തണലില്‍ സൂക്ഷിക്കുക,സണ്‍ സ്മാര്‍ട് കോഡ് ഉപയോഗിക്കുക,തൊപ്പിയും സൺഗ്ളാസും ഉപയോഗിക്കുക ,11നും മൂന്നിനും ഇടയില്‍ തണലിലിരിക്കാന്‍ ശ്രദ്ധിക്കുക തുടങ്ങിയ മുന്നറിയിപ്പുകളും എച്എസ്ഇ നല്‍കുന്നു

 

 

 

 

Scroll To Top